ദുബായ്- ഹസ്സ അല്‍മന്‍സൂരിക്ക് ശേഷം രാജ്യത്തിന്റെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരിയാകാന്‍ താല്‍പര്യം പ്രകടിപ്പിച്ച 4300 അപേക്ഷകരില്‍ 1400 പേര്‍ വനിതകള്‍. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. എമിറേറ്റ്‌സ് ആസ്‌ട്രൊണറ്റ് പ്രോഗ്രാമിന്റെ ഭാഗമായി അപേക്ഷ നല്‍കിയ യു.എ.ഇ പൗരന്മാരില്‍ 130 പി.എച്ച്.ഡി ബിരുദധാരികളാണെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.
കഴിഞ്ഞ സെപ്റ്റംബറിലാണ് ഹസ അല്‍മന്‍സൂരി എട്ട് ദിവസം ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ ചെലവഴിച്ച് ഉദ്യമം പൂര്‍ത്തിയാക്കി യു.എ.ഇയുടെ പ്രഥമ ബഹിരാകാശ യാത്രികനായി മാറി ചരിത്രം സൃഷ്ടിച്ചത്. രാജ്യത്തെ രണ്ടാമത്തെ ബാച്ച് ബഹിരാകാശ യാത്രികര്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കല്‍ ഡിസംബര്‍ മാസമാണ് ആരംഭിച്ചത്. മാര്‍ച്ച് 31 വരെയായിരുന്നു കാലാവധിയെങ്കിലും അത് മെയ് ഒന്ന് വരെ ദീര്‍ഘിപ്പിക്കുകയായിരുന്നു.






