ന്യൂദല്‍ഹി-ഘട്ടം ഘട്ടമായി ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചു. ആദ്യ ഘട്ടത്തില്‍ പ്രത്യേക ട്രെയിനുകളായി ചൊവ്വാഴ്ച പ്രധാന കേന്ദ്രങ്ങളിലേക്ക് സര്‍വീസ് തുടങ്ങും. ദല്‍ഹി, മുംബൈ, തിരുവനന്തപുരം, ചെന്നൈ, ബംഗളുരു ഉള്‍പ്പടെ 15 നഗരങ്ങളുമായി ബന്ധപ്പെടുത്തുന്ന സര്‍വീസുകളാണ് ചൊവ്വാഴ്ച തുടങ്ങുന്നത്.
ഓണ്‍ലൈന്‍ വഴി തിങ്കള്‍ വൈകിട്ട് നാല് മണി മുതല്‍ ബുക്കിംഗ് തുടങ്ങും. ഓണ്‍ലൈന്‍ വഴി മാത്രമേ ടിക്കറ്റ് ലഭിക്കുകയുള്ളൂവെന്ന് റെയില്‍വേ അറിയിച്ചു. സ്‌റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കില്ല.
അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കായി ശ്രമിക് തീവണ്ടികള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ ആദ്യമായാണ് ഇന്ത്യന്‍ റെയില്‍വേ കൂടുതല്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തുന്നത്. https://www.irctc.co.in/ എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താം. 15 ട്രെയിനുകളാണ് ആദ്യഘട്ടത്തില്‍ ഉണ്ടാകുക. ദിബ്രുഗഢ്, അഗര്‍ത്തല, ഹൗറ, പട്‌ന, ബിലാസ്പൂ!ര്‍, റാഞ്ചി, ഭുബനേശ്വര്‍, സെക്കന്തരാബാദ്, ബെംഗളുരു, ചെന്നൈ, തിരുവനന്തപുരം, മഡ്ഗാവ്, മുംബൈ സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മുതാവി എന്നീ സ്‌റ്റേഷനുകളെ ബന്ധിപ്പിക്കുന്നതാകും ട്രെയിന്‍ സര്‍വീസുകള്‍.






