മലപ്പുറം- ആശങ്കയോടെയാണെങ്കിലും നാട്ടിലെത്തി. പക്ഷെ, വീട്ടിലെത്തിയില്ലെന്ന് മാത്രം. കോവിഡ് കെയര്‍ സെന്ററിലെ മുറിയുടെ ജനാലയിലൂടെ നാടിന്റെ പച്ചപ്പ് കാണാം. സമയമെത്തുമ്പോള്‍ മുറിക്ക് പുറത്ത് ഭക്ഷണമെത്തും. വീട്ടുകാരുമായി ഫോണില്‍ സംസാരിക്കാം. സോഷ്യല്‍മീഡിയ വഴി നാട്ടിലെ ചലനങ്ങളറിയാം.
കോവിഡ് കാലത്ത് ഗള്ഫില്നിന്നെത്തിയവര്ക്ക് കോവിഡ് കെയര്‍ സെന്ററുകളിലെ ജീവിതം ശാന്തത നിറഞ്ഞതാണ്. ജീവിതത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത അനുഭവം. അവധിയില്‍ നാട്ടിലെത്തിയിരുന്നതിന്റെ ആഘോഷങ്ങളില്ല. ഭാര്യയെയും മക്കളെയും ബന്ധുക്കളെയും കാണാന്‍ ഇനിയും ദിവസങ്ങള്‍ കാത്തിരിക്കണം.
കെയര്‍ സെന്ററുകളിലെ ജീവിതം എല്ലാ ദിവസവും ഒരു പോലെയാണ്. രാവിലെ എണീറ്റ് പല്ലു തേച്ചാല്‍, ആവശ്യമുള്ളവര്‍ക്ക് മുറിയുടെ പുറത്ത് ചായയെത്തിയിരിക്കും. ഡോര്‍ തുറന്ന് വരാന്തയിലുള്ള മേശപ്പുറത്തെ ചായയെടുത്ത് മുറിയില്‍ തന്നെ കയറണം. പിന്നെ പ്രാഥമിക കൃത്യങ്ങളും കുളിയുമൊക്കെ കഴിഞ്ഞാലും ചെയ്യാന്‍ ജോലികളൊന്നുമില്ല. പ്രാര്‍ഥനകളില്‍ മുഴുകിയും ഫോണെടുത്ത് വീട്ടുകാരുമായി സംസാരിച്ചും സമയം തള്ളിനീക്കും. ഉച്ചയാകുമ്പോള്‍ ഡോറില്‍ മുട്ടു കേള്‍ക്കും. ഉച്ചഭക്ഷണം ആവശ്യമുള്ളവര്‍ക്ക് അത് റെഡി.
വൈകുന്നേരത്ത് ചായയും കടിയുമെത്തും. നോമ്പുകാര്‍ക്ക് മഗ്രിബ് ബാങ്ക് കൊടുത്താല്‍ ഭക്ഷണമെത്തും. വരാന്തയില്‍ ഭക്ഷണം കൊണ്ടു വന്ന് വെക്കുന്നയാളെ കാണാറില്ല. ഡോറില്‍ മുട്ടിയ ശേഷം അവര്‍ പോകും. അത്താഴത്തിന് സമയമാകുമ്പോള്‍ അതിനുള്ള ഭക്ഷണവുമെത്തും. എല്ലാവരും സിംഗിള്‍ റൂമുകളിലാണ് കഴിയുന്നത്. മുറിയില്‍നിന്ന് പുറത്തിറങ്ങി നടക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. അടുത്ത മുറിയിലുള്ള ആളെപോലും കാണാന്‍ കഴിഞ്ഞെന്നു വരില്ല.
നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും വിശ്രമവും കൃത്യമായി ലഭിക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പാക്കുന്നുണ്ട്. പുതിയ ബി.എസ്.എന്‍.എല്‍ സിം എയര്‍പോര്‍ട്ടില്‍ തന്നെ നല്‍കിയിരുന്നു. വാങ്ങാന്‍ വിട്ടു പോയവര്‍ക്ക് കെയര്‍ സെന്ററുകളില്‍ എത്തിയതിന്റെ പിറ്റേന്ന് സിമ്മുകള്‍ നല്കി. ഒപ്പം ദിവസേന ഒരു ജി.ബി ഇന്റര്‍നെറ്റ് ഡാറ്റയും സൗജന്യമായി അനുവദിച്ചിട്ടുണ്ട്. സിമ്മുകള്‍ ആക്ടിവേഷന് ആയി കഴിഞ്ഞു.
നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ചുമതയുള്ളവരുടെ ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടാല്‍ മതി. അത്യാവശ്യ സാധനങ്ങള്‍ അവര്‍ എത്തിച്ചു നല്‍കും. മരുന്ന് ആവശ്യമുള്ളവര്‍ക്ക് കുറിപ്പടി വാട്സാപ്പില്‍ നല്കിയാല് അതും ലഭിക്കും.
മലപ്പുറം ജില്ലയില്‍ കോവിഡ് കെയര്‍സെന്റര്‍ പ്രവര്‍ത്തിക്കുന്ന കാളികാവിലെ സഫ ആശുപത്രി കനത്ത സുരക്ഷയിലാണുള്ളത്. കെട്ടിടത്തിന് നൂറു മീറ്റര്‍ അകലെ പോലീസുകാരുടെ കാവലുണ്ട്. ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, നിയോഗിക്കപ്പെട്ട വളണ്ടിയര്‍മാര്‍ എന്നിവര്‍ക്ക് മാത്രമാണ് പ്രവേശനം. നിരീക്ഷണത്തിലുള്ളവരുടെ ബന്ധുക്കള്‍ക്ക് അനുമതിയില്ല. കെട്ടിടത്തിനകത്ത് ആറ് പോലീസുകാര്‍, രണ്ട് ട്രോമ കെയര്‍ പ്രവര്‍ത്തകര്‍, രണ്ട് സന്നദ്ധ സേവകര്‍ തുടങ്ങിയവര്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്താനായുണ്ട്. ദിവസേന രണ്ടോ മൂന്നോ സമയങ്ങളില്‍ ഡോക്ടര്‍മാര്‍ എത്തും. നിരീക്ഷണത്തില്‍ കഴിയുന്നവരോട് എന്തെങ്കിലും ശാരീരിക അസ്വസ്ഥതകളുണ്ടെങ്കില് ഫോണില്‍ വിളിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 24 മണിക്കൂറും ഫോണില്‍ അധികൃതരെ ബന്ധപ്പെടാം.
വെജിറ്റേറിയനും നോണ്‍വെജും ചേര്‍ന്നതാണ് കെയര്‍ സെന്ററുകളിലെ ഭക്ഷണം. രാവിലെ പുട്ട്, വെള്ളപ്പം, വെജിറ്റബിള്‍ കറികള്‍, ഉച്ചക്ക് ചോറും പച്ചക്കറിയും പയറുവര്‍ഗങ്ങളും വൈകീട്ട് ചായക്കൊപ്പം പഴം, മറ്റു കടികള്‍, നോമ്പു തുറക്ക് പത്തിരിയും ഇറച്ചിക്കറിയും തുടങ്ങിയവയാണ് നല്‍കുന്നത്. നെയ്ച്ചോറും ഇറച്ചിയും മെനുവിലുണ്ട്. ഭക്ഷണം ഇതേ കെട്ടിടത്തില്‍ തന്നെയാണ് പാകം ചെയ്യുന്നത്.
കാളികാവിലെ കോവിഡ് സെന്ററില്‍ 52 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 80 പേര്‍ക്കുള്ള മുറികളാണ് ഇവിടെയുള്ളത്. അടുത്ത ദിവസങ്ങളില്‍ ഗള്‍ഫില്‍നിന്ന് എത്തുന്നവരെയും ഇവിടെ പാര്‍പ്പിക്കും.
രോഗബാധയോ ലക്ഷണങ്ങളോ ഇല്ലെങ്കിലും ഇവര്‍ക്ക് കുറഞ്ഞത് ഏഴ് ദിവസം ഇവിടെ കഴിയേണ്ടി വരും. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് ഏഴ് ദിവസത്തിന് ശേഷം വീട്ടിലെത്തി നിരീക്ഷണത്തില്‍ തുടരാം. നിരീക്ഷണത്തില്‍ കഴിയുന്ന ആര്‍ക്കെങ്കിലും രോഗബാധ സ്ഥീരീകരിച്ചാല്‍ എല്ലാവരുടെയും നീരീക്ഷണ കാലാവധി നീളാനും ഇടവരും.






