യുഎഇ വിസാ ചട്ടങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് ഇളവ്

ന്യൂഡല്‍ഹി- ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) വിസാ ചട്ടങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചു. ബ്രിട്ടനിലും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും കഴിയുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ അനുവദിച്ചതായി ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹമദ് അല്‍ബന്ന അറിയിച്ചു. യുഎഇ മന്ത്രിസഭയുടെ തീരുമാനപ്രകാരമാണിത്. 

യുഎഇ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാന്റെ ഇന്ത്യാ സന്ദര്‍ശനത്തിനു ശേഷം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ ഊഷ്മളമായിക്കൊണ്ടിരിക്കുകയാണെന്നും അതിന്റെ ഭാഗമാണ് വിസാ ചട്ടങ്ങളിലെ ഇളവുകളെന്നും അല്‍ബന്ന പറഞ്ഞു. നയതന്ത്ര, പ്രത്യേക, ഔദ്യോഗിക പാസ്‌പോര്‍ട്ടുകള്‍ ഉള്ളവര്‍ക്ക് വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നതിന് നേരത്തെ ഇരു രാജ്യങ്ങളും കരാറിലൊപ്പിട്ടിരുന്നു. ഇരു രാജ്യങ്ങളുടേയും നയതന്ത്ര പ്രതിനിധികള്‍ക്കും പ്രത്യേക പാസ്‌പോര്‍ട്ടുള്ളവര്‍ക്കും ഈ അനുകൂല്യം ലഭിക്കും. 

അമേരിക്കന്‍ വിസയോ ഗ്രീന്‍ കാര്‍ഡോ ഉള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുഎഇ വിസ ഓണ്‍ അറൈവല്‍ സൗകര്യം നേരത്തെ അനുവദിച്ചിട്ടുണ്ട്. വരും നാളുകളില്‍ സമാനമായ കൂടുതല്‍ ഇളവുകളും രാഷ്ട്രീയ, സാമ്പത്തിക, വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കൂടതല്‍ നടപടികളും ഉണ്ടാകുമെന്നും യുഎഇ സ്ഥാനപതി വ്യക്തമാക്കി. 

Latest News