തിരുവനന്തപുരം- ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ മലയാളികൾ സംസ്ഥാനത്തേക്ക് വരുമ്പോൾ ഇവിടുത്തെ പാസ് നിർബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാസ് ഇല്ലാത്ത ആരെയും കടത്തിവിടില്ല. അവർക്ക് മടങ്ങിപ്പോകേണ്ടിവരുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
പാസ് കിട്ടിയാൽ മാത്രമേ അവർ കഴിയുന്ന സംസ്ഥാനത്തുനിന്ന് പുറപ്പെടാൻ പാടുള്ളൂ. ഇതുവരെ 21,812 പേർ അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തിയിട്ടുണ്ട്. 54,262 പേർക്കാണ് ഇതുവരെ പാസ് നൽകിയിട്ടുള്ളത്. പാസ് ഇല്ലാതെ പലരും എത്താൻ ശ്രമിക്കുന്നുണ്ട്. അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ എത്തി ഇങ്ങോട്ട് കടക്കാനാവാതെ വിഷമിക്കുന്നുമുണ്ട്. താൽക്കാലികമായി അത്തരം ചില പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടുണ്ടെങ്കിലും അത് തുടരാനാവില്ല. ഔദ്യോഗിക സംവിധാനങ്ങളിലൂടെ ലഭിക്കുന്ന പാസുമായി വരുന്നവർക്കു മാത്രമേ അതിർത്തി കടക്കാൻ കഴിയൂ. അതല്ലെങ്കിൽ രോഗവ്യാപനം തടയാൻ സമൂഹമാകെ ചെയ്യുന്ന ത്യാഗം നിഷ്ഫലമാകും.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ വരുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. മുൻഗണനാ പട്ടികയിൽപ്പെട്ടവരും സ്വന്തം വാഹനത്തിൽ വരാൻ പറ്റുന്നവരുമാണ് ആദ്യം. അവരാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. വിദൂര സ്ഥലങ്ങളിൽ അകപ്പെട്ടുകിടക്കുന്നവരെ ട്രെയിൻ മാർഗം കൊണ്ടുവരുന്നതിനുള്ള പരിശ്രമം തുടരുകയാണ്. ആദ്യ ട്രെയിൽ ദൽഹിയിൽനിന്ന് പുറപ്പെടാനാകുമെന്ന് പ്രതീക്ഷിക്കുന്നു. തീയതി ഉടനെ അറിയാൻ കഴിയും. വിദ്യാർഥികൾക്കാണ് ഇതിൽ മുൻഗണന ലഭിക്കുക. മുംബൈ, ബംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽനിന്നും പ്രത്യേക ട്രെയിനുകൾ ആലോചിച്ചിട്ടുണ്ട്. മറ്റു മാർഗമില്ലാതെ പെട്ടുപോകുന്നവരെ ഇവിടെ നിന്ന് വാഹനം അയച്ച് തിരിച്ചെത്തിക്കൽ എങ്ങനെയെന്നത് ആലോചിച്ച് അതിനുതകുന്ന നടപടിയും പിന്നീട് സ്വീകരിക്കും. എല്ലാവരെയും ഇങ്ങോട്ടു കൊണ്ടുവരിക എന്നതാണ് സമീപനം.
ഇങ്ങനെ ക്രമം നിശ്ചയിക്കുന്നത് വരുന്ന ഓരോരുത്തർക്കും കൃത്യമായ പരിശോധനകളും പരിചരണവും നിരീക്ഷണവും ഉറപ്പാക്കാനാണ്. അതിലൂടെ മാത്രമേ രോഗം പരിധിവിട്ട് വ്യാപിക്കുന്നത് നമുക്ക് തടയാൻ കഴിയൂ.
അതിർത്തിയിൽ ഉണ്ടാകുന്ന തിരക്കും ആരോഗ്യവിവരങ്ങൾ മറച്ചുവെച്ചും അനധികൃത മാർഗങ്ങളിലൂടെയുമുള്ള വരവും ശക്തമായി തടഞ്ഞില്ലെങ്കിൽ നാം ആപത്തിലേക്ക് നീങ്ങും. ഒരാൾ അതിർത്തി കടന്നുവരുമ്പോൾ എവിടെനിന്നു വരുന്നു, എങ്ങോട്ടു പോകുന്നു, എത്തിച്ചേരുന്ന സ്ഥലത്ത് എന്തൊക്കെ സംവിധാനങ്ങൾ -എന്നിങ്ങനെയുള്ള കൃത്യമായ ധാരണ സർക്കാരിന് വേണം. എല്ലാ സൗകര്യങ്ങളും ഉറപ്പാവുകയും വേണം. അതിനിടയ്ക്ക് ഇതൊന്നുമില്ലാതെ എല്ലാവർക്കും ഒരേസമയം കടന്നുവരണം എന്ന ആവശ്യം അംഗീകരിക്കാനാവില്ല. ആളുകൾക്ക് പ്രയാസങ്ങളുണ്ട്. അത് സർക്കാർ മനസ്സിലാക്കുന്നുമുണ്ട്. ആ പ്രയാസങ്ങളെ മുതലെടുത്ത് വ്യാജ പ്രചാരണം പാടില്ല. പുറത്തുനിന്ന് എത്തുന്നവർ എത്തേണ്ടിടത്തു തന്നെ എത്തണം.
അത് പോലീസ് ഉറപ്പു വരുത്തുന്നുണ്ട്. അങ്ങനെയല്ലെങ്കിൽ അത് ചട്ടലംഘനമായി മാറും. അക്കാര്യത്തിൽ കർശനമായ നടപടികൾ സ്വീകരിക്കും. സംസ്ഥാനത്തേക്ക് കടക്കുന്നതിനുള്ള പാസ് വിതരണം നിർത്തിവെച്ചിട്ടില്ല. രജിസ്റ്റർ ചെയ്യുന്നവർക്ക് സമയം നിശ്ചയിച്ചു കൊടുക്കുന്നുണ്ട്. അതിർത്തിയിലെ നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കുന്ന കാര്യം സർക്കാർ ആലോചിക്കുന്നുണ്ട്. ക്രമീകരണങ്ങളുമായി എല്ലാവരും സഹകരിക്കണം. എല്ലാവർക്കും ഒരേ സമയം നാട്ടിലെത്തണമെന്ന് ആഗ്രഹമുണ്ടാകും. എന്നാൽ അതിന് ഇപ്പോൾ കഴിയില്ല. അത് ക്രമപ്പെടുത്തുന്നതിനാണ് പാസ് നൽകിയത്. പാസ് നൽകിയതു പ്രകാരം എല്ലാവരും എത്തണം. അല്ലെങ്കിൽ നിലവിലുള്ള ക്രമീകരണങ്ങളുടെ താളം തെറ്റിപ്പോകും.
തിരുവനന്തപുരത്തെ ഇഞ്ചിവിള, കൊല്ലത്തെ ആര്യങ്കാവ്, പാലക്കാട്ടെ വാളയാർ, വയനാട്ടിലെ മുത്തങ്ങ, കാസർകോട്ടെ തലപ്പാടി എന്നീ ചെക്ക് പോസ്റ്റുകളിലൂടെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നു വരുന്നവരെ കേരളത്തിനകത്തേക്ക് പ്രവേശിപ്പിക്കുന്നത്. ഓരോ ചെക്ക്‌പോസ്റ്റിലൂടെയും സാധ്യമാകുന്ന ആളുകൾക്കാണ് പാസ് അനുവദിക്കുന്നത്.
സംസ്ഥാനത്തേക്ക് കടക്കാൻ പാസില്ലാതെ ധാരാളം പേർ ചെക്ക്‌പോസ്റ്റുകളിൽ എത്തിയിട്ടുണ്ട്. പാസില്ലാത്തവരെ അതിർത്തിയിൽ നിന്നു തന്നെ മടക്കി അയക്കുകയാണ് ചെയ്യുന്നത്. ചിലർ കാലാവധി കഴിഞ്ഞ പാസ് കൊണ്ടുവരുന്നുണ്ട്. മറ്റു ചിലർ പാസിൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതിക്ക് മുമ്പേ എത്തിയവരാണ്. വാഹനം കിട്ടാനുളള ബുദ്ധിമുട്ട് മുതലായ കാരണങ്ങളാൽ വൈകിയവരാണെങ്കിൽ തീയതിയിൽ ഒന്നോ രണ്ടോ ദിവസത്തെ വ്യത്യാസം വകവയ്ക്കാതെ ഇളവ് അനുവദിച്ച് കൊടുക്കുന്നുണ്ട്. അതിർത്തി കടന്ന് എത്തുന്നവരുടെ പരിശോധനകൾ എത്രയും വേഗം പൂർത്തിയാക്കി പ്രവേശനാനുമതി നൽകാൻ തിരുവനന്തപുരം റൂറൽ, കൊല്ലം റൂറൽ, പാലക്കാട്, വയനാട്, കാസർകോട് എസ്.പിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി ജനമൈത്രി പോലീസിന്റെ സേവനവും വിനിയോഗിക്കുന്നുണ്ട്.
തിരക്ക് നിയന്ത്രിക്കുന്നതിന് അഞ്ച് ചെക്ക് പോസ്റ്റുകളിലും കൂടുതൽ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കകത്തെ പ്രവാസി കേരളീയരുടെ സൗകര്യത്തിനായി നാല് ഹെൽപ് ഡെസ്‌ക്കുകൾ തുടങ്ങും. ദൽഹി കേരള ഹൗസ്, മുംബൈ കേരള ഹൗസ്, ബംഗളൂരു, ചെന്നൈ നോർക്ക ഓഫീസുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഹെൽപ് ഡെസ്‌ക്ക് പ്രവർത്തിക്കുക. ഈ നാല് കേന്ദ്രങ്ങളിലും അതത് സംസ്ഥാനങ്ങളിലുള്ള പ്രവാസി കേരളീയർക്കായി കോൾ സെന്ററുകളും ആരംഭിക്കും.