ദുബായ്- കോവിഡ് ചികിത്സക്കായി കേരളത്തില്‍നിന്നുള്ള നഴ്‌സുമാരെ ദുബായ് സര്‍ക്കാര്‍ ക്ഷണിച്ചു വരുത്തിയത് കേരളത്തിന്റെ ആതുരസേവന മേഖലക്കും, നഴ്‌സുമാര്‍ക്കും അംഗീകാരമാണെന്നു ഡി.എം ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ ദുബായ് ആരോഗ്യവിഭാഗത്തിന്റെ ക്ഷണം സ്വീകരിച്ച് ആസ്റ്റര്‍ മിംസിലെ നഴ്‌സിംഗ് ജീവനക്കാര്‍ ദുബായിലേക്ക് യാത്ര തിരിച്ചു. കോഴിക്കോട് ആസ്റ്റര്‍ മിംസിലെ 10 നഴ്‌സുമാരും കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ഒരാളുമുള്‍പ്പെടെ 88 പേരാണ് ഇന്ത്യയിലെ വിവിധ ആസ്റ്റര്‍ ഹോസ്പിറ്റലുകളില്‍നിന്നായി നെടുമ്പാശ്ശേരി വിമാനത്താവളം വഴി ദുബായിലേക്ക് പോയത്. പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത ഫ്‌ളൈറ്റിലാണ് ദുബായ് സര്‍ക്കാര്‍, നഴ്‌സുമാരെ കൊണ്ടു പോയത്.
ദുബായ് ഉള്‍പ്പെടെയുള്ള കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും മികച്ച സേവനം നടത്തുന്നത് മലയാളി നഴ്‌സുമാരായതിനാലാണ് ദുബായ് ഹെല്‍ത്ത് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളിലെ ജീവനക്കാരുടെ സേവനം അഭ്യര്‍ഥിച്ചത്. ആറ് മാസത്തെ കാലാവധിയുള്ള പ്രത്യേക കരാറാണ് ജീവനക്കാര്‍ക്കായി നല്‍കിയിരിക്കുന്നത്.






