അബുദാബി - കൊറോണ വൈറസ് കോവിഡ്-19 ബാധിതരായ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് രോഗാവധി നല്‍കണമെന്നും ജോലിയില്‍നിന്ന് പിരിച്ചുവിടരുതെന്നും മാനവ വിഭവശേഷി, സദേശിവത്കരണ മന്ത്രാലയം സ്വകാര്യ മേഖലാ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. കൊറോണ സ്ഥിരീകരിച്ചതിനാല്‍ ജോലിക്ക് ഹാജരാകാന്‍ സാധിക്കാത്ത ജീവനക്കാര്‍ക്ക് അത്രയും ദിവസം ചികിത്സാവശ്യാര്‍ഥമുള്ള അവധി ദിനങ്ങളായി പരിഗണിക്കണം.
കോവിഡ് ബാധ അവധി നല്‍കാവുന്ന സാധാരണ അസുഖമാണെന്ന് 1980 ലെ ഫെഡറല്‍ നിയമം എട്ടാം നമ്പര്‍ അനുശാസിക്കുന്നതായി മന്ത്രാലയം സ്വകാര്യമേഖല വ്യവസായികളെ ഓര്‍മിപ്പിച്ചു.
ഫെഡറല്‍ നിയമമനുസരിച്ച്, ഒരു ജീവനക്കാരന്‍ രോഗബാധിതനാണെങ്കില്‍ സ്ത്രീ പുരുഷ ഭേദമന്യേ ഓരോ വര്‍ഷവും തുടര്‍ച്ചയായോ ഇടവിട്ടുകൊണ്ടോ 90 ദിവസത്തില്‍ കവിയാത്ത വിധം അവധിക്ക് അര്‍ഹതയുണ്ട്. മുഴുവന്‍ ശമ്പളത്തോടുകൂടി ആദ്യ 15 ദിവസം, പകുതി ശമ്പളത്തോടുകൂടി അടുത്ത 30 ദിവസം,
ശമ്പളമില്ലാതെ തുടര്‍ന്നുള്ള കാലയളവ് എന്നീ രീതിയിലാണ് രോഗികളായ ജീവനക്കാര്‍ക്ക് അവധി നല്‍കേണ്ടതെന്ന് ഫെഡറല്‍ നിയമം വിശദമാക്കുന്നുണ്ട്. സേവനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ രമ്യമായി പരിഹരിക്കാനാവാത്തപക്ഷം ജുഡീഷ്യറിയിലേക്ക് റഫര്‍ ചെയ്യുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.






