ശുഭവാര്‍ത്ത: കോവിഡിനെ അതിജീവിച്ച് കുഞ്ഞു ജാദും ഉമ്മയും

അബുദാബി- കോവിഡ്-19 സ്ഥിരീകരിച്ച നവജാത ശിശുവും അമ്മയും പൂര്‍ണമായും സുഖം പ്രാപിച്ചതായി അബുദാബി ആരോഗ്യവകുപ്പ് അറിയിച്ചു. ലോകമെമ്പാടും രണ്ടര ലക്ഷത്തിലേറെ ആളുകളുടെ ജീവനെടുത്ത് കൊറോണ ഭീതി പടര്‍ത്തുന്നതിനിടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏറെ പ്രതീക്ഷയേകുന്ന  കഥയാണ് കുഞ്ഞു ജാദിന്റെയും ഫലസ്തീന്‍ വംശജയായ വീട്ടമ്മ റനീന്‍ അബൂസാഹിറിന്റെയും രോഗവിമുക്തി. ജനിച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് കുഞ്ഞ് ജാദിനും അമ്മയ്ക്കും കോവിഡ്-19 സ്ഥിരീകരിച്ചത്. റനീന്റെ ഭര്‍ത്താവിന്റെയും രണ്ട് ആണ്‍മക്കളുടെയും പരിശോധനാഫലം നെഗറ്റീവായിരുന്നു.


ഈ ഫലം താന്‍ പ്രതീക്ഷിച്ചിതായിരുന്നില്ലെന്നും കുഞ്ഞിനെ കാണാനോ ഒന്നെടുത്ത് ഓമനിക്കാനോ കഴിയാത്തത് ഏറെ പ്രയാസമുണ്ടാക്കിയെന്നും റനീന്‍ അബുസാഹിര്‍ പറഞ്ഞു. കോര്‍ണിഷ് ഹോസ്പിറ്റലില്‍ റനീനെ ഐസൊലേഷനിലും കുഞ്ഞിനെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തിലെ ഐസൊലേഷനിലും പ്രവേശിപ്പിച്ചാണ് ചികിത്സ പൂര്‍ത്തിയാക്കിയത്.
ജനിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് കുഞ്ഞ് ജാദിന് കോവിഡ് നെഗറ്റീവാണെന്ന ഫലം വന്നത്. അതോടെയാണ് കുഞ്ഞിനെ എടുക്കാന്‍ റനീനെ അനുവദിച്ചത്. എങ്കിലും ജന്മനാല്‍ ഹൃദയസംബന്ധമായ അസുഖമുണ്ടെന്ന് കണ്ടെത്തിയതിനാല്‍ ജാദ് ആശുപത്രിയില്‍ തുടരുകയാണ്. അടുത്തിടെ യു.എ.ഇയില്‍ നിരവധി കൊച്ചു കുട്ടികള്‍ക്കിടയില്‍ കോവിഡ്-19  കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.

 

 

Latest News