Sorry, you need to enable JavaScript to visit this website.

പൂളിൽനിന്ന് തിയേറ്ററിലേക്ക്

ജെന്നി തോംസൺ ഒളിംപിക്‌സ് മെഡലുമായി
1996 ലെ ഒളിംപിക്‌സിനിടെ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റനൊപ്പം.

12 ഒളിംപിക് മെഡലുകളുടെ തിളക്കമുണ്ട് ജെന്നി തോംസണിന്. ഇപ്പോൾ കൊറോണ വൈറസിനെതിരെ പോരാടുന്ന മുന്നണിപ്പോരാളിയാണ് അവർ. സൗത്ത് കരൊലൈനയിലെ ചാൾസ്റ്റനിൽ വി.എ മെഡിക്കൽ സെന്ററിൽ അനസ്തീസിയോളജിസ്റ്റാണ് ജെന്നി. കുറച്ചുകാലമായി മെഡിക്കൽ ട്രയ്‌നിംഗിൽ മാത്രമായിരുന്നു ശ്രദ്ധ. പുതിയ കരിയർ തുടങ്ങുന്നതിന്റെയും കുടുംബം നോക്കുന്നതിന്റെയും തിരക്കിലായിരുന്നു. ഒളിംപിക്‌സ് മെഡലുകളുടെ ചരിത്രമൊക്കെ മറന്നിരുന്നു. പക്ഷെ ജനങ്ങൾ ഇപ്പോഴും അതെക്കുറിച്ച് ഓർമിപ്പിക്കുന്നു. അതൊരു സ്‌പെഷ്യൽ കരിയറാണെന്ന് ആവർത്തിക്കുന്നു.


ജെന്നി തോംസണിന് ഇപ്പോഴും വേഗമാണ് ഇഷ്ടം. അമേരിക്കയുടെ ഗ്രെയ്റ്റസ്റ്റ് ഒളിംപിക്‌സ് നീന്തൽ താരങ്ങളിലൊരാൾ ഇപ്പോഴും വേഗത്തിന്റെ പാതയിലാണ്. 
നീന്തൽക്കുളത്തിലല്ല, ഓപറേഷൻ തിയേറ്ററിലാണെന്നു മാത്രം. കൊറോണ വൈറസിനെതിരെ പോരാടുന്ന മുന്നണിപ്പോരാളിയാണ് അവർ. സൗത്ത് കരൊലൈനയിലെ ചാൾസ്റ്റനിൽ വി.എ മെഡിക്കൽ സെന്ററിൽ അനസ്തീസിയോളജിസ്റ്റാണ് ഇപ്പോൾ ജെന്നി. ഓപറേറ്റിംഗ് റൂമിലെ അതിവേഗം ആവേശമാണെന്ന് ജെന്നി പറയുന്നു. 
നാല് ഒളിംപിക്‌സുകളിലായി എട്ട് സ്വർണമുൾപ്പെടെ 12 മെഡലുകൾക്കുടമയാണ് ജെന്നി. 2004 ലെ ആതൻസ് ഒളിംപിക്‌സിനു ശേഷമാണ് വിരമിച്ചത്. അതിനു ശേഷം തന്റെ രണ്ടാമത്തെ ഇഷ്ടത്തിലേക്ക് അവർ തിരിഞ്ഞു, ആരോഗ്യസുരക്ഷാ രംഗം. മസാചുസെറ്റ്‌സുകാരി തെരഞ്ഞെടുത്തത് അനസ്തീസിയോളജിയാണ്. ഹ്രസ്വദൂരത്തിൽ സ്‌പെഷ്യലൈസ് ചെയ്യുന്ന തന്റെ വ്യക്തിത്വത്തോട് ചേരുന്നതാണ് ഇതെന്ന് ജെന്നിക്കു തോന്നി. സർജറിക്കിടയിൽ രോഗികളെ സഹായിക്കുന്ന ഈ ശാഖയോട് പ്രത്യേക അടുപ്പം തോന്നിയെന്ന് അവർ പറയുന്നു. സ്പ്രിന്ററെന്ന നിലയിൽ പെട്ടെന്ന് മാറ്റം കാണണം. അനസ്തീസിയോളജിയിൽ നിങ്ങൾക്ക് മരുന്നു നൽകുന്നയുടനെ ഫലം കാണുകയാണ് -അവർ വിശദീകരിച്ചു. 
ഏഴു വർഷത്തോളം മയ്‌നെയിൽ സ്വകാര്യ പ്രാക്ടീസ് ചെയ്ത ശേഷമാണ് 2018 ൽ ചാൾസ്റ്റനിലെത്തിയത്. ഭർത്താവും നാലും ഏഴും വയസ്സായ ആൺമക്കളും കൂടെയുണ്ട്.  
കൊറോണ അവരുടെ ജോലിക്ക് പുതിയ മാനം നൽകി. തുടക്കത്തിൽ സ്വന്തം സുരക്ഷയെക്കുറിച്ച് വലിയ ഭീതിയുണ്ടായിരുന്നുവെന്ന് നാൽപത്തേഴുകാരി പറഞ്ഞു. 'എന്നാൽ പി.പി.ഇ (വ്യക്തി സുരക്ഷാ ഉപകരണം) ലഭ്യമായതോടെ ഞാൻ റെഡിയായി'. 


സൗത്ത് കരൊലൈനയിൽ കൊറോണ താരതമ്യേന വ്യാപകമായിട്ടില്ല. ഏഴായിരത്തോളം കേസുകളും മുന്നൂറോളം മരണങ്ങളും. ചാൾസ്റ്റനിലെ വി.എ ഹോസ്പിറ്റലിൽ ഒരു ഗുരുതരമായ കേസ് മാത്രമേ കൈകാര്യം ചെയ്യേണ്ടി വന്നിട്ടുള്ളൂ എന്ന് ജെന്നി പറയുന്നു. എന്നാൽ ചെറിയ ലക്ഷണങ്ങളുള്ള നിരവധി പേർ എത്തി. വയോധികർ ഇപ്പോഴും ഭീഷണിയിലാണെന്ന് ജെന്നിക്കറിയാം. ഏതു സമയവും എണ്ണം ക്രമാതീതമായി വർധിച്ചേക്കാം. പ്രത്യേകിച്ചും സൗത്ത് കരൊലൈന ലോക്ഡൗൺ അവസാനിപ്പിക്കുമ്പോൾ. മുക്കാൽ ലക്ഷത്തോളം പേരാണ് അമേരിക്കയിൽ മരിച്ചത്. 
വീടുകളിൽ ജോലി ചെയ്യണമെന്ന നിബന്ധന തിങ്കളാഴ്ച സൗത്ത് കരൊലൈന ഗവർണർ ഹെൻറി മക്കാസ്റ്റർ ഇളവ് ചെയ്തു. എന്നാൽ കൊറോണക്കെതിരായ പോരാട്ടത്തിൽ അന്ത്യമായിട്ടില്ലെന്ന് ജെന്നി ഓർമിപ്പിക്കുന്നു. 'കൂടുതൽ രോഗികളെത്തും. അതിനായി തയാറായി നിൽക്കുകയാണ്'.
ലോക്ഡൗൺ കൊറോണ വ്യാപനം നിയന്ത്രിച്ചു നിർത്തിയെങ്കിലും അതുണ്ടാക്കിയ കനത്ത സാമ്പത്തിക പ്രതിസന്ധി അവഗണിക്കാനാവില്ലെന്ന് ജെന്നി പറയുന്നു. 'എങ്കിലും വരും ദിനങ്ങളിൽ രോഗികളുടെ എണ്ണം കുതിച്ചുയർന്നേക്കാം. പൊതുജനങ്ങൾ ജോലിയും ആരോഗ്യസുരക്ഷയും ഒരുപോലെ നോക്കണം. തൊഴിലില്ലായ്മ റെക്കോർഡ് നിലവാരത്തിലാണ്. എങ്കിലും എന്താണ് ചെയ്യുന്നതെന്നതിനെക്കുറിച്ച് ആളുകൾക്ക് ബോധം വേണം'.


ഇളവുകൾ അനുവദിച്ചതോടെ ആളുകൾ കൂട്ടമായി നിരത്തിലിറങ്ങി, ബീച്ചുകളിൽ സംഗമിച്ചു, ഫെയ്‌സ് മാസ്‌കും ആറടി അകലവും മറന്നു. നൈക്കിയുടെ പുതിയ എയർ ജോർദാൻ സ്‌നീക്കർ വാങ്ങാൻ പോലും തടിച്ചുകൂടി. 'സാമൂഹിക അകലം പാലിക്കുന്നതിനെ ഗൗരവമായി എടുക്കണം. ഫെയ്‌സ് മാസ്‌ക് അണിയണം. ആഘോഷങ്ങൾക്ക് സമയമായിട്ടില്ല. അടച്ചിരിക്കാനാവില്ലെന്നറിയാം. പക്ഷെ പുറത്തിറങ്ങുന്നത് ഉത്തരവാദിത്തത്തോടെ വേണം. ഏതെങ്കിലും ഒരു ദിനം നോക്കി നിന്ന് കൂട്ടത്തോടെ ഇറങ്ങാനാവില്ല. കണക്കുകൾ നോക്കി വേണം ഇളവുകൾ എടുക്കാൻ'.
ജെന്നിയുടെ 12 ഒളിംപിക് മെഡലുകളിൽ പത്തും റിലേകളിലാണ്. സഹനീന്തൽ താരങ്ങളായ ഡാര ടോറസ്, നതാലി കഫ്‌ലിൻ എന്നിവർക്കും 12 മെഡലുകളുണ്ട്. മൈക്കിൾ ഫെൽപ്‌സ് മാത്രമേ കൂടുതൽ മെഡലുകൾ നേടിയിട്ടുള്ളൂ. 'കുറച്ചുകാലമായി മെഡിക്കൽ ട്രയ്‌നിംഗിൽ മാത്രമായിരുന്നു ശ്രദ്ധ. പുതിയ കരിയർ തുടങ്ങുന്നതിന്റെയും കുടുംബം നോക്കുന്നതിന്റെയും തിരക്കിലായിരുന്നു. ഒളിംപിക്‌സ് മെഡലുകളുടെ ചരിത്രമൊക്കെ മറന്നിരുന്നു. പക്ഷെ ജനങ്ങൾ ഇപ്പോഴും അതെക്കുറിച്ച് ഓർമിപ്പിക്കുന്നു. അതൊരു സ്‌പെഷ്യൽ കരിയറാണെന്ന് ആവർത്തിക്കുന്നു. മെഡലുകൾ നേടാൻ സഹായിച്ച പ്രിയപ്പെട്ടവരോടെല്ലാം നന്ദിയുണ്ട്'.
നീന്തൽ കരിയറാണ് തനിക്ക് മനക്കരുത്തും പ്രതിബന്ധങ്ങളെ നേരിടാനുള്ള ധൈര്യവും പ്രദാനം ചെയ്തതെന്ന് ജെന്നി പറയുന്നു. 'മനക്കരുത്ത്  അടുപ്പക്കാരിലേക്ക് പകർന്നു നൽകാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ വെല്ലുവിളി നാം നേരിടുന്നതിൽ ഏറ്റവും വലുതാണ്. പക്ഷെ വെല്ലുവിളികളാണ് എനിക്ക് പ്രചോദനം'.

 

Latest News