Sorry, you need to enable JavaScript to visit this website.

വിയേറിയുടെ വെളിപ്പെടുത്തലുകൾ

വിയേറിയും റൊണാൾഡോയും ഇന്റർ മിലാനിൽ കളിക്കുന്ന സമയത്ത്.

കൊറോണക്കാലത്ത് മുൻ ഇന്റർ മിലാൻ താരം ക്രിസ്റ്റിയൻ വിയേറി ആരംഭിച്ച ഇൻസ്റ്റഗ്രാം ലൈവിലെ രസകരമായ വെളിപ്പെടുത്തലുകളാണ് ഇറ്റാലിയൻ ഫുട്‌ബോളിലെ ചർച്ചാ വിഷയം

റോബി കീനിന്റെ വീട്ടിലെ ഫ്രിഡ്ജിൽ ബിയർ കുപ്പികൾ മാത്രമേയുള്ളൂ, ഏതാണ്ട് മുന്നൂറോളം. ലൂയിജി ഡി ബിയാജിയോ ഒരിക്കൽ ട്രയ്‌നിംഗ് ക്യാമ്പിൽനിന്ന് രാത്രി രക്ഷപ്പെട്ടു. പരിശീലനത്തിനിടയിലെ ദീർഘദൂര ഓട്ടത്തിൽനിന്ന് രക്ഷപ്പെടാൻ അൽവാരൊ റെക്കോബ പലപ്പോഴും മരങ്ങൾക്കിടയിൽ ഒളിച്ചുനിൽക്കാറുണ്ടായിരുന്നു. കൊറോണക്കാലത്ത് മുൻ ഇറ്റാലിയൻ ഫുട്‌ബോളർ ക്രിസ്റ്റിയൻ വിയേറി ആരംഭിച്ച ഇൻസ്റ്റഗ്രാം ലൈവിലെ രസകരമായ വെളിപ്പെടുത്തലുകളിൽ ചിലതാണ് ഇത്. 


മിലാൻ നഗരത്തിലെ വിയേറിയുടെ വസതിയിൽ നിന്നുള്ള തമാശകളായിരുന്നു തുടക്കം. ഇന്റർ മിലാനിലെ പഴയ സഹതാരങ്ങളും ഇപ്പോൾ കമന്റേറ്റർമാരുമായ ഡാനിയേൽ അദാനി, നിക്കോള വെന്റോല എന്നിവരുമായുള്ള സംഭാഷണങ്ങൾക്ക് ക്രമേണ പ്രേക്ഷകരേറി. ഇപ്പോൾ രാത്രികളിൽ വിയേറി തന്റെ പഴയ കൂട്ടുകാരെ വിളിച്ച് അവരുടെ ഭൂതകാലം ചികഞ്ഞെടുക്കുകയാണ്. തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ഒപ്പം കളിച്ച പലരും ഇപ്പോൾ ഇറ്റലിയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും പലയിടങ്ങളിലായാണ് താമസം. റൊണാൾഡൊ, ഹെർനാൻ ക്രെസ്‌പൊ, യുവാൻ സെബാസ്റ്റ്യൻ വെറോൺ, ഫ്രാഞ്ചെസ്‌കൊ ടോട്ടി, പൗളൊ മാൽദീനി, ഫിലിപ്പൊ ഇൻസാഗി, അലസാന്ദ്രൊ നെസ്റ്റ, മാർക്കൊ മാറ്റെരാസി തുടങ്ങിയവരൊക്കെ ഗസ്റ്റുകളായി വന്നു. 


പലരും വീടുകളിൽ ഒറ്റക്കാണ്. കുടുംബം ബ്രസീലിലേക്ക് പോയ ശേഷമാണ് സ്‌പെയിനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതെന്നും താനിപ്പോൾ ഒറ്റക്കാണെന്നും റൊണാൾഡൊ പറഞ്ഞു. ഫുട്‌ബോളിന്റെ പേരിൽ എനിക്ക് ഇതുവരെ പ്രയാസമുണ്ടായിട്ടില്ല, ഇപ്പോൾ അനുഭവിക്കുന്നു. അതിന് വിയേറിയുടെ മറുപടി ഇങ്ങനെ: ഡിഫന്റർമാരെ താങ്കൾ കഷ്ടപ്പെടുത്തിയില്ലേ, അതിന്റെ ശിക്ഷയാണ്. കളി എനിക്ക് ഹരമായിരുന്നുവെന്നും പരിശീലനമാണ് സഹിക്കാൻ പറ്റാത്തതെന്നും റൊണാൾഡൊ അനുസ്മരിച്ചു. 


മുൻ അയർലന്റ് ക്യാപ്റ്റനായ കീൻ 2000 ൽ വിയേറിക്കൊപ്പം ഇന്ററിലുണ്ടായിരുന്നു. ഏതാണ്ട് സീസണിന്റെ പകുതി മാത്രം. എന്നാൽ തങ്ങൾ ഇപ്പോഴും ബന്ധം സൂക്ഷിക്കുന്നുവെന്ന് വിയേറി വെളിപ്പെടുത്തി. അന്ന് ഇംഗ്ലിഷിൽ കീനുമായി സംസാരിക്കാൻ സാധിക്കുന്നത് എനിക്കു മാത്രമായിരുന്നു. ഒരു രാത്രി അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചു. എന്താണ് കുടിക്കാൻ വേണ്ടത് എന്ന് കീൻ ചോദിച്ചു. കൊക്കകോള കിട്ടിയാൽ കൊള്ളാം എന്നു പറഞ്ഞ് ഫ്രിഡ്ജ് തുറന്നപ്പോൾ കണ്ടത് നിറയെ ബിയർ കുപ്പികളാണ് -വിയേറി അനുസ്മരിച്ചു. 


രണ്ടു പേർ തമ്മിലുള്ള സംഭാഷണം പ്രേക്ഷകർ ഒളിഞ്ഞുകേൾക്കുന്നതു പോലെയാണ് ഈ പരമ്പര. കളിക്കാരുടെ സ്വകാര്യജീവിതത്തെക്കുറിച്ച് പ്രേക്ഷകർക്ക് ഒരുപാട് വിവരങ്ങൾ കിട്ടുന്നു. മാർച്ച് 25 നാണ് വിയേറിക്ക് രണ്ടാമത്തെ മകൾ ഇസബെൽ ജനിക്കുന്നത്. തൊട്ടടുത്ത ദിവസങ്ങളിലാണ് ഷോ ആരംഭിച്ചത്. മകളുടെ ഉറക്കത്തെക്കുറിച്ചാണ് നാൽപത്താറുകാരൻ തുടങ്ങിയത്. ഇടക്കിടെ പോയി അവൾ ശ്വസിക്കുന്നുണ്ടോയെന്ന് നോക്കും. തന്റെ പൊണ്ണത്തടിയെക്കുറിച്ചും ഇടക്ക് സംസാരിച്ചു. 106.5 കിലോയാണ് ഇപ്പോൾ ഭാരം. കണ്ണടയില്ലാതെ വായിക്കാനാവുന്നില്ലെന്ന് പരാതിപ്പെട്ടു. ലോക്ഡൗൺ കാലത്ത് സോഫയിൽ ചടഞ്ഞിരുന്ന് പുറംവേദന തുടങ്ങിയെന്ന് പരിതപിച്ചു. വിരമിച്ച് പത്ത് വർഷം കഴിയുമ്പോൾ ജീവിതം കുളം തോണ്ടുമെന്ന് ടോട്ടിയെ വിയേറി ഭയപ്പെടുത്തുന്നുണ്ട്. 2009 ലാണ് വിയേറി വിരമിച്ചത്, ടോട്ടി 2017 ലും. 


യുവന്റസ്, അത്‌ലറ്റിക്കൊ മഡ്രീഡ്, ലാസിയൊ, ഇന്റർ, എ.സി മിലാൻ, മോണകൊ, ഫിയറന്റീന ക്ലബ്ബുകൾക്കും ഇറ്റലി ദേശീയ ടീമിനും കളിച്ച വിയേറിക്ക് വലിയ സുഹൃദ് വലയമുണ്ട്. താനും വിയേറിയും റൂമിലെ ചൂട് സഹിക്കാതെ ഇറ്റലിയുടെ ക്യാമ്പിൽനിന്ന് ഒളിച്ചോടിയതാണ് ബിയാജിയൊ ഓർമിച്ചത്. ബിയാജിയൊ ഇപ്പോൾ സ്പാൽ ക്ലബ്ബിന്റെ കോച്ചാണ്. രാത്രി ഡിസ്‌കോ കേന്ദ്രങ്ങളിൽ ചെലവിട്ട് പുലർച്ചെ വിയേറിയുടെ വീട്ടിലെത്തി. ഓസ്‌ട്രേലിയയിൽ വളർന്ന വിയേറിക്ക് നന്നായി ഇംഗ്ലിഷ് വശമാണ്. എന്നാൽ അഭിമുഖങ്ങൾ അധികവും ഇറ്റാലിയനിലാണ്. ചില ഷോകൾ ഒരു ലക്ഷത്തിലേറെ പേർ വീക്ഷിച്ചു. 

 


 

Latest News