Sorry, you need to enable JavaScript to visit this website.

പെന്റാത്തലണിലെ പ്രണയജോഡി

അംറു അൽജസീരിയും ഇസബെല്ല ഐസക്‌സണും അശ്വാഭ്യാസ പരിശീലനത്തിൽ

പെന്റാത്തലൺ മത്സരത്തിനിടെ പിറന്ന അപൂർവ പ്രണയമാണ് ഈജിപ്തുകാരൻ അംറു അൽജസീരിയുടേതും അമേരിക്കക്കാരി ഇസബെല്ല ഐസക്‌സണിന്റേതും. ഇരുവരും ഇപ്പോൾ അമേരിക്കൻ ടീമിന്റെ ഭാഗം. 

അംറു അൽജസീരി എന്ന ഈജിപ്ത് വംശജൻ അമേരിക്കൻ ആർമിയിൽ യൂനിറ്റ് സപ്ലൈ സ്‌പെഷ്യലിസ്റ്റാണ്. ഇസബെല്ല ഐസക്‌സൺ മൾടിപ്പിൾ ലോഞ്ച് റോക്കറ്റ് സിസ്റ്റംസ് ക്രൂ മെമ്പറും. കൊറോണ വൈറസ് ദുരന്തത്തിനിടയിലും ഒളിംപിക്‌സ് പെന്റാത്തലണിനുള്ള തീവ്ര ഒരുക്കത്തിലാണ് ഈ ദമ്പതികൾ. 
അഞ്ചിനങ്ങളുൾപ്പെടുന്നതാണ് പെന്റാത്തലൺ. ഇപ്പോഴത്തെ നിയന്ത്രണങ്ങൾ കാരണം രണ്ടിനങ്ങളിൽ പരിശീലനം സാധ്യമല്ല. ഇക്വസ്ട്രിയൻ ഹോഴ്‌സ് ജമ്പിംഗും (കുതിരപ്പന്തി അടച്ചിരിക്കുകയാണ്) നീന്തലും (സ്വിമ്മിംഗ് പൂൾ ഉപയോഗിക്കാൻ പാടില്ല). മറ്റു മൂന്നെണ്ണത്തിൽ അവർ പലരീതിയിൽ പരിശീലനം നടത്തുന്നു. കൊളറാഡൊ സ്പ്രിംഗ്‌സിലാണ് അവർ ഫെൻസിംഗിൽ മികവ് തേടുന്നത്. സമീപത്തെ പാർക്കിലാണ് പിസ്റ്റൾ പരിശീലനം. റണ്ണിംഗിന് പ്രഭാതങ്ങളിൽ സമയം കണ്ടെത്തും.  
പെന്റാത്തലണിലൂടെയാണ് അവർ കണ്ടുമുട്ടിയത്.  പരിശീലനം നടത്തുന്നതും ഒരുമിച്ചു തന്നെ. 2014 മെയ് 30 നായിരുന്നു വിവാഹം. ഐസ്‌ക്രീമാണ് തങ്ങളെ അടുപ്പിച്ചതെന്ന് ഇസബെല്ല പറയുന്നു. ഇരുവരും ഐസ്‌ക്രീം ഇഷ്ടക്കാരാണ്. 


ടോക്കിയൊ ഒളിംപിക്‌സിന് അൽജസീരി യോഗ്യത നേടിക്കഴിഞ്ഞു. കയ്‌റോയിൽ ജനിച്ച മുപ്പത്തിമൂന്നുകാരൻ കഴിഞ്ഞ മൂന്ന് ഒളിംപിക്‌സിലും ഈജിപ്തിനു വേണ്ടിയാണ് മത്സരിച്ചത്. 2017 ൽ അമേരിക്കൻ പൗരത്വം കിട്ടി. അമേരിക്കൻ ടീമിൽ ഇത്തവണ അരങ്ങേറ്റമാണ്. 2021 ജൂണിൽ ബെലാറൂസിലെ മിൻസ്‌കിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിലൂടെ ഒളിംപിക് ബെർത്ത് നേടാനുള്ള ശ്രമത്തിലാണ് ഇരുപത്താറുകാരി ഇസബെല്ല. 
2016 ലെ റിയൊ ഒളിംപിക്‌സിൽ കുടുംബമൊന്നിച്ചാണ് മത്സരിച്ചത്. അൽജസീരിക്കൊപ്പം ജ്യേഷ്ഠൻ ഉമറുമുണ്ടായിരുന്നു. ഇസബെല്ലക്കൊപ്പം ചേച്ചി മാർഗോസും. മാർഗോസിന്റെ മൂന്നാമത്തെ ഒളിംപിക്‌സായിരുന്നു. ഉമറാണ് ഇപ്പോൾ അൽജസീരിയുടെയും ഇസബെല്ലയുടെയും കോച്ച്. 


റിയോക്കു ശേഷം സ്‌പോർട്‌സിൽ തുടരനാവുമോയെന്ന ആശങ്കയായിരുന്നു അൽജസീരിക്കും ഇസബെല്ലക്കും. സാമ്പത്തികപ്രയാസമുണ്ടായിരുന്നു. റിയോ ഗെയിംസിന് രണ്ടാഴ്ച മുമ്പു വരെ ഡിക്‌സ് സ്‌പോർടിംഗ് ഗുഡ്‌സ് കമ്പനിയിലെ ജോലി ഇസബെല്ലക്ക് തുടരേണ്ടി വന്നു. 2017 ലാണ് ഇരുവരും സ്‌പോർട്‌സ് ക്വാട്ടയിൽ ആർമിയിൽ ചേർന്നത്. ലോകോത്തര നിലവാരമുള്ള അത്‌ലറ്റുകൾക്ക് സ്‌പോർട്‌സിൽ തുടരാൻ അവസരം നൽകുന്ന പദ്ധതിയാണ് അത്. സൈനിക സേവനവും പരിശീലനവും തുടരുകയായിരുന്നു അവർ.   
അർകൻസാസുകാരിയായ ഇസബെല്ല ഓട്ട മത്സരത്തിലാണ് തുടങ്ങിയത്. ചേച്ചിയെ കണ്ടാണ് പെന്റാത്തലണിലേക്കു തിരിഞ്ഞത്. നീന്തൽ താരമായ അൽജസീരിയും സഹോദരൻ ഇമാദിനെ കണ്ടാണ് പെന്റാത്തലണിലെത്തിയത്. 2000 ലെ ഒളിംപിക്‌സിൽ ഇമാദ് മത്സരിച്ചിരുന്നു. 


 

Latest News