ന്യൂദല്‍ഹി-ക്യാന്‍സര്‍ ബാധിച്ച് മരിച്ച സ്ത്രീയുടെ 23 കാരിയായ മകള്‍ ദല്‍ഹി ആള് ഇന്ത്യ മെഡിക്കല്‍ സയന്‍സസ് ആശുപത്രിയില്‍ ജീവനൊടുക്കി.
കെട്ടിടത്തില്‍നിന്ന് ചാടി മരിച്ച യുവതിയുടെ മൃതദേഹം പുതിയ സ്വകാര്യ വാര്‍ഡ് ബ്ലോക്കിനു സമീപമാണ് കണ്ടെത്തിയത്. ബുധനാഴ്ച അമ്മ മരിച്ച ശേഷം യുവതിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ക്യാന്സറിനായിരുന്നു യുവതിയുടെ അമ്മയ്ക്ക് ചികിത്സ നല്‍കിയിരുന്നതെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അതുല്‍ കുമാര്‍ താക്കുര്‍ പറഞ്ഞു. പിതാവ് ആശുപത്രിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ് യുവതിയെ കാണാതായത്. ഉത്തര്‍ പ്രദേശിലെ മൊറാദാബാദാണ് കുടുംബത്തിന്റെ സ്വദേശമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. മൃതദേഹം കണ്ട വിവരം ആശുപത്രി ജീവനക്കാരാണ് പോലീസില്‍ അറിയിച്ചത്. ബ്ലോക്ക് അടച്ചിട്ടതിനാല്‍ ആരും ഇവിടേക്ക് വരാറില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. താന്‍ ജീവിതം അവസാനിപ്പിക്കുകയാണെന്ന് യുവതി സുഹൃത്തുക്കളെ വിളിച്ചു പറഞ്ഞിരുന്നുവെന്നും പോലീസ് പറഞ്ഞു.