Sorry, you need to enable JavaScript to visit this website.

കോവിഡ് തിരിച്ചുവരവിനിടെ ഭീതി മാറാത്ത ഓര്‍മയുമായി മുന്‍ കുവൈത്ത് പ്രവാസി

ബഗ്ദാദ്, അമ്മാന്‍ വഴി ബോംബെ; ഒരു മടക്കത്തിന്റെ ഭീതിപ്പെടുത്തുന്ന ഓര്‍മ

കണ്ണൂര്‍ - കൊറോണക്കാലത്തെ തിരിച്ചുവരവിന്റെ കഥകള്‍ കേള്‍ക്കുമ്പോള്‍ തമ്മിട്ടോന്‍ അബ്ദുല്‍റഷീദിന്റെ മനസ്സില്‍ ഭീതി വിട്ടുമാറാത്ത ഓര്‍മകള്‍ തിരതല്ലുകയാണ്. ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തിനു ശേഷം നാട്ടിലേക്ക് മടങ്ങിയ ദുരിതയാത്രക്ക് ഇപ്പോള്‍ 30 വയസ്സ്.

ഒരു വ്യത്യാസം മാത്രം. അന്ന് കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായാണ് ബോംബെയിലെത്തിച്ചത്, എയര്‍പോര്‍ടില്‍ സ്വീകരിക്കാന്‍ കെ.എസ്.ആര്‍.ടി.സി ബസുകളുണ്ടായിരുന്നു, കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രയ്ന്‍ ഏര്‍പ്പെടുത്തിയിരുന്നു.

https://www.malayalamnewsdaily.com/sites/default/files/2020/05/09/rasheedmal.jpg
ഏതാനും കൂട്ടുകാരുമൊത്ത് ഒരു ബ്രീഫ്‌കെയ്‌സ് കട തുടങ്ങിയിട്ട് കുറച്ചുകാലമേ ആയിട്ടുണ്ടായിരുന്നുള്ളൂ. 1990 ഓഗസ്റ്റ് രണ്ടിന് കട തുറക്കാനായി മുറിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ്  എന്തോ പന്തികേട് തോന്നിയത്. റോഡ് ആകെ ശൂന്യം. അവിടവിടെ പഴകിയതെന്നു തോന്നുന്ന മിലിറ്ററി യൂനിഫോമിട്ട സൈനികര്‍.

കടയിലെത്തിയപ്പോള്‍ പിഞ്ഞാണക്കടയില്‍ പോത്ത് കയറിയ പ്രതീതി. എല്ലാം വാരി വലിച്ചിട്ട് കൊള്ളയടിക്കപ്പെട്ടു കഴിഞ്ഞിരുന്നു. കുവൈത്ത് എന്ന കൊച്ചു രാജ്യം ഇറാഖിന്റെ പിടിയിലായിക്കഴിഞ്ഞിരുന്നു. വലിയ ദുരിതത്തിന്റെ തുടക്കമായിരുന്നു അത്. ഭാവിയാകെ ഇരുളടഞ്ഞതു പോലെ തോന്നി.


നഷ്ടത്തെക്കുറിച്ചായിരുന്നില്ല അപ്പോള്‍ ചിന്ത. എങ്ങനെ നാടണയമെന്നതായിരുന്നു. തണുപ്പുകാലമായിരുന്നു, ആസ്ത്മയുടെ അസുഖമുണ്ടായിരുന്നു. ഈ അസ്ഥിരമായ അവസ്ഥയില്‍ കുവൈത്തില്‍ കഴിയുന്നത് ചിന്തിക്കാന്‍ പോലുമാവുമായിരുന്നില്ല. കുവൈത്തിലെ ഇന്ത്യന്‍ എംബസി ഏതാനും ദിവസത്തിനകം അടച്ചു. തിരിച്ചുവരവ് അനിശ്ചിതത്വത്തിലായി.


കുവൈത്തിലെ സമ്പന്നതയില്‍ കൈയിട്ടുവാരാനായി ഇറാഖികള്‍ ദിനേന എത്തുന്നുണ്ടായിരുന്നു. അവര്‍ വഴിയാണ് അറിഞ്ഞത് ബഗ്ദാദിലെ ഇന്ത്യന്‍ എംബസി വഴി വേണമെങ്കില്‍ നാടണയാമെന്ന്. അങ്ങനെ ആ ദുരിത യാത്ര തുടങ്ങി. ഒരു ബസ്സില്‍ അമ്പതോളം പേര്‍. മലയാളികളും ഫിലിപ്പൈനികളും മറ്റു ദേശക്കാരുമൊക്കെയായി ഒരു സംഘം. തങ്ങള്‍ വഞ്ചിക്കപ്പെടുകയാണെന്നറിയാതെ പുറപ്പെട്ടു.


ബഗ്ദാദിലെത്തിയപ്പോള്‍ ഇന്ത്യന്‍ എംബസി അടച്ചിരുന്നു. ഇറങ്ങി നിന്നോളൂ, പാര്‍ക്ക് ചെയ്തു വരാമെന്നു പറഞ്ഞ് പോയ വണ്ടിക്കാരനെ പിന്നെ കണ്ടില്ല. കൈയിലുള്ള പലതും നഷ്ടപ്പെട്ടു. കുവൈത്തി ദിനാര്‍ കൈയിലുണ്ടായിരുന്നു, അതിനു പക്ഷെ കടലാസിന്റെ വില പോലുമുണ്ടായിരുന്നില്ല. വേണ്ടത് ഇറാഖി ദിനാറായിരുന്നു. അതൊട്ട് കൈയിലുണ്ടായിരുന്നില്ല താനും.


അങ്ങനെ അഭയാര്‍ഥികളായി ജോര്‍ദാന്‍-സിറിയ അതിര്‍ത്തിയിലെ വിശാലമായ യു.എന്‍. അഭയാര്‍ഥി ക്യാമ്പിലെത്തി. ഏതാനും ദിവസം മുമ്പ് വരെ സുഭിക്ഷമായി കഴിഞ്ഞിരുന്ന ആളുകള്‍ തിന്നാനും കുടിക്കാനുമില്ലാതെ അലഞ്ഞു നടന്നു. യു.എന്‍ സന്നദ്ധഭടന്മാര്‍ വലിയ കണ്ടയ്‌നറില്‍ ഭക്ഷണമെത്തിക്കുമായിരുന്നു.

അത് കിട്ടണമെങ്കില്‍ ഇടി കൂടി മുന്നിലെത്താനുള്ള കരുത്ത് വേണം. ഭക്ഷണം കിട്ടാതെ സ്ത്രീകള്‍ വലഞ്ഞു. സ്ത്രീകള്‍ക്കെങ്കിലും ഭക്ഷണം സംഘടിപ്പിക്കാന്‍ തങ്ങളിലൊരാള്‍ ഒരു ഉപായം സ്വീകരിച്ച കാര്യം അബ്ദുല്‍ റഷീദ് ഓര്‍മിക്കുന്നു. ഒരു തൊപ്പി സംഘടിപ്പിച്ചു, അതില്‍ യു.എന്‍ ചിഹ്നം വരച്ചു വെച്ചു. അങ്ങനെ ഭക്ഷണം വിതരണം ചെയ്യുന്ന യു.എന്‍ സന്നദ്ധപ്രവര്‍ത്തകനായി മാറിയതോടെയാണ് കൂട്ടത്തിലുള്ള സ്ത്രീകളെങ്കിലും പട്ടിണി കിടക്കാതെ രക്ഷപ്പെട്ടത്. പുറപ്പെടുമ്പോള്‍ ഒരു പുതപ്പ് കൈയില്‍ കരുതിയത് ഭാഗ്യമായി. തണുപ്പനുഭവിക്കാതെ കഴിയാന്‍ അതു സഹായിച്ചു.  


ഏഴെട്ടു ദിവസം ക്യാമ്പില്‍ കഴിഞ്ഞു. ഒടുവില്‍ ഒരു വാര്‍ത്ത കേട്ടു. അമ്മാന്‍ വഴി അഭയാര്‍ഥികളെ നാട്ടിലെത്തിക്കുമെന്ന്. ജോര്‍ദാനിലെ അമ്മാന്‍ വിമാനത്താവളത്തിലേക്കെന്നു പറഞ്ഞാണ് പുറപ്പെട്ടത്. എത്തിച്ചത് അമ്മാനിലെ ഒരു വലിയ കുന്നിന്‍പുറത്ത് സ്ഥിതിചെയ്യുന്ന ട്രെയ്ഡ് സെന്ററിലായിരുന്നു. വെള്ളം പോലും കിട്ടാത്ത പ്രദേശം. ചുറ്റും മലവിസര്‍ജനം കൊണ്ട് മലീമസമായിരുന്നു. വല്ലാത്ത അന്തരീക്ഷം. നാലഞ്ചു ദിവസങ്ങള്‍ കഴിഞ്ഞ ശേഷമാണ് എയര്‍പോര്‍ട്ടിലെത്തിച്ചത്. അവിടെ വിമാനത്തില്‍ കയറാന്‍ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ഇടിച്ചുകയറുന്നതുപോലെ തിരക്കായിരുന്നു.


തിരക്കൊഴിയട്ടെയെന്ന് കരുതി മാറി നിന്ന തങ്ങള്‍ക്ക് ഒടുവില്‍ ഒരു സൈനിക വിമാനമാണ് കിട്ടിയതെന്ന് അബ്ദുല്‍ റഷീദ് ഓര്‍ക്കുന്നു. അകത്ത് ഇരിക്കാന്‍ കാര്യമായ സംവിധാനങ്ങളൊന്നുമുണ്ടായിരുന്നില്ല. കടത്തു ബോട്ടില്‍ ബെഞ്ചിട്ടതു പോലെയായിരുന്നു. ബോംബെയിലെത്തിയ ശേഷമാണ് ശ്വാസം നേരെ വീണത്.


വിമാനത്താവളത്തിനു പുറത്ത് സിഖുകാരുടെ വക സ്വീകരണം ഹൃദ്യമായിരുന്നു. ആവശ്യപ്പെട്ട ഭക്ഷണമൊക്കെ അവര്‍ ഉണ്ടാക്കിത്തന്നു. വൈകാതെ ബോംബെയിലെ മലയാളി സന്നദ്ധ സംഘടനകളും സേവനസജ്ജമായി. സ്‌പെഷ്യല്‍ ട്രയ്‌നിലായിരുന്നു കേരളത്തിലേക്കുള്ള മടക്കം. ട്രയ്‌നില്‍ സീറ്റ് ഒഴിവ് വരുന്നതുവരെ ബോംബെയിലെ ക്രിസ്ത്യന്‍ പള്ളിയിലായിരുന്നു താമസിപ്പിച്ചതെന്ന് റഷീദ് ഓര്‍ക്കുന്നു.


നാട്ടിലും ആശങ്കയോടെയായിരുന്നു കാത്തിരിപ്പ്. തൊണ്ടവറ്റി വരണ്ടവനെപ്പോലെയാണ്, കൈയിലൊരു ചെറിയ ബാഗും കൈപ്പാട്ടയുമായി കയറി വന്നതെന്ന് ജ്യേഷ്ഠത്തി ഹഫ്‌സത്ത് പറയുന്നു.

https://www.malayalamnewsdaily.com/sites/default/files/2020/05/09/rasheedonee.jpg
പിന്നീട് നാട്ടില്‍ ജീവിക്കാനൊരു ശ്രമം നടത്തി. പച്ചക്കറിക്കട നടത്തി. പക്ഷെ പ്രവാസം തന്നെയായിരുന്നു വിധിച്ചത്. ഒരു വര്‍ഷത്തിനു ശേഷം കുവൈത്തില്‍ തിരിച്ചെത്തി. 2010 ലാണ് കുവൈത്തിനോട് യാത്ര പറഞ്ഞ് മടങ്ങിയത്. ഇപ്പോള്‍ കണ്ണൂര്‍ തോട്ടട വെസ്റ്റ് യു.പി സ്‌കൂളിനടുത്ത ഹിറയില്‍ ഭാര്യയും രണ്ടു പെണ്‍മക്കളും രണ്ട് പേരക്കിടാങ്ങള്‍ക്കുമൊപ്പം താമസിക്കുന്നു. മൂത്ത മകനും മരുമകനും യു.എ.ഇയിലാണ്. ഇളയ മകള്‍ പഠിക്കുന്നു.

Latest News