411 കോടി തട്ടിച്ച് നാടുവിട്ടു; എസ്ബിഐ പരാതി നൽകുന്നത് നാല് വര്‍ഷം കഴിഞ്ഞ്

ന്യൂദല്‍ഹി- 400 കോടി രൂപയിലധികം വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ നാടുവിട്ട രാം ദേവ് ഇന്റർനാഷനൽ ലിമിറ്റഡ് ഉടമകള്‍ക്ക് എതിരെ എസ്ബിഐ പരാതി നല്‍കുന്നത് നാല് വര്‍ഷം കഴിഞ്ഞ്. രാജ്യത്ത് വ്യവസായികള്‍ കോടികള്‍ വെട്ടിപ്പ്നടത്തി മുങ്ങിയ നിരവധി സംഭവങ്ങളില്‍ പുറത്തുവരുന്ന അവസാനത്തെ കേസാണ്  ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാം ദേവ് ഇന്റർനാഷനൽ ലിമിറ്റഡിനിനെതിരെയുള്ള പരാതി.

ബസ്മതി അരി കയറ്റുമതി ചെയ്യുന്ന കമ്പനി വിവിധ ബാങ്കുകളിൽനിന്നായി 414 കോടി രൂപയാണ് വായ്പയെടുത്തത്. ഇതില്‍ ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയിരിക്കുന്നത് എസ്ബിഐയാണ്. 173.11 കോടി രൂപ എസ്ബിഐയിൽനിന്നും 76.09 കോടി രൂപ കാനറ ബാങ്കിൽനിന്നും 64.31 കോടി രൂപ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നും 51.31 കോടി രൂപ സെൻട്രൽ ബാങ്ക് ഓപ് ഇന്ത്യയിൽനിന്നും 36.91 കോടി രൂപ കോർപറേഷൻ ബാങ്കിൽനിന്നും 12.27 കോടി രൂപ ഐഡിബിഐ ബാങ്കിൽനിന്നുമാണ് കമ്പനി വായ്പ തരപ്പെടുത്തിയത്. 2016 മുതല്‍ ഉടമകള്‍ രാജ്യത്തുനിന്ന് മുങ്ങി. എന്നാൽ നാലു വർഷത്തിനു ശേഷം 2020 ഫെബ്രുവരിയിലാണ് എസ്ബിഐ സിബിഐക്ക് പരാതി നൽകുന്നത്. ഏപ്രിൽ 28ന് സിബിഐ പരാതി ഫയലിൽ സ്വീകരിച്ചു. ഇതേ തുടര്‍ന്ന് കമ്പനി ഡയറക്ടർമാരായ നരേഷ് കുമാർ, സുരേഷ് കുമാർ, സംഗീത, ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവർക്കെതിരെ സിബിഐ കേസ് റജിസ്റ്റർ ചെയ്തു. വ്യാജ ഒപ്പിടല്‍, വിശ്വാസ വഞ്ചന, അഴിമതി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. അതേസമയം, കേസ് രജിസ്റ്റര്‍ ചെയ്തിരിക്കേ രാഷ്ട്രീയ പ്രവര്‍ത്തകരുടെ പേരുവിവരങ്ങള്‍ സിബിഐ പുറത്തുവിടാത്തത് എന്തിനെന്ന് വ്യക്തമല്ല. 

2016 ഓഗസ്റ്റില്‍ നിഷ്ക്രിയ ആസ്തിയിൽ ഉൾപ്പെടുത്തി കമ്പനിയുടെ സ്വത്തുവകകള്‍ എസ്ബിഐ പരിശോധിച്ചിരുന്നു. അപ്പോഴാണ് ഉടമകൾ നാടുവിട്ടവിവരം അറിയുന്നതെന്നും എസ്ബിഐ പരാതിയിൽ പറയുന്നു. അതേസമയം നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിൽ രാം ദേവ് ഇന്റർനാഷനലിന്റെ പേരില്‍ മറ്റൊരു കേസ് നിലവിലുണ്ട്. ഇതില്‍ ഉടമകള്‍ നാടുവിട്ടിട്ട് ഒരുവര്‍ഷത്തില്‍ അധികമായി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 
ഉടമകള്‍ നാടുവിട്ട വിവരം ട്രൈബ്യൂണലിന് മുമ്പിലുള്ള കേസില്‍ നേരത്തേതന്നെ ഔദ്യോഗികമായി തെളിയിക്കപ്പെട്ടിട്ടും നാല് വര്‍ഷങ്ങള്‍ക്ക് ശേഷം നല്‍കിയ പരാതിയില്‍ കാലതാമസം വരുത്തിയിട്ടില്ലെന്നാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ വാദം.
 

Latest News