മുംബൈ- പഹ്‌ലജ് നിഹ്‌ലാനിയെ മാറ്റി പ്രസൂൺ ജോഷിയെ സെൻസർ ബോർഡിന്റെ അമരത്ത് അവരോധിച്ചിട്ടും വലിയ മാറ്റങ്ങളൊന്നുമില്ലെന്നാണ് ബോളിവൂഡിൽ നിന്നുള്ള പുതിയ വാർത്ത. സംസ്‌കാരത്തിനും പാരമ്പര്യത്തിനും അനുയോജ്യമല്ലാത്ത സീനുകളെല്ലാം യാതൊരു ദയയുമില്ലാത്ത വെട്ടി വെട്ടി ഒടുവിൽ വെട്ടിലായാണ് നിഹ്‌ലാനിയുടെ അധ്യക്ഷ പദവി തെറിച്ചത്. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന കങ്കണയുടെ പുതിയ ചിത്രമായ സിമ്രാനിൽ പത്ത് ഇടങ്ങളിലാണ് സെൻസർ ബോർഡ് പുതിയ ചെയർമാൻ പ്രസൂൺ ജോഷി കത്രിക വച്ചിരിക്കുന്നത്.
സെക്‌സ് സീനിൽ കങ്കണയുടെ സീൽക്കാര ശബ്ദം കുറച്ച് അധികമായി പോയി എന്നു കണ്ടെത്തിയ ബോർഡ് ശബ്ദം കുറക്കാൻ സിനിമയുടെ പിന്നണിപ്രവർത്തകരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതുൾപ്പെട 10 സീനുകളിൽ മാറ്റം വരുത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സിനിമയുടെ നിർമ്മാതാക്കൾ അംഗീകരിച്ചിട്ടുണ്ട്. സെക്‌സ് സീൻ ആവശ്യത്തിലേറെ പ്രകോപനപരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. അഭിനേതാക്കളുടെ കിടപ്പറ രംഗങ്ങളിൽ സീൽക്കാര ശബ്ദം അൽപ്പം കൂടിപ്പോയി. ഇതുകുറക്കാനും മറ്റൊരു സീനിലെ അടിയുടെ സൗണ്ട് ഇഫക്ട് കുറക്കാനും ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
സഭ്യമല്ലാത്ത വാക്പ്രയോഗങ്ങൾ ആറിടത്തു വെട്ടി. നിഹ് ലാനിയായായും പ്രസൂൺ ആയാലും ഭാഷ കൊണ്ടോ ആംഗ്യം കൊണ്ടോ സ്ത്രീകളെ അപമാനിക്കുന്ന ഒന്നും സിനിമയിൽ ഒരിക്കലും അനുവദിക്കില്ലെന്നാണ് ചട്ടമെന്ന് സിനിമയുമായി ബന്ധമുള്ള ഒരാൾ പറയുന്നു.