ഞാനും എന്‍റെ കെട്ടിയോളും മാത്രം; ഇതായിരിക്കുമോ കൊറോണാനന്തര ലോകം 

ഇന്നിന്റെ ലോകം ചർച്ച ചെയ്യുന്ന ഏകകാര്യം കൊറോണക്ക് ശേഷമുള്ള നാടിന്റെ സ്ഥിതിയെ കുറിച്ചാണ്. നാളെയെ കുറിച്ചുള്ള ഉൽക്കണ്ഠയും ആധിയും ഓരോരുത്തരിലും ദിവസം തോറും വളർന്നു വലുതാവുന്നു.  ലോകത്തിലെ എല്ലാ രാജ്യങ്ങളിലെ മനുഷ്യരും ഒരുപോലെ ചിന്തിക്കുന്നത് സ്വന്തം ഭാവിയെ എങ്ങനെ രൂപപ്പെടുത്തും എന്നതാണ്. ഇതൊരു വഴിത്തിരിവാണ്.  കൊറോണ ഒരു അത്ഭുത പ്രതിഭാസമാണ്. ഇതിനൊരു രണ്ടാം വരവ് ഉണ്ടായാൽ അത് മനുഷ്യ സമൂഹത്തിന് താങ്ങാനാവാത്തതായിരിക്കും. അമേരിക്കയിലെ വൈറ്റ് ഹൗസ് ആരോഗ്യ മേധാവി ഡോ. ഫൌച്ചി കോവിഡ്19 തിരിച്ചു വരവ് അനിവാര്യമായും ഉണ്ടാവുമെന്നാണ് ഇക്കഴിഞ്ഞ ദിവസം  പ്രസ്താവിച്ചത്. അത് ഒരുപക്ഷേ ഇന്നത്തേതിൽനിന്നും വ്യത്യസ്തമായ രൂപത്തിലായിരിക്കും. എത്രയും പെട്ടെന്ന് ഫലപ്രദമായ മരുന്നോ വാക്‌സിനോ കണ്ടുപിടിച്ചില്ലെങ്കിൽ  ജൂൺ മുതൽ അമേരിക്കയിൽ മാത്രം ദിനേന 3000 ത്തോളം മരണങ്ങൾ ഉണ്ടായേക്കാമെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ കരുതുന്നത്. 
ലോകത്തിലെ മിക്ക ശാസ്ത്രജ്ഞരിലും രണ്ടാം വരവ് ഉണ്ടാവുമെന്ന കാര്യത്തിൽ മറിച്ചൊരഭിപ്രായമില്ല. ബിൽ ഗേറ്റ്‌സ്  തന്റെ സ്വന്തം കമ്പനിയായ ബിൽഗെയ്റ്റ് ഫൗണ്ടേഷനിൽ കോവിഡ് വാക്‌സിൻ  പരീക്ഷണം തുടങ്ങിക്കഴിഞ്ഞതു ആശ്വാസകരമായ ഒരു വാർത്തയാണ്. യൂറോപ്പിലും ജപ്പാനിലും ഇന്ത്യയിലും ചൈനയിലും  വാക്‌സിന്റെ പണികൾക്കു തുടക്കമിട്ടിട്ടുണ്ട്. എന്നിരുന്നാലും വന്നുകയറിയ ഈ മഹാമാരി വരുത്തിവെച്ച വലിയ ശൂന്യതയിൽ നിന്നും ലോകം മുക്തമാവണമെങ്കിൽ വർഷങ്ങൾ  ഏറെയെടുക്കും.
2020 ന്റെ തുടക്കം മുതൽ നാം പുതിയ ശീലങ്ങൾക്ക് നാമറിയാതെ, അല്ലെങ്കിൽ നിർബന്ധിതാവസ്ഥയിൽ മാറ്റപ്പെട്ടിരിക്കുകയാണ്. സമൂഹികാകലം പാലിക്കലും വീടുകളിൽ ഒതുങ്ങിക്കൂടലും കൂടിച്ചേരലുകളില്ലാതായതും യാത്രകൾ ചുരുങ്ങിയതും മാസ്‌കുകൾ ഉപയോഗിക്കുന്നതും ചെലവുകൾ ചുരുക്കിയതും നാളിതുവരെ നാം അനുവർത്തിച്ച ശീലങ്ങളിൽനിന്നുള്ള പെട്ടെന്നുള്ള മാറ്റങ്ങളായിരുന്നു. കൊറോണ മാറിയാൽ ഈ പുതിയ ശീലങ്ങൾ തുടരാൻ മനുഷ്യ മനസ്സ് അനുവദിക്കുമോ എന്നതാണ് വരാനിരിക്കുന്ന നാളുകളിൽ നമ്മുടെ ഏറ്റവും പ്രയാസകരമായ അവസ്ഥ. കാരണം നമുക്ക് പലതും നഷ്ടപ്പെട്ടിരിക്കുന്നു. ചിലർക്ക് ജോലികൾ, വരുമാനങ്ങൾ, കച്ചവടങ്ങൾ  സാമൂഹിക ബന്ധങ്ങൾ. അതേസമയം നമ്മെ ഭരിക്കുന്നവർക്കും പലതും നഷ്ടപ്പെടുന്നു. ഭരണകൂടം അതുകൊണ്ടു തന്നെ നമ്മളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള ശ്രമം നടത്തും. ആ നിയന്ത്രണങ്ങളിൽ ഏറ്റവും മാരകമായത് വ്യക്തികളുടെ സ്വകാര്യത ഇല്ലാതാക്കലാവും. കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയിൽ രോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അവർ നടപ്പിലാക്കിയത് മനുഷ്യന്റെ ചലനങ്ങൾ നിരീക്ഷിക്കാനുള്ള 'ആപ്പുകൾ' വ്യക്തികളുടെ മൊബൈലുകളിൽ നിർബന്ധപൂർവം അടിച്ചേൽപിക്കലായിരുന്നു. ശരീരോഷ്മാവും അവന്റെ ഓരോ ചലനങ്ങളും അതോടെ ഭരണകൂടത്തിന് അറിയാൻ കഴിയുന്നു. കൊറോണയുടെ വ്യാപനത്തിനായി കൊണ്ടുവന്ന ഇത്തരം ആപ്പുകൾ ഭാവിയിൽ മനുഷ്യന്റെ നിത്യജീവിതത്തിന്റെ ഭാഗമായി മാറുന്നു. അവിടെയും നിൽക്കില്ല ആപ്പുകളുടെ പ്രവർത്തനം. അത് വരാനിരിക്കുന്ന തലമുറയെ ബാധിക്കും വിധത്തിൽ അടിച്ചേൽപിക്കപ്പെടും. സാങ്കേതിക വിദ്യ ഇനിയും  പുരോഗമിക്കും, ആരോഗ്യ മേഖല പൂർണമായും ഡിജിറ്റലായി മാറും. ഇന്ത്യയിലും ഭരണകൂടം ഇത്തരം 'ആപ്പുകൾ' വികസിപ്പിക്കനുള്ള പുറപ്പാടിലാണ്. 'ആരോഗ്യസേതു' എന്നു പേരിട്ട ഈ ആപ് വഴി വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ ഭരണകൂടത്തിന്റെ കൈകളിൽ എത്തിച്ചേരും. പ്രത്യേകിച്ച് ഇന്ത്യയുടെ ഇന്നത്തെ സഹചര്യത്തിൽ ഇത്തരം ആപ്പുകൾ സമൂഹത്തിൽ വിപരീത ഫലങ്ങളുണ്ടാക്കുമെന്ന കാര്യത്തിൽ സംശയമില്ല. 
കൊറോണാനന്തര ലോകം വലിയൊരു വിപത്തിലേക്കാണ് കാലെടുത്തുവെക്കുന്നത്. ഇന്നത്തെ ലോകരാജ്യങ്ങളിൽ പലതും ജനാധിപത്യ ക്രമത്തിലാണെങ്കിലും  അവിടങ്ങളിൽ ഭരിക്കുന്ന  ഭരണകർത്താക്കളിലധികവും ഏകാധിപത്യ സ്വഭാവത്തിൽ ഭരണചക്രം തിരിക്കുന്നവരാണ്. പൗരന്റെ സ്വകാര്യതയിൽ അവർ താൽപര്യപൂർവം കടന്നു ചെല്ലുകയും ഭരണവും സമ്പത്തും അവരിലേക്ക് മാത്രം ഒതുക്കി നിർത്തി ചോദ്യം ചെയ്യാനാവാത്ത രീതിയിൽ സ്വന്തം ജനങ്ങളെ നിയന്ത്രിക്കാനുള്ള അവകാശം ഭരണകൂടം കരസ്ഥമാക്കിയിരിക്കും. സർവ സംവിധാനങ്ങളും ഡിജിറ്റൽ ചെയ്യപ്പെടും. അതോടെ വ്യക്തിയുടെ സ്വകാര്യത ഭരണ സിരാകേന്ദ്രത്തിലിരുന്നു നിയന്ത്രിക്കപ്പെടുമെന്ന കാര്യത്തിൽ സംശയലേശത്തിനവകാശമില്ല. 
അടുത്ത ഏതാനും മാസങ്ങൾക്കു ശേഷം കൊറോണ പാടെ തുടച്ചു നീക്കിയാലും ലോകം പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല. സാമ്പത്തികവും സാമൂഹ്യവും  സാംസ്‌കാരികവുമായ  വലിയ വിടവുകൾ സൃഷ്ട്ടിക്കപ്പെടും. മനുഷ്യൻ 'അഗോറഫോബിയ' അഥവാ 'തിരക്കിനോടുള്ള ഭയം' എന്ന ഗുരുതരമായ മാറ്റത്തിന് വിധേയനാവും. ഇത് സ്വാഭാവികമായ ഒരു പ്രക്രിയയാണ്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾക്കു ശേഷവും, സ്പാനിഷ് ഫഌ ലോക ജനതയെ നശിപ്പിച്ചപ്പോഴും അഗോറഫോബിയ രൂപപ്പെട്ടിട്ടുണ്ട്. പക്ഷേ കൊറോണാനന്തരമുള്ള മാറ്റത്തിൽ ഇത് വളരെ കൂടുതലായിരിക്കും. കാരണം മറ്റൊന്നുമല്ല. നാം ജീവിക്കുന്ന ലോകത്തിലെ അതിനൂതനമായ സാങ്കേതിക വിദ്യയുടെ അതിപ്രസരവും എല്ലാം ഡിജിറ്റൽ മേഖലയിലേക്ക് എത്തിക്കാനുള്ള ആധുനിക മനുഷ്യന്റെ ത്വരയുമാണ് അതിനുള്ള കാരണം. 
വരാനിരിക്കുന്ന നാളുകളിൽ വേരുറക്കാൻ പോവുന്ന ഏറ്റവും നല്ല മേഖല ഒരു പക്ഷേ ആശുപത്രി കച്ചവടമായിരിക്കും. രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളുടെ ഭാഗമായി ഇവിടങ്ങളിൽ എല്ലാവരും പറയാതെ തന്നെ വന്നുകൊണ്ടിരിക്കും. ഇൻഷുറൻസ് മേഖലയായിരിക്കും വളരുന്ന മറ്റൊരു കച്ചവടം. കാരണം ആശുപത്രികളും ഇൻഷുറൻസും ഏറെ ബന്ധപ്പെട്ടു കിടക്കുന്ന കച്ചവട സുഹൃത്തുക്കളാണ്. ഒഴിച്ചുകൂടാത്ത മറ്റൊരു  കച്ചവട മേഖല ടെലികമ്യൂണിക്കേഷനാണ്. നേരത്തേ സൂചിപ്പിച്ച പോലെ വരുംതലമുറയിൽ ഡിജിറ്റൽ സംവിധാനം കൂടുതൽ മെച്ചപ്പെട്ടുകൊണ്ടിരിക്കേണ്ടത് ഏറെ അനിവാര്യമാണ്. കാരണം ഇനി മുതലുള്ള വിദ്യാഭ്യാസ രീതികൾ  അടിമുടി മാറുകയാണ്. ക്ലാസ് റൂമുകൾ ഡിജിറ്റലായി മാറുകയും ഓൺലൈൻ പഠനം വ്യാപകമാവുകയും ചെയ്യും. കൊറോണക്കാലത്ത് പല രാജ്യങ്ങളിലും സ്‌കൂളുകളും കോളേജുകളും ഓൺലൈൻ പഠനം ആരംഭിച്ചു കഴിഞ്ഞു. വിദ്യാലയങ്ങളിലും സമൂഹിക അകലം നിർബന്ധമായി വരും. അതുകൊണ്ടു ഇനിയുള്ള പഠനങ്ങൾ വെബ്മൂലമായിരിക്കും. 
കൂടാതെ ഇ മീറ്റിംഗ് വളരെ വ്യാപകമാവും. കൊറോണക്കാലത്ത് ഗൂഗിൾ, ആമസോൺ എന്നീ വെബ് കമ്പനികളുടെ ഉപയോഗം കൂടിയത് ഇതിനുദാഹരണമാണ്. വളർച്ചക്കുള്ള മറ്റൊരു സാധ്യത കാർഷിക മേഖലയാണ് സ്വന്തമായി  കൃഷി ചെയ്യാനും ശുചിത്വമുള്ള ഓർഗാനിക് ഭക്ഷണ രീതിയലേക്കും മനുഷ്യൻ മാറും. ചൈനയിലെ വിവിധ കാർഷിക കമ്പനികൾ ഇന്ത്യയിൽ ഇതിനകം അവരുടെ വേരുറപ്പിച്ചു കഴിഞ്ഞു.  വലിയ സൂപ്പർ മാർക്കറ്റുകളേക്കാൾ ആശ്രയിക്കുക  തൊട്ടടുത്തുള്ള ചെറിയ കടകളെയായിരിക്കും. കല്യാണം, സൽക്കാരം, പൊതുപരിപാടികൾ എന്നിവ പരിമിതപ്പെടുത്തും. മനുഷ്യൻ അവനവനിലേക്ക് ചുരുങ്ങി ജീവിതം ആനന്ദദായകമാക്കും. ഞാനും എന്റെ കെട്ടിയോളും മാത്രമായി കുടുംബം ചുരുങ്ങും.  സ്വർണത്തോടുള്ള കമ്പം കുറയുന്നതിനാൽ തട്ടാൻ വേണമെന്ന പഴയ പഴമൊഴി ഇല്ലാതാവും. അങ്ങനെ കൊറോണാനന്തര കാലത്ത് പുതിയൊരു ജീവിതക്രമം  ലോകത്തെമ്പാടും വന്നുചേരും.
ബുദ്ധിപരമായാണ് ചൈനയുടെ നീക്കം. ലോക സമ്പത്തിന്റെ നല്ലൊരു ഭാഗം കീഴടക്കാനുള്ള ഏറെക്കാലത്തെ അവരുടെ മോഹം പൂവണിയാനുള്ള സുവർണാവസരമായി കൊറോണക്കാലം ഉപയോഗിച്ചു എന്നതാണ് പരമമായ സത്യം. കോവിഡ്19 ലോകം മുഴുവൻ താണ്ഡവ നൃത്തമാടുമ്പോൾ ചൈന തന്ത്രപൂർവം ലോകത്തിലെ ഓഹരി വിപണികൾ കുറഞ്ഞ വിലക്ക്  വാങ്ങിക്കൂട്ടുകയായിരുന്നു. ലോകത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തി യൂറോപ്പിലെയും അമേരിക്കയിലെയും വമ്പൻ കമ്പനികളുടെ ഷെയറുകൾ അവർ സ്വന്തമാക്കി. ഇന്ത്യയിലെ ഓഹരി വിപണിയെയും സജീവമാക്കിയത് ചൈനയാണ്. പേടീം, ഓല, ബീഗബാസ്‌കേറ്റ്, ബൈജുസ്, ഡ്രീം11, മേക്‌മൈട്രിപ്പ് എന്നീ കമ്പനികളിളുടെ ഓഹരികളിൽ ചൈന കൂടുതൽ പണം ഇറക്കിക്കഴിഞ്ഞു. തിങ്ക്ടാങ്ക് ഗേറ്റ് വെഹൌസിന്റെ കഴിഞ്ഞ മാസത്തെ റിപ്പോർട്ടിൽ പറയുന്നതു ചൈനയിലെ സാങ്കേതിക കമ്പനികൾ  നാല് ബില്യൺ ഡോളർ ഇന്ത്യയിലെ സ്റ്റാർട്ട്അപ്പ് കമ്പനികളിൽ മുതൽ മുടക്കിക്കഴിഞ്ഞിരിക്കുന്നു എന്നാണ്.  130 കോടി ജനസംഖ്യയുള്ള ഇന്ത്യയിലേക്കുള്ള ചൈനയുടെ കടന്നുവരവ് അവിചാരിതമല്ല. കഴിഞ്ഞ അഞ്ചു വർഷമായി തുടരുന്ന ചൈനയുടെ സാന്നിധ്യം  ഇന്ത്യൻ ഓഹരി വിപണിയിലുണ്ട്. 
 ഇരുന്നൂറ് ദശലക്ഷം വരിക്കാരുള്ള  ടിക് ടോക്, വീഡിയോആപ് എന്നീ കമ്പനികളെ ഇന്ത്യൻ യുട്യൂബ് കീഴടക്കിയതിൽ അതിശയമില്ല. ഇതിൽ ഏറിയ വിഹിതവും ചൈനയുടേതാണ്.    മറ്റു ലോകോത്തര കമ്പനികളായ ആമസോൺ, അലിബാബ, ടെൻസെന്റ്, ബൈറ്റ്‌ഡെൻസ് മുതലായ കമ്പനികളും  ഇന്ത്യയിൽ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു. സാംസങ്, ആപ്പിൾ എന്നീ സ്മാർട്ട് ഫോൺ കമ്പനികളെ പിറകിലാക്കിക്കൊണ്ട് ചൈനീസ് ഫോൺ കമ്പനിയായ ഓപ്പോ, സ്‌കിയോമി ഇന്ത്യൻ വിപണിയുടെ 72 ശതമാനവും   കരസ്ഥമാക്കിയിരിക്കുന്നു. ഡിജിറ്റൽ, ഇലക്ട്രോണിക് മേഖലയിലെ ചൈനയുടെ കടന്നുവരവ് അഭൂതപൂർവമായി വർധിക്കുകയാണ്. ഇതോടൊപ്പം അനതിവിദൂരമായ ഭാവിയിൽ ഇന്ത്യൻ കാർഷിക മേഖലയിലും ചൈനയുടെ  കടന്നുവരവ് തള്ളിക്കളയാനാവില്ല. പുര കത്തുമ്പോൾ കഴുക്കോലൂരാനുള്ള ചൈനയുടെ ബുദ്ധി ആഗോള വിപണിയെ അത്ഭുതപ്പെടുത്തുകയാണ്. കൊറോണാനന്തര ലോകം എങ്ങോട്ട് എന്ന ചോദ്യത്തിനുത്തരം തേടുമ്പോൾ അത് ചൈനയിലേക്കാണോ എന്ന മറു ചോദ്യമാണ് എല്ലാവരുടെയും മുമ്പിൽ. അതിനു വേണ്ടിയാണോ വുഹാനിൽ നിന്നു ഒരു വൈറസ് പുറത്തു വിട്ടത്? ആയുധം കൊണ്ട് ലോകത്തെ കീഴടക്കുന്നതിന് പകരം വൈറസ് കൊണ്ട് നിയന്ത്രിക്കാനാവുമെന്ന് തെളിയിക്കലാവുമോ അവരുടെ ലക്ഷ്യം. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾക്ക് മുമ്പിൽ വിറങ്ങലിച്ചും പകച്ചും നിൽക്കുകയാണ്  ലോക രാജ്യങ്ങൾ.
 

Latest News