ന്യൂദല്‍ഹി- കോവിഡ് ലോക്ഡൗണില്‍ കുടങ്ങി ഇന്ത്യയില്‍നിന്ന് മടങ്ങി പോകാന്‍ വൈകുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് ആദായ നികുതി ഇളവു നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. റെസിഡന്‍സി പദവി മാറുന്ന ഇവര്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ലെന്നാണ് ധനമന്ത്രി നിര്‍മലാ സീതാ രാമന്റെ തീരുമാനം.
ദീര്‍ഘകാലം ഇന്ത്യയില്‍ താമസിച്ചാല്‍ എന്‍.ആര്‍.ഐ പദവി നഷ്ടമാകുമെന്നും നികുതി അടക്കണമെന്നും ആദായ നികുതി നിയമത്തിലെ സെക് ഷന്‍ ആറ് വ്യക്തമാക്കുന്നുണ്ട്. കോവിഡ് കാരണം അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കിയതിനാല്‍ പലര്‍ക്കും മടങ്ങാന്‍ സാധിച്ചിട്ടില്ല.
ദീര്‍ഘമായി ഇന്ത്യയില്‍ താമസിച്ചാല്‍ തങ്ങളും ഇന്ത്യയില്‍ കഴിയുന്നവരെ പോലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടിവരുമെന്ന് നിരവധി നിവേദനങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് ധനമന്ത്രാലയം പറഞ്ഞു.






