കുവൈത്ത് സിറ്റി - കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതലുകളുടെ ഭാഗമായി ലോക രാജ്യങ്ങൾ അതിർത്തികൾ അടക്കുകയും വിമാന സർവീസുകൾ നിർത്തിവെക്കുകയും ചെയ്തതോടെ വിദേശങ്ങളിൽ കുടുങ്ങിയ മുഴുവൻ കുവൈത്തികളുടെയും ഒഴിപ്പിക്കൽ പൂർത്തിയായതായി കുവൈത്ത് അറിയിച്ചു. ലോകത്തെ 58 എയർപോർട്ടുകളിൽ നിന്നുള്ള 185 പ്രത്യേക സർവീസുകളിലാണ് കുവൈത്തി പൗരന്മാരെ ഒഴിപ്പിച്ചത്. കുവൈത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കൽ പ്രക്രിയയാണിത്. കുവൈത്ത് എയർവേയ്‌സിനു പുറമെ മറ്റു വിമാന കമ്പനികളും ഇതിൽ പങ്കാളിത്തം വഹിച്ചു.
അഞ്ചു ഭൂഖണ്ഡങ്ങളിലും കുടുങ്ങിയ കുവൈത്തി പൗരന്മാരുടെ മടക്കയാത്ര എളുപ്പമാക്കുന്നതിന് പ്രത്യേക കമ്മിറ്റികളും സംഘങ്ങളും പ്രവർത്തിക്കുകയും ഒഴിപ്പിക്കൽ പ്രക്രിയയിൽ വിവിധ സർക്കാർ വകുപ്പുകൾ സജീവ പങ്കാളിത്തം വഹിക്കുകയും ചെയ്തതായി കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സ്വബാഹ് ഖാലിദ് അൽഹമദ് അൽസ്വബാഹ് പറഞ്ഞു. ഒഴിപ്പിക്കൽ പദ്ധതിയുടെ അവസാന ഘട്ടത്തിന്റെ ഭാഗമായി തിരിച്ചെത്തിയ സ്വദേശികളെ സ്വീകരിക്കുന്നതിന് കുവൈത്ത് എയർപോർട്ടിൽ എത്തിയതായിരുന്നു പ്രധാനമന്ത്രി. ലോകത്തെ ആശയക്കുഴപ്പത്തിലാക്കിയ ആരോഗ്യ പ്രതിസന്ധിയുടെയും വ്യോമഗതാഗതം അടക്കം എല്ലാ മേഖലകളിലും കർക്കശമായ ആരോഗ്യ നിയന്ത്രണങ്ങൾ ബാധകമാക്കിയതിന്റെയും പശ്ചാത്തലത്തിലാണ് കുവൈത്തി പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കിയത്. കൊറോണ വ്യാപനം തടയുന്നതിനുള്ള ആരോഗ്യ മുൻകരുതലുകൾ എല്ലാവരും ശക്തമായി പാലിക്കൽ അനിവാര്യമാണ്. കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്തിൽ രോഗബാധിതരുടെ എണ്ണം വലിയ തോതിൽ വർധിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.






