കൊണ്ടോട്ടി- റിയാദിൽനിന്ന് കരിപ്പൂരിലെത്തിയ എയർഇന്ത്യ വിമാനത്തിൽ പകുതിയിലേറെ പേരും ഗർഭിണികളും കുട്ടികളും. രാത്രി 8.30 ന്എത്തുമെന്ന അറിയിച്ചിരുന്ന വിമാനം 7.50ന് തന്നെ കരിപ്പൂരിലെത്തി. ഈ വിമാനത്തിൽ 149 യാത്രക്കാരാണുണ്ടായിരുന്നത്. ഇവരിൽ 84 പേരും ഗർഭിണികളാണ്. ശേഷിക്കുന്നവരിൽ 22 കുട്ടികളും ഉൾപ്പെടും.ഗർഭിണികളിൽ 23 പേരും,കുട്ടികളിൽ 11 പേരും മലപ്പുറം ജില്ലക്കാരാണ്. സംസ്ഥാനത്തെ 13 ജില്ലകളിൽ നിന്നുള്ള 139 പേരും കർണാടക,തമിഴ്നാട് സ്വദേശികളായ 10 പേരുമാണ് കരിപ്പൂരിലെത്തിയ വിമാനത്തിലുണ്ടായിരുന്നത്.സംഘത്തിൽ അഞ്ച് പേർ അടിയന്തര ചികിത്സക്കെത്തിയവരാണ്. എഴുപത് വയസിന് മുകളിൽ പ്രായമുള്ള മൂന്നു പേരും സംഘത്തിലുണ്ടായിരുന്നു.കുട്ടികളിൽ 15 പേരും മാതാക്കൾക്കൊപ്പമാണ് തിരിച്ചെത്തിയത്.
ഇന്ന് എത്തിയ വിമാനത്തിലും മലപ്പുറം ജില്ലക്കാരാണ് കൂടുതൽ. 48 പേരാണ് മലപ്പുറം ജില്ലയിൽ നിന്നുളളത്.കോഴിക്കോട് 23,പാലക്കാട് 10,വയനാട് നാല്,ആലപ്പുഴ മൂന്ന്,എറണാകുളം അഞ്ച്, ഇടുക്കി മൂന്ന്,കണ്ണൂർ 17,കാസർഗോഡ് രണ്ട്,കൊല്ലം ഒമ്പത്, കോട്ടയം ആറ്,പത്തനംതിട്ട ഏഴ്,തിരുവനന്തപുരം രണ്ട് യാത്രക്കാരുമാണ് കേരളത്തിൽ നിന്നുളളവർ.ശേഷിക്കുന്ന എട്ട് പേരിൽ തമിഴ്നാട്ടിൽ നിന്നുള്ള രണ്ട് പേരും കർണാടക സ്വദേശികളായ എട്ട് യാത്രക്കാരുമാണുണ്ടായിരുന്നത്.
ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യുന്നവരിൽ മുൻഗണന ക്രമം പാലിച്ചാണ് യാത്രക്കാർക്ക് വിമാനത്തിൽ സീറ്റ് അനുവദിക്കുന്നത്.ഇതിൽ ഗർഭിണികൾ,കുട്ടികൾ,പ്രായമായവർ തുടങ്ങിയവർക്കാണ് മുൻഗണന.റിയാദിൽ നിന്ന് തന്നെ കോവിഡ് ഇല്ലെന്ന് ഉറപ്പ് വരുത്തിയാണ് യാത്രക്കാരെ വിമാനത്തിൽ കയറ്റുന്നത്.






