Sorry, you need to enable JavaScript to visit this website.
Monday , May   25, 2020
Monday , May   25, 2020

മൗനത്തിന്റെ കൂടു പൊട്ടിച്ച്  അബഹയുടെ നീലത്തണുപ്പിൽ...

ലോക്ഡൗൺ ദിനങ്ങൾ നാൾക്കുനാൾ വിരസതയുടെ മൗന ജാലകങ്ങൾ തീർക്കവേ, സ്വാതന്ത്ര്യമെന്ന കിട്ടാക്കനി ഭൂലോകത്ത് മറ്റെന്തിനെക്കാളും മാധുര്യമേറുമെന്ന കാഴ്ചയായി മാറിക്കഴിഞ്ഞു. പ്രവാസലോകത്ത് പ്രത്യേകിച്ചും. തെരുവുകളിൽനിന്ന് പതിവായി തിരക്കിന്റെ ശബ്ദങ്ങളൊന്നുമില്ല. ജനലഴികളിലൂടെ അരിച്ചെത്തുന്ന ശുചീകരണ തൊഴിലാളികളുടെ ഒറ്റപ്പെട്ട ചില ശബ്ദങ്ങൾ, സിലണ്ടറുകളിൽ ആഞ്ഞടിച്ച് ആവശ്യക്കാരനെ പുറത്തിറക്കുന്ന ഗ്യാസ് വാഹനത്തിന്റെ മണിയൊച്ചകൾ. നാലു ചുമരുകൾക്കുള്ളിൽ മൊബൈലിലും ടി.വി സ്‌ക്രീനിലുമായി തലക്കുമ്പിട്ടിട്ടും നിറയുന്ന പതിവ് തട്ടിക്കൂട്ടലുകൾക്ക് അരക്കല്ലിൽ മുളക് ചുട്ടരച്ച കറിവേപ്പില മണത്ത തേങ്ങാച്ചമ്മന്തിയുടെ മണവും രുചിയുംഎങ്ങനെ സമ്മാനിക്കാനാകും? അതുപോലെയായിട്ടുണ്ട് പുറം ലോകമെന്ന അനന്തവിഹായസ്സിലേക്ക് ചിറക് വിരിച്ച് പച്ചമലകളും പുൽത്തകിടികളുമൊക്കെ ഒന്നു ചുറ്റി വരാൻ കൊതിയോടെ മോഹിക്കുന്ന ഓരോ പ്രവാസി മനസും. ദിവസങ്ങൾ മാസങ്ങളിലേക്ക് ഇഴഞ്ഞും തളർന്നും നീങ്ങുമ്പോൾ ഇനിയുമെത്ര നാൾ ഈ തടവറ എന്ന ഉൾചോദ്യമെയ്ത് ചേക്കേറാൻ മടി കാണിക്കുന്ന പെൺമനസ്സുകൾ. അടഞ്ഞു പോയ സ്‌കൂൾ ഗേറ്റുകളും പാർക്കുകളും. സൗഹൃദ സന്ധ്യകളും പാർട്ടികളും തിരികെയെത്തുന്ന അസുലഭ നിമിഷങ്ങൾക്ക് എത്ര തന്നെ കാതോർത്തിട്ടും മടങ്ങി വരവിന്റെ സൂര്യവെളിച്ചങ്ങൾ കാണുന്നേയില്ല. നിരാശമൂടിയ പരിഭവങ്ങൾക്ക് തെല്ലൊരാശ്വാസമാകട്ടെ എന്ന മോഹം മാത്രമായിരുന്നു അസീറിന്റെ തലസ്ഥാന നഗരിയിലേക്ക് യാത്ര പോകുമ്പോൾ മനസ്സിലുണ്ടായിരുന്നത്. തണുപ്പിന്റെ തമ്പുരാട്ടിയെന്നും, സൗദി അറേബ്യയിലെ കാശ്മീരെന്നുമൊക്കെ അഭിമാനപൂർവം കൊഞ്ചിച്ചോമനിക്കുന്ന മലമേട്. ഹരിതമണിഞ്ഞ മലകളുടെയും, തലകുനിച്ച വ്യക്ഷതണലുകൾ തലോടുന്ന താഴ്‌വരകളുടെയും മടിത്തട്ടിൽ, പച്ചപ്പിന്റെ സുഖലോലുപതയിൽ മഞ്ഞ് നുണഞ്ഞ് മദാലസയായി മയങ്ങുന്ന അബ്ഹ.


നോമ്പുക്കാലമായതിനാൽ പൊതുവേ തിരക്കുകൾ കുറവായിരുന്ന ഉച്ച സമയം. കൊറോണ വ്യാപനത്തിന്റെ മുഖമുദ്രയായി നിശബ്ദ തെരുവുകളും പ്രധാന വീഥികളും വഴിയോരങ്ങളിലെ വിശ്രമകേന്ദ്രങ്ങളും പാർക്കുകളും ശൂന്യം. അബഹയുടെ മേൽ തട്ടിലേക്ക് വാഹനമുരുളുമ്പോൾ നീലാകാശത്ത് മതിയാവോളം പറന്ന് തുടിക്കാൻ വെമ്പൽ കൊള്ളുന്ന ഒരു പക്ഷിയുടെ മനസ്സാകും നമുക്കുമെന്ന് തിരിച്ചറിയാനാകും. പാതയോരങ്ങൾക്ക് ഇരുവശവും നീല ചാമരങ്ങൾ വീശി മേഘത്തണൽ വീഴ്ത്തുന്ന 'നീല വാക' എന്നറിയപ്പെടുന്ന ജക്രാന്ത.. നിമിഷങ്ങളോളം മുന്നിൽ കാണുന്നതെല്ലാം നീല ജലാശയമെന്ന് കണ്ണും മനസും പരിസരബോധമില്ലാതെ സംശയത്തിന്റെയും, സഭാ കമ്പത്തിന്റെയും ഉത്തരമില്ലാത്ത വർണ രാജിയിലേക്ക് യാത്ര ചെയ്ത് ഇന്ദ്രിയങ്ങൾ സ്വയം സമർപ്പിതമാകുന്ന സ്വർഗീയാവസ്ഥ.
തെക്കേ അമേരിക്കക്കാരിയുടെ യാതൊരു വെച്ചു കെട്ടലുമില്ലാതെ, ഇങ്ങ് സൗദി അറേബ്യയുടെ സാംസ്‌ക്കാരിക തറവാട്ടിൽ നമ്രമുഖിയായി താഴ് വരത്തോപ്പിലും, പുൽമേട്ടിലും പാതയോരത്തും കണ്ണിനാനന്ദകരമാം വിധം ഹിമനീലിമയിൽ സ്വയം മറച്ച്, ചെറുകാറ്റിനൊപ്പം പുഷ്പവൃഷ്ടി തൂകി, തുള്ളി തുളുമ്പിയങ്ങനെ.. 


അന്തരീക്ഷമാകെ കായാമ്പൂ നിറ നൂലിഴകളാൽ കമ്പളം വിരിച്ച്, മഴ മേഘച്ചാർത്തിലാറാടി ജക്രാന്ത പുഷ്പത്തോരണച്ചില്ലയാൽ അബ്ഹയുടെ രാജകീയ സ്വീകരണം. ചെറിയവനെയും വലിയവനെയും ഒരേ തണലിൽ ആനന്ദ നിർവൃതിയിലാറാടിച്ച് പൂ പന്തലൊരുക്കുന്ന കാഴ്ചയുടെ വസന്തം. ഫെബ്രുവരിയിൽ പൂവിടുന്ന ജക്രാന്ത ഏതാണ്ട് ഏപ്രിലവസാനത്തോടെ യാത്ര പറയും... പൂവിതളുകൾക്ക് ആഴ്ചകളോളം മോടി മറയാതെ നിലനില്ക്കാനാകും എന്നതും ജന്മപുണ്യം.
തിരക്കുകളൊന്നുമില്ലാതെ ഏതാണ്ട് രണ്ടു മണിക്കൂറോളം കുടുംബമൊന്നിച്ച് അവിടെ സ്വയം മറന്നിരിക്കവേ പുഷ്പശയ്യയിൽ മനസ് ശാന്തമായതു പോലെ. വരും ദിനങ്ങൾ പ്രതീക്ഷയുടെയും പ്രകാശത്തിന്റെയും നീലവിരിയിട്ട ജാലകങ്ങളായി നമുക്ക് മുന്നിൽ ആവേശത്തോടെ തുറക്കപ്പെടുമെന്ന ആത്മവിശ്വാസത്തിന്റെ നിറവ്.. തിരികെ ഖമീസിലേക്ക് യാത്ര തിരിക്കുമ്പോഴും വഴിയോര കാറ്റിൽ നഗരചത്വരത്തിൽ അനുഗ്രഹവർഷമായി ചില്ല കൊഴിക്കുകയായിരുന്നു അവൾ.