Sorry, you need to enable JavaScript to visit this website.

പുന്നയൂർക്കുളം സെയ്‌നുദ്ദീൻ: എഴുത്തും വായനയും തപസ്യയാക്കിയ ഒരാൾ

പുന്നയൂർക്കുളം സെയ്‌നുദ്ദീൻ

വായനയും എഴുത്തും അനിർവചനീയമായ ഒരു ലഹരിയാണ്. ജീവിതത്തിലെ വിലപ്പെട്ട സമയം ഇതിനായി ചിലവഴിക്കുകയും അക്ഷരങ്ങളെ മറ്റെന്തിനേക്കാളേറെ സ്‌നേഹിക്കുകയും ചെയ്യുന്നവർ പെരുത്തുണ്ട്. അക്ഷര രതിയെന്നോ അക്ഷര ഭ്രാന്തെന്നോ പറയുംവിധം അത്രമേൽ പുസ്തകങ്ങളെ ജീവിതത്തിന്റെ ഭാഗമാക്കിയ പ്രതിഭകൾ 

വായന പുന്നയൂർക്കുളം സെയ്‌നുദ്ദീൻ എന്ന കഥാകാരന് എന്നും ഒരാവേശമാണ്. തന്റെ കുട്ടിക്കാലത്ത് പിതാവിന്റെ കടയിൽ എത്തിയിരുന്ന പത്രങ്ങളിലൂടെയാണ് വായന തുടങ്ങുന്നത്. അത് പിന്നീട് പുന്നയൂർക്കുളത്തെ ആൽത്തറയിലെ പുസ്തക കടകളിൽ നിരത്തിവെച്ച ആഴ്ചപ്പതിപ്പുകളിലേയ്ക്കും തുടർന്ന് കുന്നത്തൂരിലെ നാലാപ്പാടൻ സ്മാരക വായനശാലയിലേയ്ക്കും വളർന്നുപന്തലിച്ചു. അവിടെ നിന്നാണ് മലയാളികളായ സാഹിത്യകാരന്മാരെയും വിദേശികളായ എഴുത്തുകാരെയും കൂടുതലായും പരിചയപ്പെടുന്നത്. ആദ്യമായി വായിച്ച പുസ്തകം വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയാണ്. ഒ. വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, മലയാറ്റൂരിന്റെ പുസ്തകങ്ങൾ, പാറപ്പുറത്ത്, വിലാസിനി, കോട്ടയം പുഷ്പനാഥ് അങ്ങനെ നീളുന്നു വായനയുടെ ആ ഇഷ്ട നിര.
വിദേശത്തേയ്ക്ക് കടക്കുമ്പോൾ ഒ. ഹെൻറി, ഹെമിങ്‌വേ, കവാബത്ത യസുനാരി അങ്ങനെ നീളുന്നു അക്കാലത്തെ വായന. അത് പത്താം ക്ലാസിന് മുമ്പുള്ള വായന. അന്ന് വായനശാലയിൽ അംഗത്വം ലഭിക്കാൻ  സ്ഥലത്തെ പ്രമുഖർ ആരെങ്കിലും പരിചയപ്പെടുത്തണം എന്ന ഒരു രീതിയുണ്ട്. എങ്കിൽ ഡിപ്പോസിറ്റ് തുക ഒഴിവായിക്കിട്ടും. പുന്നയൂർക്കുളത്തെ അറിയപ്പെടുന്ന അനൗൺസറായ കുഞ്ഞുക്കയാണ് അന്ന് സെയ്‌നുദ്ദീനെ വായനശാലാ ഭാരവാഹികൾക്ക് പരിചയപ്പെടുത്തിയത്. ചെറിയ ക്ലാസ്സിലെ വിദ്യാർത്ഥിക്ക് ഡിപ്പോസിറ്റ് തുക ഭാരം തന്നെയായിരുന്നു അക്കാലത്ത്. കാലിന് ചെറിയ സ്വാധീനക്കുറവ് ഉണ്ടെങ്കിലും അതൊന്നും വകവെയ്ക്കാതെ അന്ന് അദ്ദേഹം സൈനുദ്ദീന്റെ കൂടെ പോയി സഹായിച്ചു.


വായനയുടെ മണ്ണിലൂടെ തന്നെയാണ് സെയ്‌നുദ്ദീന്റെ എഴുത്തിന്റെ വേരുപടലങ്ങൾ ഉരുത്തിരിഞ്ഞത്. പിതാവ് പറഞ്ഞുകൊടുത്ത കഥ ചെറിയ മാറ്റങ്ങൾ വരുത്തി എഴുതിയതായിരുന്നു ആദ്യത്തെ കഥയായ 'മന്ത്രിയുടെ ബുദ്ധി'. 'മലർവാടി' മാസികയിൽ പ്രസിദ്ധീകരിക്കുമ്പോൾ അദ്ദേഹം എട്ടാം കഌസിലാണ്. തുടർന്ന് ചന്ദ്രികയുടെ വരാന്തപ്പതിപ്പിൽ 'ഒരു ഞായറാഴ്ചയിൽ' എന്ന കഥ അച്ചടിച്ചു വന്നു. 


താൻ കാണുകയോ അറിയുകയോ ചെയ്യാത്ത വിവിധ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർമാരാണ് തനിക്ക് എഴുത്തിൽ പ്രചോദനമായതെന്ന് സെയ്‌നുദ്ദീൻ പറയുന്നു. മനോഹരമായ കഥകളിലൂടെ അവർ ഈ എഴുത്തുകാരനെ  സ്‌നേഹിച്ചിരിക്കും.
ഈ പ്രതിഭ പിൽക്കാലത്ത് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയപ്പോൾ പേര് വെച്ച് മറുപടി എഴുതിയ എഡിറ്റർമാരാണ് പ്രശസ്തരായ പി. കെ പാറക്കടവ്, ഹംസ അബ്ബാസ്, സിദ്ധാർത്ഥൻ പരുത്തിക്കാട്, ജമാൽ കൊച്ചങ്ങാടി തുടങ്ങിയവർ. മറുപടിക്കത്തിലൂടെയാണ് സെയ്‌നുദ്ദീൻ ഇവരെയൊക്കെ അറിയുന്നതും തുടർന്ന് എഴുത്തുകളിലൂടെ പരിചയപ്പെടുന്നതും. എഴുത്തുകാർ എന്ന നിലയ്ക്ക് അവരെയൊക്ക മാധ്യമങ്ങളിൽ വായിച്ച അറിവ് മാത്രമായിരുന്നു അതുവരെ.
മലയാളം ന്യൂസ് അടക്കമുള്ള പ്രസിദ്ധീകരണങ്ങളിൽ സൈനുദ്ദീന്റെ നിരവധി കഥകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.


മനുഷ്യത്വം, സദാചാരം, സ്‌നേഹം, അനുകമ്പ, സാഹോദര്യം തുടങ്ങിയ വാക്കുകളുടെ ആപേക്ഷികാർഥങ്ങളുടെ ആഴവും പരപ്പും അനിർവചനീയമായി സെയ്‌നുദ്ദീൻ തന്റെ രചനകളിൽ വരച്ചിടുന്നു. എന്തൊക്കെയാണ് ഇത്തരം മാനവിക മൂല്യങ്ങളുടെ ധർമമെന്ന് അദ്ദേഹം  എഴുതുന്നത് അയത്‌ന ലളിതമായ ഭാഷയിലാണ്. എഴുത്തിൽ അദ്ദേഹം അടയാളപ്പെടുത്തുന്ന രൂപകങ്ങൾ അതിമനോഹരവും!
കോഴിക്കോട് ഒലീവ് പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച 'ബുൾഫൈറ്റർ' (കഥാസമാഹാരം) എന്ന പുസ്തകം സെയ്‌നുദ്ദീന്റെ മികച്ച രചനയാണ്. ആലങ്കോട് ലീലാ കൃഷ്ണനാണ് ഇതിന് അവതാരിക എഴുതിയത്. ലോകത്തിന്റെ നാനാഭാഗത്ത് ജീവിതം തേടിപ്പോയ മനുഷ്യരുടെ കഥയാണിത്. ലാറ്റിനമേരിക്കൻ കാളപ്പോരുകാരോടൊപ്പം ചേർന്ന മലയാളിയുടെ കഥയാണ് ഈ പുസ്തകത്തിലെ ബുൾഫൈറ്റർ എന്ന കഥയിൽ പറയുന്നത്. മറ്റുള്ളവ ഗൾഫ് പശ്ചാത്തലമായുള്ള മികച്ച കഥകളാണ്.
കോട്ടയം ഡിസി കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച 'ഓൺലൈനിൽ ശ്രീജ വിളിക്കുന്നു' എന്ന കഥാ സമാഹാരത്തിന് അവതാരിക എഴുതിയത്  പി. സുരേന്ദ്രനാണ്. സമകാലീന സോഷ്യൽ മീഡിയ ബന്ധങ്ങൾ ആസ്പദമാക്കിയുള്ള ഓൺലൈനിൽ ശ്രീജ വിളിക്കുന്നു എന്ന കഥയോടൊപ്പം ഹാഗോപ്പ് എന്ന ഒട്ടക ജീവിതത്തിന്റെ കഥയും മറ്റു ചില കഥകളുമാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.


തിരുവനന്തപുരം പ്രഭാത് ബുക്‌സ് പ്രസിദ്ധീകരിച്ച 'നഃസ്ത്രീ സ്വാതന്ത്ര്യമർഹതി' എന്ന നോവൽ സെയ്‌നുദ്ദീന്റെ ശ്രദ്ധേയ രചനയാണ്. പിതാ രക്ഷതി കൗമാരേ, ഭർത്രോ രക്ഷതി യൗവ്വനേ, പുത്രോ രക്ഷതി വർദ്ധക്യെ എന്ന് മനു പറയുന്നുണ്ട്. അത് ഒരു പക്ഷെ അക്കാലത്തെ സ്ത്രീകളുടെ അവസ്ഥയാകാം. അല്ലെങ്കിൽ അദ്ദേഹത്തിന്റെ അഭിപ്രായവുമാകാം. ആധുനിക കാലത്ത്  സ്ത്രീകളുടെ സ്വാതന്ത്ര്യം എവിടെ എത്തിനിൽക്കുന്നു എന്ന പ്രസക്ത വിഷയമാണ് ഈ നോവൽ ചർച്ച ചെയ്യുന്നത്.
ഒലീവ് പബ്ലിഷേഴ്‌സ് പുറത്തിറക്കിയ 'മരുഭൂമിയിലെ ഒട്ടക ജീവിതം' ഏറെ ചർച്ച ചെയ്യപ്പെട്ട പുസ്തകമാണ്.  ഗൾഫിലെ മരുഭൂമിയിൽ  ഒട്ടക പരിപാലകരോടൊപ്പം താമസിച്ചു തയ്യാറാക്കിയ ലേഖനങ്ങളുടെ സമാഹാരമാണിത്.


മദ്ധ്യപൂർവേഷ്യൻ രാജ്യങ്ങളിലെ ചരിത്രവും ബൈബിളിലേയും ഖുർആനിലെയും ഐക്കൺസായ മോസസ് (മൂസ നബി) ഇയ്യോബ് (അയ്യൂബ് നബി), സോളമൻ, ഷേബാ രാജ്ഞി തുടങ്ങിയവരുടെ ജന്മസ്ഥലങ്ങൾ സന്ദർശിച്ച് തയ്യാറാക്കിയ യാത്രാവിവരണവും ഇതിൽ ഉൾപ്പെടുന്നു.
ബഷീറിന്റെ തിരഞ്ഞെടുത്ത കൃതികൾ, ടി. പത്മനാഭന്റെ പ്രിയപ്പെട്ട കഥകൾ, മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകൾ, പി. കെ പാറക്കടവിന്റെ മിന്നൽ കഥകൾ തുടങ്ങിയവ സെയ്‌നുദ്ദീൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന കൃതികളാണ്. വിദേശ പുസ്തകങ്ങളായ ആൽക്കമിസ്റ്റ് (പൗലോ കെയ്‌ലോ), ചുവപ്പാണെന്റെ പേര്  (ഓർഹൻ പാമുഖ്), ഏകാന്തതയുടെ നൂറുവർഷങ്ങൾ (ഗ്രബ്രിയേൽ മാർകേസ്) തുടങ്ങിയവയും ഏറെ ഇഷ്ടപ്പെടുന്നു.
കൈരളി ചാനൽ പുരസ്‌കാരം, ഭരത് മുരളി അവാർഡ്, അങ്കണം അവാർഡ്, വർത്തമാനം ദിനപ്പത്രം അവാർഡ്, യു.എ.ഇ എക്‌സ്‌ചേഞ്ച്  ചിരന്തന അവാർഡ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ പുരസ്‌കാരം, പാം അക്ഷര മുദ്ര പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങൾ ഇതിനകം സെയ്‌നുദ്ദീനെ തേടിയെത്തിയിട്ടുണ്ട്.
ഫോട്ടോഗ്രഫിക്ക് യു.എ.ഇ. ഇത്തിസലാത്ത് അവാർഡ്, മിനോൾട്ട കാമറ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.


തൃശൂർ ജില്ലയിലെ പുന്നയൂർക്കുളം സ്വദേശിയായ സെയ്‌നുദ്ദീൻ എക്കണോമിക്‌സ് ബിരുദധാരിയാണ്. ജേണലിസത്തിലും ഫോട്ടോഗ്രഫിയിലും ഡിപ്ലോമ നേടിയിട്ടുണ്ട്. പിതാവ്: മേനാത്ത് അബ്ദു, മാതാവ്: ഫാത്തിമ. ഭാര്യ: ലൈല സെയ്‌നുദ്ദീൻ. മക്കൾ: സിയാദ് സായിൻ, ഷഹീൻ സായിൻ. ഇരുപത്തിയഞ്ച് വർഷമായി പ്രവാസ ജീവിതം നയിക്കുന്നു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ എച്ച്.ആർ. മാനേജരാണ്.
പ്രവാസലോകത്തെ തിരക്കുകളിൽനിന്ന് എഴുത്തിന്റെ ഒഴിയാതിരക്കുകളിലേക്ക് ഒഴുകുകയാണ് ഈ കഥാകൃത്തിന്റെ ജീവിതം. എഴുതിയും മറ്റുള്ളവരെ നിരന്തരം എഴുതാൻ പ്രേരിപ്പിച്ചും പ്രവാസ ലോകത്തെ സമയങ്ങളത്രയും  ഈ പ്രതിഭ സാർഥകമാക്കുന്നു. ഇപ്പോൾ പുതിയ നോവലിന്റെ പണിപ്പുരയിലാണ് സെയ്‌നുദ്ദീൻ. മലയാളി റൈറ്റേഴ്‌സ് ഫോറം ഉൾപ്പടെ നിരവധി സാഹിത്യ സാംസ്‌കാരിക കൂട്ടായ്മകളുടെ മുഖ്യ സംഘാടകൻ കൂടിയാണ്.

 

Latest News