കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി; മരണം കോവിഡ് ബാധിച്ചെന്ന് പ്രചാരണം

ന്യൂദല്‍ഹി- കാമുകനുമായി ചേര്‍ന്ന് യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തി. ദല്‍ഹി അശോക് വിഹാറില്‍ മുപ്പത് വയസുകാരിയായ അനിതയും കാമുകനും ചേര്‍ന്ന് ഉറങ്ങിക്കിടക്കുന്ന ഭര്‍ത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശരത് ദാസ്(46) ആണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് ശേഷം, ഭര്‍ത്താവ് കോവിഡ് ബാധിച്ച് മരിച്ചതാണെന്നായിരുന്നു യുവതിയുടെ പ്രചരണം. രാവിലെ എഴുനേറ്റപ്പോള്‍ ഭര്‍ത്താവ് ബോധരഹിതനായി കിടക്കുകയായിരുന്നുവെന്നും കോവിഡ് ബാധിച്ചാണ് മരണമെന്നുമാണ് യുവതി അയല്‍ക്കാരോട് പറഞ്ഞത്. അയല്‍വീട്ടിലെ കോവിഡ് മരണത്തെകുറിച്ച് പ്രദേശവാസികള്‍ പോലിസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമാവുന്നത്. രോഗവിവരങ്ങള്‍ പോലിസിനോട് കൃത്യമായി വിവരിക്കാന്‍ ഭാര്യയ്ക്ക് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പോലിസ് ശവസംസ്‌കാരം നിര്‍ത്തിവെപ്പിക്കുകയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു. 

കൊല്ലപ്പെട്ടയാള്‍ക്ക് കോവിഡ് ലക്ഷണങ്ങളോന്നും ഇല്ലായിരുന്നുവെന്ന് അയല്‍ക്കാര്‍ മൊഴിനല്‍കുകയും ചെയ്തതോടെ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. സഞ്ജയ് എന്ന യുവാവുമായി പ്രണയത്തിലായിരുന്ന തന്നോട് ഇക്കാര്യമറിഞ്ഞ ശരത് ദാസ്  മോശമായി പെരുമാറിയതായും തുടര്‍ന്ന് കാമുകനെ വിളിച്ചുവരുത്തി കൊലപാതകം ആസൂത്രണം ചെയ്യുകയുമായിരുന്നു. ഉറങ്ങിക്കിടക്കുന്ന ഭര്‍ത്താവിനെ പുതപ്പ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് അനിത പോലിസിന് മൊഴിനല്‍കി.

Latest News