കോട്ടയം - കോട്ടയം കോവിഡ് മുക്തമാണെങ്കിലും റെഡ് സോണിൽ തന്നെ. ഗ്രീൻ സോണിലേക്ക് കടക്കാൻ പോസിറ്റീവ് കേസില്ലാതെ 21 ദിവസം വേണം. ഇന്നലെ കോട്ടയത്ത് ഫലം വന്ന 73 ഫലങ്ങളും നെഗറ്റീവാണ്. ആശുപത്രിയിൽ ആരും ചികിത്സയിലില്ലെങ്കിലും 235 പേരെ വീട്ടു നിരീക്ഷണത്തിലാക്കി. പോസീറ്റീവായ രോഗികളുടെ പ്രൈമറി, സെക്കന്ററി കോൺടാക്ടുകൾ ഉൾപ്പടെ ഉളള സാഹചര്യത്തിൽ ജാഗ്രത തുടരണമെന്ന് ജില്ലാ ഭരണകൂടം അഭ്യർഥിച്ചിട്ടുണ്ട്്. ജില്ലയിൽ നിലവിൽ കോവിഡ് രോഗികളില്ലെങ്കിലും രോഗപ്രതിരോധനത്തിനായുള്ള നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് ജില്ലാ കലക്ടർ പി.കെ. സുധീർ ബാബു അറിയിച്ചു. കോട്ടയം ഇപ്പോഴും റെഡ് സോണിലാണ്. നേരത്തെ പൂർണമായും രോഗമുക്തി നേടിയ ജില്ലയിൽ ഏതാനും ദിവസങ്ങൾക്കുള്ളിലാണ് 17 പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. അതുകൊണ്ടുതന്നെ അതീവ ജാഗ്രത പുലർത്താൻ എല്ലാവരും ശ്രദ്ധിക്കണം. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ പ്രൈമറി, സെക്കണ്ടറി കോൺടാക്ടുകൾ ഇപ്പോഴും നിരീക്ഷണത്തിൽ കഴിയുന്നു. ആറ് തദ്ദേശഭരണ സ്ഥാപന വാർഡുകൾ കണ്ടെയ്ൻമെൻറ് സോണുകളായി നിലനിർത്തിയിട്ടുമുണ്ട്. രോഗപ്രതിരോധത്തിനായുള്ള മുൻകരുതൽ നടപടികൾ ഫലപ്രദമാകുന്നതിന് എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.