Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹറമിൽ അണുനശീകരണത്തിന് പുതിയ സംവിധാനം

വിശുദ്ധ ഹറമിൽ സ്ഥാപിച്ച സെൽഫ് സാനിറ്റൈസിംഗ് ഗെയ്റ്റുകൾ 

മക്ക - കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി, വിശുദ്ധ ഹറമിൽ പ്രവേശിക്കുന്നവരെ അണുവിമുക്തമാക്കുന്നതിന് ഹറംകാര്യ വകുപ്പ് അത്യാധുനിക സാങ്കേതികവിദ്യ അടങ്ങിയ സെൽഫ് സാനിറ്റൈസിംഗ് ഗെയ്റ്റുകൾ ഏർപ്പെടുത്തി. അണുനശീകരണികൾ സ്‌പ്രേ ചെയ്ത് ആളുകളെ അണുവിമുക്തമാക്കുന്ന സെൽഫ് സാനിറ്റൈസിംഗ് ഗെയ്റ്റുകളിൽ ആറു മീറ്റർ ദൂരെ വെച്ച് ആളുകളുടെ ശരീര താപനില പരിശോധിക്കുന്നതിനുള്ള തെർമൽ ക്യാമറകളും ശരീര താപനില റീഡ് ചെയ്യുന്ന സ്മാർട്ട് സ്‌ക്രീനും അടങ്ങിയിരിക്കുന്നു. 


ഒരേ സമയം ഏതാനും പേരുടെ ശരീര താപനിലകൾ സെക്കന്റിനകം റീഡ് ചെയ്യുന്നതിന് സ്മാർട്ട് സ്‌ക്രീനുകൾക്ക് സാധിക്കും. അണുനശീകരണികൾ സൂക്ഷിക്കുന്നതിനുള്ള യൂനിറ്റും ശരീര താപനില നിരീക്ഷിക്കുന്ന ക്യാമറകളും സ്മാർട്ട് സ്‌ക്രീനുകളും അടങ്ങിയതാണ് ഗെയ്റ്റുകൾ. ദിവസേന ജോലിക്കായി വിശുദ്ധ ഹറമിൽ പ്രവേശിക്കുന്ന എല്ലാവരും സെൽഫ് സാനിറ്റൈസിംഗ് ഗെയ്റ്റുകൾ വഴി കടന്നുപോകും. ഉപയോഗം പൂർത്തിയായ ശേഷം സെൽഫ് സാനിറ്റൈസിംഗ് ഗെയ്റ്റുകളും പതിവായി അണുവിമുക്തമാക്കുകയും ചെയ്യും. 
കൊറോണ വ്യാപനം തടയുന്നതിന് നിരവധി മുൻകരുതൽ, പ്രതിരോധ നടപടികൾ ഹറംകാര്യ വകുപ്പ് ബാധകമാക്കിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയെന്നോണമാണ് സെൽഫ് സാനിറ്റൈസിംഗ് ഗെയ്റ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. ഹറമിന്റെ പ്രവേശന കവാടങ്ങളിൽ നേരത്തേ തന്നെ തെർമൽ ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഹറമിൽ പ്രവേശിക്കുന്ന എല്ലാവരെയും പരിശോധിക്കുന്നുമുണ്ട്. ഹറമിൽ നമസ്‌കാരത്തിൽ പങ്കെടുക്കുന്നവർക്കിടയിൽ സുരക്ഷിത അകലം ബാധകമാക്കിയിട്ടുമുണ്ട്.


അതേസമയം, പരീക്ഷണാടിസ്ഥാനത്തിലാണ് ഹറമിന്റെ കവാടങ്ങളിലും മുറ്റങ്ങളിലും സെൽഫ് സാനിറ്റൈസിംഗ് ഗെയ്റ്റുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് ഹറംകാര്യ വകുപ്പ് വക്താവ് ഹാനി ഹൈദർ പറഞ്ഞു. വിജയകരമാണെന്ന് കണ്ടെത്തിയാൽ ഇതിന്റെ ഉപയോഗം വ്യാപകമാക്കും. വിശുദ്ധ റമദാനിലെ അവസാന പത്തിൽ ഉപയോഗിക്കുന്നതിനു വേണ്ടിയാണ് സെൽഫ് സാനിറ്റൈസിംഗ് ഗെയ്റ്റുകൾ സ്ഥാപിച്ചത് എന്ന നിലക്ക് പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ല. സാമൂഹിക മാധ്യമങ്ങളിലൂടെ കിംവദന്തികൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ തേടണമെന്നും ഹറംകാര്യ വകുപ്പ് വക്താവ് ആവശ്യപ്പെട്ടു. ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി ഹറംകാര്യ വകുപ്പ് കൊറോണ വ്യാപനം തടയുന്നതിന് ഹറമിൽ മുൻകരുതൽ നടപടികൾ നടപ്പാക്കുന്നുണ്ട്. കൊറോണ വ്യാപനത്തിൽ നിന്ന് ജീവനക്കാർക്ക് സംരക്ഷണം നൽകുന്നതിന് സഹായകമായ എല്ലാ മുൻകരുതലുകളും നടപ്പാക്കാൻ ശക്തമായി ശ്രമിച്ചുവരികയാണെന്നും ഹാനി ഹൈദർ പറഞ്ഞു.


അതേസമയം, വിശുദ്ധ റമദാനിൽ ഹറമിൽ പ്രവേശിക്കുന്നതിന് ആറു കവാടങ്ങൾ ഹറംകാര്യ വകുപ്പ് നിർണയിച്ചു. കിംഗ് ഫഹദ് ഗെയ്റ്റ്, അജ്‌യാദ്, ബിലാൽ, അൽസ്വഫ, അൽസലാം, 94 ാം നമ്പർ ഗെയ്റ്റ് എന്നീ കവാടങ്ങളിലൂടെ മാത്രമാണ് ജീവനക്കാർ അടക്കമുള്ളവരെ ഹറമിൽ പ്രവേശിക്കാൻ അനുവദിക്കുന്നത്. ഇതിൽ ബിലാൽ ഗെയ്റ്റ് വിശുദ്ധ ഹറമിലെ ഇമാമുമാർക്കും അൽസ്വഫ ഗെയ്റ്റ് ജീവനക്കാർക്കും മാത്രമായി നീക്കിവെച്ചിട്ടുണ്ട്. വിശുദ്ധ റമദാനിലെ അവസാന പത്തിൽ വിശ്വാസികൾക്ക് ഹറമിലേക്ക് പ്രവേശനം നൽകുന്നതിനു മുന്നോടിയായാണ് ഹറമിന്റെ പ്രവേശന കവാടങ്ങളിൽ സെൽഫ് സാനിറ്റൈസിംഗ് ഗെയ്റ്റുകൾ സ്ഥാപിക്കുന്നതെന്ന് നേരത്തേ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശരിയല്ലെന്നും പരീക്ഷണാടിസ്ഥാനത്തിലാണ് സെൽഫ് സാനിറ്റൈസിംഗ് ഗെയ്റ്റുകൾ സ്ഥാപിച്ചിരിക്കുന്നതെന്നുമാണ് ഹറംകാര്യ വകുപ്പ് വക്താവ് വ്യക്തമാക്കിയിരിക്കുന്നത്. 

 

Latest News