ജീവനക്കാർക്ക് കൊറോണ: സൗദിയിൽ പോളിക്ലിനിക് അടപ്പിച്ചു

സ്ഥാപനം അടപ്പിച്ചത് വ്യക്തമാക്കി ബലദിയ പതിച്ച പോസ്റ്റർ 

ജിദ്ദ - ലൈത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ പോളിക്ലിനിക് ജിദ്ദ നഗരസഭക്കു കീഴിലെ ലൈത്ത് ബലദിയ അടപ്പിച്ചു. പോളിക്ലിനിക്കിലെ രണ്ടു ജീവനക്കാർക്ക് കൊറോണബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് സ്ഥാപനം മുൻകരുതലെന്നോണം അടപ്പിച്ചത്. പോളിക്ലിനിക്കും ജീവനക്കാരുടെ താമസ സ്ഥലവും ഇവയുടെ പരിസരപ്രദേശങ്ങളും അണുവിമുക്തമാക്കുന്നതിന് ലൈത്ത് ബലദിയ നടപടിയെടുത്തിട്ടുണ്ട്. 


രണ്ടാഴ്ചക്കിടെ ഈ പോളിക്ലിനിക് സന്ദർശിച്ച എല്ലാവരും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ബലദിയ ആവശ്യപ്പെട്ടു. രോഗലക്ഷണങ്ങളുള്ളവർ അക്കാര്യം വെളിപ്പെടുത്തുകയും 937 എന്ന നമ്പറിൽ ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും വേണം. ലൈത്തിൽ രണ്ടു പേർക്ക് കൊറോണബാധ സ്ഥിരീകരിച്ചതായി ബുധനാഴ്ച ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ലൈത്തിലെ സ്വകാര്യ പോളിക്ലിനിക്കിൽ ജോലി ചെയ്യുന്ന ഏഷ്യൻ വംശജരായ വനിതാ ആരോഗ്യ പ്രവർത്തകർക്കാണ് കൊറോണബാധ സ്ഥിരീകരിച്ചത്.


 

Latest News