ദുബായില്‍ കോവിഡ് ബാധിച്ച ഇന്ത്യക്കാരിക്ക് സുഖപ്രസവം

ദുബായ്- കോവിഡ് ബാധ സ്ഥിരീകരിച്ച ഇന്ത്യന്‍ വംശജക്ക് ദുബായ് അല്‍സഹ്‌റ ആശുപത്രിയില്‍ സുഖപ്രസവം. 25 കാരിയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മെയ് രണ്ടിനാണ് കോവിഡ് രോഗം സ്ഥിരീകരിച്ച യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഈ മാസം 19നായിരിക്കും പ്രസവം എന്നായിരുന്നു ഡോക്ടര്‍മാരുടെ നിഗമനം. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം ഇവര്‍ 3.18 കിലോഗ്രാം ഭാരമുള്ള ആണ്‍ കുഞ്ഞിന് ജന്മം നല്‍കി. വേദന അനുഭവപ്പെട്ട്  15 മിനിറ്റുകള്‍ക്കകം പ്രസവം നടന്നതായി നഴ്‌സിംഗ് ഡയറക്ടര്‍ മൈസൂന്‍ യൂസഫ് പറഞ്ഞു.
കോവിഡ് 19 പോസിറ്റീവാണെന്ന ഫലം അറിഞ്ഞതിന് ശേഷം ഭാര്യയുടെയും കുഞ്ഞിന്റെയും ആരോഗ്യനില സംബന്ധിച്ച് ഞങ്ങള്‍ കടുത്ത ആശങ്കയിലായിരുന്നു. എന്നാല്‍ അല്‍സഹ്‌റ ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും അശ്രാന്ത പരിശ്രമം കാരണം സങ്കീര്‍ണതകളൊന്നുമില്ലാതെ കുഞ്ഞ് പിറന്നു, ഭാര്യക്ക് കുഴപ്പമൊന്നുമില്ലെന്നും യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. ആശുപത്രി ജീവനക്കാര്‍ക്ക് എങ്ങിനെ നന്ദി പറയണമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വജാത ശിശുവിനെയും കോവിഡ് പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ടെന്നും പരിശോധനക്കായി കാത്തിരിക്കുകയാണെന്നും അല്‍സഹ്‌റ ആശുപത്രി വൃത്തങ്ങള്‍ വെളിപ്പെടുത്തി. രോഗവിമുക്തി നേടി അമ്മയെയും കുഞ്ഞിനെയും ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പതീക്ഷ.

 

 

 

Latest News