മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറിന് ഇന്ന് 41ാം വിവാഹ വാര്‍ഷികം

വൈക്കം-മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ഇന്ന് 41ാം വിവാഹ വാര്‍ഷികം.  കൊച്ചുമകള്‍ മറിയത്തിന്റെ മൂന്നാം പിറന്നാള്‍ ആഘോഷിച്ചതിന് പിന്നാലെയായാണ് കുടുംബത്തില്‍ അടുത്ത ആഘോഷം. സൂപ്പര്‍സ്റ്റാറിന് ആശംസകളുമായി നിരവധി പേരാണ് എത്തിയത്.  ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മറ്റുമായി ആശംസ പോസ്റ്റുകളെല്ലാം വൈറലായി മാറിയിരുന്നു. ജോജു ജോര്‍ജ്, അനു സിതാര, സംവിധായകരായ അജയ് വാസുദേവ്, അരുണ്‍ ഗോപി തുടങ്ങി നിരവധി പേരാണ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.1979 മേയ് ആറിനാണ് മമ്മൂട്ടി സുല്‍ഫത്തിനെ വിവാഹം കഴിക്കുന്നത്. അന്ന് മമ്മൂട്ടി വക്കീലായി പ്രാക്ടീസ് ചെയ്യുകയായിരുന്നു. അഭിനയമോഹം തലയ്ക്കുപിടിച്ച മമ്മൂട്ടി വിവാഹത്തിന് മുന്‍പ് വേഷമിട്ടത് അനുഭവങ്ങള്‍ പാളിച്ചകള്‍, കാലചക്രം എന്നീ ചിത്രങ്ങളിലായിരുന്നു. 
വിവാഹത്തിനുശേഷം കെ.ജി ജോര്‍ജ്ജ് സംവിധാനം ചെയ്ത മേളയിലൂടെ മമ്മൂട്ടി ശ്രദ്ധനേടി. അഭിഭാഷകന്റെ ജോലി വിട്ട് നടനാകുക എന്ന മമ്മൂട്ടിയുടെ മോഹത്തിന് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയത് സുല്‍ഫത്തായിരുന്നു.മമ്മൂട്ടി-സുല്‍ഫത്ത് ദമ്പതികളുടെ മൂത്ത മകള്‍ സുറുമിയാണ്.  ദുല്‍ഖര്‍ സുറുമിയേക്കാള്‍ നാല് വയസ്സിന് ഇളയതാണ്.  
 

Latest News