Sorry, you need to enable JavaScript to visit this website.

ഷാർജ തീപിടിത്തം: കാരണമായത് നിരോധിത അലൂമിനിയം ക്ലാഡിംഗ്

ഷാർജ- അൽനഹ്ദയിൽ ഇത്തിസാലാത്ത് ബിൽഡിംഗിന് സമീപം അബ്‌കോ ടവർ കെട്ടിടത്തിൽ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയുണ്ടായ അഗ്നിബാധ വൻനാശം വിതച്ചതിന്റെ കാരണം കണ്ടെത്തി പോലീസ്. യു.എ.ഇയിൽ നിരോധിച്ച അലൂമിനിയം മിശ്രണം ചെയ്ത ക്ലാഡിംഗ് ഉപയോഗിച്ചാണ് കെട്ടിടത്തിന് ആവരണം ചെയ്തിരുന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. പത്താം നിലയിൽ ആരംഭിച്ച തീ മിനിറ്റുകൾക്കകം 49 നില കെട്ടിടമാകമാനം വ്യാപിക്കുകയായിരുന്നു. അബ്‌കോ ടവറിന്റെ മുൻവശത്തെ ക്ലാഡിംഗ് പെട്ടെന്ന് തീപിടിക്കാനിടയാക്കുന്ന നിർമിതിയായിരുന്നുവെന്ന് ഷാർജ പോലീസിലെ ഫോറൻസിക് ഡിപ്പാർട്ട്‌മെന്റ് മേധാവി ബ്രിഗേഡിയർ അഹ്മദ് അൽസർക്കൽ വ്യക്തമാക്കി. 
തീ ആളിപ്പടരാൻ സാധിക്കുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 2017ൽ ഇത്തരം ക്ലാഡിംഗ് രാജ്യത്ത് നിരോധിച്ച ത്. ഇതിന് മുമ്പ് നിർമിച്ച കെട്ടിടമായതിനാൽ അബ്‌കോ ടവർ ഉടമയോട് പഴയ ക്ലാഡിംഗ് മാറ്റാൻ നിർദേശിച്ചിരുന്നുവെന്നും ബ്രിഗേഡിയർ അൽസർക്കൽ കൂട്ടിച്ചേർത്തു. പഴക്കംചെന്ന് ബിൽഡിംഗ് ഉടമകളോടെല്ലാം ക്ലാഡിംഗ് മാറ്റിയില്ലെങ്കിൽ വൻതുക പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ഷാർജ മുനിസിപ്പാലിറ്റി അധികൃതരും വെളിപ്പെടുത്തി. കെട്ടിടത്തിലെ മുഴുവൻ താമസക്കാരെയും സിവിൽ ഡിഫൻസ് അധികൃതർ സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു. അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഏഴ് പേർക്ക് സംഭവസ്ഥലത്ത് വെച്ച് പ്രഥമ ശുശ്രൂഷ നൽകുകയും ചെയ്തിരുന്നു.
 

Latest News