Sorry, you need to enable JavaScript to visit this website.

ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കാൻ പദ്ധതി

റിയാദ് - ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയം പുതിയ പദ്ധതി നടപ്പാക്കുന്നു. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച പോയന്റ് ഓഫ് സെയിൽ സംവിധാനം നടപ്പാക്കാൻ മുഴുവൻ വ്യാപാര സ്ഥാപനങ്ങളെയും നിർബന്ധിക്കാനാണ് പദ്ധതി. ഇതേ കുറിച്ച് നാലാഴ്ചക്കകം മന്ത്രാലയം പ്രഖ്യാപനം നടത്തും.  ഈ വർഷാവസാനത്തിനു മുമ്പായി പദ്ധതി നടപ്പാക്കുന്നതിനാണ് നീക്കം. 
വ്യാപാര സ്ഥാപനങ്ങൾക്ക് പോയന്റ് ഓഫ് സെയിൽ സംവിധാനം നിർബന്ധമാക്കുന്നതിനുള്ള പദ്ധതി വാണിജ്യ, നിക്ഷേപ മന്ത്രാലയം ഉന്നതാധികൃതർക്ക് സമർപ്പിച്ചിരുന്നു. പദ്ധതി നടപ്പാക്കുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്. ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ വൻകിട വ്യാപാര കേന്ദ്രങ്ങൾക്കും സ്ഥാപനങ്ങൾക്കുമാണ് പദ്ധതി നിർബന്ധമാക്കുക. പിന്നീട് ഇടത്തരം, ചെറുകിട സ്ഥാപനങ്ങൾക്കും പദ്ധതി നിർബന്ധമാക്കും. ബിനാമി ബിസിനസ് പ്രവണത പൂർണമായും ഇല്ലാതാക്കുന്നതിനോ ഈ പ്രവണതക്ക് വലിയ തോതിൽ തടയിടുന്നതിനോ ലക്ഷ്യമിട്ടാണ് വ്യാപാര സ്ഥാപനങ്ങൾക്ക് പോയന്റ് ഓഫ് സെയിൽ സംവിധാനം നിർബന്ധമാക്കുന്നത്. 
സൗദിയിൽ ചില്ലറ വ്യാപാര മേഖലയിലാണ് ഏറ്റവും കൂടുതൽ ബിനാമി പ്രവണതയുള്ളത്. രണ്ടാം സ്ഥാനത്ത് കരാർ മേഖലയാണ്. പോയന്റ് ഓഫ് സെയിൽ സംവിധാനം വഴി ഈ വർഷം ആദ്യ പാദത്തിലുള്ള വിൽപന 4,620 കോടി റിയാലായി വർധിച്ചിട്ടുണ്ട്. തൊട്ടു മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 6.1 ശതമാനം വർധവാണ് ഈ രംഗത്ത് രേഖപ്പെടുത്തിയത്. സൗദിയിൽ ബിനാമി ബിസിനസ് കേസ് പ്രതികൾക്ക് പത്തു ലക്ഷം റിയാൽ വരെ പിഴയും രണ്ടു വർഷം വരെ തടവും ശിക്ഷ ലഭിക്കും. ബിനാമി സ്ഥാപനം അടച്ചുപൂട്ടുന്നതിനും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിനും കുറ്റക്കാരായ വിദേശികളെ നാടുകടത്തുന്നതിനും നിയമം അനുശാസിക്കുന്നു. 

Latest News