കൊണ്ടോട്ടി- പ്രവാസികളുമായി ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രത്യേക വിമാനം നാളെ രാത്രി 10.30 ന് കരിപ്പൂരിലെത്തും. മലപ്പുറം ജില്ലയുൾപ്പടെ ഒമ്പത് ജില്ലകളിലെ യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടാകുക. പ്രവാസികളെത്തുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് ജില്ലാ കലക്ടർ ജാഫർ മലിക്, ജില്ലാ പോലീസ് മേധാവി യു. അബദുൽകരീം, ആരോഗ്യ വകുപ്പ് അധികൃതർ എന്നിവർ വിമാനത്താവളത്തിലെത്തി എയർപോർട്ട് ഡയറക്ടർ കെ. ശ്രീനിവാസറാവുമായി ചർച്ച നടത്തി. ആരോഗ്യ ജാഗ്രത ഉറപ്പാക്കിയുള്ള ക്രമീകരണങ്ങളാണ് വിമാനത്താവളത്തിൽ ഒരുക്കിയിട്ടുള്ളതെന്ന് ജില്ലാ കലക്ടർ ജാഫർ മലിക് പറഞ്ഞു. മറ്റു ജില്ലകളിലേക്കുള്ളവരിൽ പ്രത്യേകിച്ച് രോഗ ലക്ഷണങ്ങളില്ലാത്തവരെ ടാക്‌സി വാഹനങ്ങളിലോ കെ.എസ്.ആർ.ടി.സി ബസുകളിലോ അതത് ജില്ലാ അധികൃതർക്ക് മുൻകൂട്ടി വിവരങ്ങൾ നൽകിയ ശേഷം കൊണ്ടുപോകും.
പ്രത്യേക വിമാനത്തിൽ എത്തുന്നവരെ പുറത്തിറങ്ങിയ ശേഷം കർശനമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കും. പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ ആംബുലൻസിൽ മഞ്ചേരി അല്ലെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളിലെ ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. ശേഷിക്കുന്നവരെ പ്രത്യേക നിരീക്ഷണാർത്ഥം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പ്രവാസികൾക്കായി സജ്ജമാക്കിയ കോവിഡ് കെയർ സെന്ററുകളിലേയ്ക്ക് മാറ്റും. പ്രവാസികളെ ആശുപത്രികൾ, കോവിഡ് കെയർ സെന്ററുകൾ എന്നിവിടങ്ങളിലേയ്ക്കു മാറ്റാൻ ആവശ്യമായ ക്രമീകരണങ്ങൾ വിമാനത്താവളത്തിൽ തന്നെ ഒരുക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ബസുകളിൽ മതിയായ ആരോഗ്യ ജാഗ്രത ഉറപ്പാക്കി ഇവരെ ജില്ലാ ഭരണകൂടം ഒരുക്കിയ വിവിധ കോവിഡ് കെയർ സെന്ററുകളിലേക്ക് കൊണ്ടുപോകും. നാളെ അബുദബിയിൽ നിന്ന് കൊച്ചിയിലെത്തുന്ന വിമാനത്തിൽ 23 പേരാണ് മലപ്പുറം സ്വദേശികളായുള്ളത്. ഇവരേയും സർക്കാർ നിർദേശങ്ങൾ പാലിച്ച് ജില്ലയിലെത്തിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
അതേസമയം രോഗലക്ഷണങ്ങളില്ലാത്തവരും ആർ.ടി.പി.സി.ആർ പരിശോധനാഫലം നെഗറ്റീവ് ആയവരുമായ ഗർഭിണികൾ, പത്ത് വയസിന് താഴെ പ്രായമുള്ളവർ, പ്രായാധിക്യത്താൽ ആരോഗ്യ പ്രശ്‌നങ്ങളുള്ളവർ, ഭിന്നശേഷിക്കാർ, അടുത്ത ബന്ധുവിന്റെ മരണം, അടുത്ത ബന്ധുക്കൾ ഗുരുതരാവസ്ഥയിലുള്ളവർ എന്നിവരെ കർശനമായ വ്യവസ്ഥകളോടെയും നിരന്തര ആരോഗ്യ നിരീക്ഷണം ഏർപ്പെടുത്തിയും വീടുകളിൽ പോകാൻ അനുവദിക്കും. തിരിച്ചെത്തുന്നവരെല്ലാം ആരോഗ്യ സേതു ആപ് ഡൗൺലോഡ് ചെയ്തിരിക്കണം.
വിമാനത്താവളത്തിനുള്ളിൽ സജ്ജമാക്കിയിട്ടുള്ള പ്രത്യേക സംവിധാനങ്ങൾ ജില്ലാ കലക്ടറും സംഘവും നേരിട്ട് വിലയിരുത്തുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. കുടിവെള്ളം, ലഘുഭക്ഷണം, വിശ്രമിക്കാനുള്ള സൗകര്യം എന്നിവ വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിമാനത്താവള അതോറിട്ടി, സി.ഐ.എസ്.എഫ്, എമിഗ്രേഷൻ, കസ്റ്റംസ്, മറ്റ് ഏജൻസികൾ എന്നിവയുടെ പ്രതിനിധികളും ആരോഗ്യം, പൊലീസ്, റവന്യൂ, മോട്ടോർ വാഹനം ഉൾപ്പടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.
ദുബൈ-കരിപ്പൂർ വിമാനത്തിൽ എത്തുന്ന യാത്രക്കാരുടെ ജില്ല തിരിച്ചുള്ള വിവരം
മലപ്പുറം 82
പാലക്കാട് 8
കോഴിക്കോട് 70
വയനാട് 15
കണ്ണൂർ 6
കാസർഗോഡ് 4
കോട്ടയം 1
ആലപ്പുഴ 2
തിരുവനന്തപുരം 1






