ദുബായ്- യുഎഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരെ വഹിച്ചുള്ള ആദ്യവിമാനം പുറപ്പെടുക നാളെ ഉച്ചയ്ക്ക് 2.10ന്. ദുബായിൽനിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് IX0344 വിമാനത്തിലാവും യാത്ര. 170 പേരെയാണ് കൊണ്ടുപോകുകയെന്ന് ഇന്ത്യൻ കോൺസൽ നീരജ് അഗർവാൾ അറിയിച്ചു.
ആദ്യദിന യാത്രക്കാർക്കുള്ള ടിക്കറ്റ് ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിന്റെയും നിർദേശപ്രകാരം എയർഇന്ത്യ എക്സ്പ്രസ് വിതരണം ചെയ്തു വരികയാണ്. എംബസി നൽകിയ പട്ടികയിൽ ഉള്ളവർ എയർ ഇന്ത്യ എക്സ്പ്രസ് ഓഫിസിൽ നേരിട്ടെത്തി സത്യവാങ്മൂലം ഒപ്പിട്ടുനൽകിയാൽ ടിക്കറ്റ് ലഭിക്കും. 200 പേരെ വിമാനത്തിൽ കൊണ്ടുപോകാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ സാമൂഹിക അകലം ഉറപ്പാക്കുന്നതിന്റെ ഭാഗമായി എണ്ണത്തിൽ കുറവ് വരുത്തുകയായിരുന്നു.
പുറപ്പെടുന്നതിന് അഞ്ചു മണിക്കൂർ മുമ്പ് യാത്രക്കാർ എയർപോർട്ടിൽ റിപോർട്ട് ചെയ്യണം. കോവിഡ് പരിശോധന പൂർത്തിയാക്കിയ ശേഷമേ അകത്തേക്ക് കടത്തിവിടൂ. രോഗമില്ലാത്തവരെ മാത്രം കൊണ്ടുപോകും.
വിമാനത്താവളത്തിൽ സാമൂഹിക അകലവും സുരക്ഷാ മുൻകരുതലുകളും യാത്രക്കാർ കർശനമായി പാലിക്കണം. ഇതുസംബന്ധിച്ച എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.
യാത്രക്കാർക്ക് രണ്ടു സെറ്റ് വീതം ട്രിപ്പിൾ ലെയർ ഫേസ് മാസ്കുകൾ, ഹാൻഡ് സാനിറ്റൈസർ, ഗ്ലൗസ് എന്നിവ വിമാനത്താവളത്തിൽ ലഭ്യമാക്കും. നാട്ടിലെത്തുമ്പോൾ സ്വന്തം ചെലവിൽ ക്വാറന്റീനിൽ കഴിയുമെന്നത് ഉൾപ്പെടെയുള്ള എല്ലാവിധ ആരോഗ്യ നിർദേശങ്ങളും പാലിക്കാൻ സന്നദ്ധരാണെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം ഒപ്പിട്ടുനൽകിയാൽ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ.






