Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പെട്രോൾ, ഡീസൽ എക്‌സൈസ് തീരുവ കൂട്ടി; ചില്ലറ വിൽപനയെ ബാധിക്കില്ലെന്ന് കേന്ദ്രം

ന്യൂദൽഹി- പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കൂട്ടിയെങ്കിലും അത് ചില്ലറ വിപണിയെ ബാധിക്കില്ലെന്ന് കേന്ദ്രം. പുതിയ നികുതി ഇന്ന് മുതൽ നിലവിൽ വന്നു. വികസന പദ്ധതികൾക്ക് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് തീരുവ വർധിപ്പിച്ചത് എന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. പെട്രോളിന് പത്തു രൂപയും ഡീസലിന് 13 രൂപയുമാണ് കേന്ദ്രം വർധിപ്പിച്ചത്. ആഗോളവിപണയിൽ ക്രൂഡ് ഓയിലിന് വൻ വിലക്കുറവുണ്ടായിട്ടും മാർച്ചിന് ശേഷം ഇത് രണ്ടാം തവണയാണ് കേന്ദ്രം ഇന്ധനവില വർധിപ്പിക്കുന്നത്. നിലവിൽ പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് എക്‌സൈസ് തീരുവ. 2014-ൽ മോഡി സർക്കാർ അധികാരമേൽക്കുമ്പോൾ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു തീരുവ. 
അതിനിടെ, കോവിഡ് പ്രതിസന്ധി കാലത്തും ഡൽഹിയിൽ വൻ ഇന്ധന വില വർധനവ്. പെട്രോളിന് 1.67 രൂപയും ഡീസലിന് 7.10 രൂപയുമാണ് വർധിപ്പിച്ചത്. അൻപതു ദിവസത്തെ ഇടവേളയ്ക്ക് ശേഷം പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി ഡൽഹി സർക്കാർ ഉയർത്തിയതോടെയാണ് വില കൂടിയത്.
    നിലവിൽ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 71 രൂപ 26 പൈസയാണ്. കഴിഞ്ഞ ദിവസം ഇത് 69.59 രൂപയായിരുന്നു. ഡീസൽ വിലയും വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ലിറ്ററിന് 62.29 പൈസയായിരുന്ന ഡീസൽ വില 69.29 രൂപയായാണ് വർധിപ്പിച്ചത്. മദ്യത്തിന് 70 ശതമാനം അധിക നികുതി ഈടാക്കിയതിന് പുറമെയാണ് വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഡൽഹി സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റും വർധിപ്പിച്ചത്. മദ്യത്തിന്റെ പരമാവധി വിലയുടെ 70 ശതമാനം സ്പെഷ്യൽ കൊറോണ ഫീസ് എന്ന പേരിലാണ് ഈടാക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് അരവിന്ദ് കേജരിവാൾ സർക്കാർ ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ചൊവ്വാഴ്ച മുതൽ ഉയർന്നനിരക്ക് ബാധകമായി.     
    കൊറോണഫീ അടക്കം 1000 രൂപ വിലയുള്ള മദ്യത്തിന് ഇന്നലെ മുതൽ 1700 രൂപ നൽകേണ്ടി വരും. ലോക്ഡൗണിൽ നികുതി വരുമാനം നിലച്ച ദൽഹി സർക്കാർ മദ്യവിൽപ്പനയിലൂടെ നഷ്ടം നികത്താനുള്ള ശ്രമത്തിലാണ്. ലോക്ക്ഡൗണിനെ തുടർന്ന് 40 ദിവസത്തോളം അടച്ചിട്ട മദ്യഷാപ്പുകൾക്ക് തിങ്കളാഴ്ച മുതലാണ് ദൽഹി പൊലീസ് തുറക്കാൻ അനുമതി നൽകിയത്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് 6.30 വരെയാണ് പ്രവർത്തന സമയം.
    ചെന്നൈയിലും ഇന്ധനവില കൂട്ടിയിട്ടുണ്ട്. പെട്രോളിന് ലിറ്ററിന് 3.26 രൂപയാണ് കൂട്ടിയത്. ഡീസൽ വില 68.22 രൂപ ആയി. അസം, ഹരിയാന, നാഗലാൻഡ്, കർണാടക, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും ഇന്ധനവില വർധിപ്പിച്ചു. 

Latest News