ദുബായ്- പേരു രജിസ്റ്റര്‍ ചെയ്യാനുള്ള ആവേശം പ്രവാസിക്ക് യാത്ര ചെയ്യാനില്ലെന്ന് പരാതി. എന്നാല്‍ കൃത്യമായി വിവരം കൈമാറുന്നതിലെ പോരായ്മയാണ് കാരണമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ചൊവ്വാഴ്ച രാവിലെ ദുബായി കോണ്‍സുലേറ്റ് 300ലേറെ പേര്‍ക്കാണ് ഇ–മെയിലുകളയച്ചത്. മുപ്പതോളം പേര്‍ മാത്രമാണ് പ്രതികരിച്ചതത്രെ.
വ്യാഴാഴ്ച പുറപ്പെടുന്ന ആദ്യ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് മെയിലുകള്‍ അയച്ചുകൊണ്ടിരിക്കുന്നത്. യാത്രക്ക് തയാറായിട്ടുള്ളവര്‍ മെയിലുകള്‍ പരിശോധിച്ച് മറുപടി അയക്കേണ്ടതുണ്ട്.
സാധാരണ തൊഴിലാളികളാണ് ആദ്യ വിമാനങ്ങളില്‍ പോകുന്നത്. ഇവര്‍ക്ക് ഇ–മെയിലുകള്‍ നോക്കാന്‍ സൗകര്യമോ അറിവോ ഉണ്ടാകാനിടയില്ല. മാത്രമല്ല, കൃത്യമായ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ ഫോം പൂരിപ്പിക്കുന്നതിന്റെ ഭാഗമായി ആരുടെയെങ്കിലും മെയില്‍ ഐഡി നല്‍കിയതായിരിക്കാം എന്നും സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. മൊബൈല്‍ ഫോണിലൂടെ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറുന്നതായിരിക്കും ഉചിതമെന്നു അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും രാത്രി മുതല്‍ യാത്രക്കാരെ ടെലിഫോണില്‍ ബന്ധപ്പെട്ടുവരുന്നുണ്ട്.
വ്യാഴാഴ്ചയുള്ള യാത്രക്ക് ബുധനാഴ്ച വിവരമറിയിക്കുമെന്നാണ് റിയാദിലെ ഇന്ത്യന്‍ എംബസിയും അറിയിച്ചിട്ടുണ്ട്. വൈകിയുള്ള അറിയിപ്പ് പലരുടേയും അവസരം നഷ്ടപ്പെടുത്തുമോ എന്നതാണ് ഭയം.