ദുബായ്- കോവിഡ് 19 പ്രതിസന്ധിമൂലം നാട്ടിലേക്ക് മടങ്ങുന്നവരില്‍ വിമാന ടിക്കറ്റെടുക്കാന്‍ കടുത്ത സാമ്പത്തിക പ്രയാസം നേരിടുന്ന 100 ഇന്ത്യന്‍ പ്രവാസികള്‍ക്ക് സൗജന്യമായി ടിക്കറ്റുകള്‍ നല്‍കാന്‍ ദുബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ പ്രമോട്ടേഴ്‌സ് അസോസിയേഷന്‍ (ഐ.പി.എ) രംഗത്ത്.
യു.എ.ഇയിലെ ചെറുകിട മലയാളി ബിസിനസ് സംരംഭകരുടെ വേദിയാണ് ഐ.പി.എ.
യു.എ.ഇയില്‍നിന്ന് അടിയന്തരമായി നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ എംബസി തയാറാക്കുന്ന പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ വിമാന യാത്രാ ചെലവ് വഹിക്കാന്‍ പ്രയാസപ്പെടുന്നവരെ കണ്ടെത്തിയാണ് ടിക്കറ്റുകള്‍ വിതരണം ചെയ്യുക. പ്രവാസികളില്‍ ചെറിയ വരുമാനമുള്ളവര്‍, ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍, ലോക്ഡൗണ്‍മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍, സന്ദര്‍ശക വിസയിലെത്തി നാട്ടിലേക്ക് പോകാന്‍ സാമ്പത്തികമായി നിവൃത്തിയില്ലാത്തവര്‍, അടിയന്തരമായി നാട്ടില്‍ ചികിത്സക്ക് പോകാന്‍ സാമ്പത്തികശേഷി ഇല്ലാത്തവര്‍ തുടങ്ങിവരില്‍നിന്നു അര്‍ഹരായവരെ നേരിട്ട് കണ്ടെത്തി ടിക്കറ്റ് നല്‍കുമെന്ന് ചെയര്‍മാന്‍ ഷംസുദ്ദീന്‍ നെല്ലറയും സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന എ.എ.കെ മുസ്തഫയും അറിയിച്ചു.






