കോവിഡ് - മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ വിദേശികളെ നാടുകടത്തും

റിയാദ്- കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന് ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ച മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ വിദേശികള്‍ക്കെതിരെയും സൗദികള്‍ക്കെതിരെയും പിഴ, തടവു ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം വക്താവ് അറിയിച്ചു. വിദേശികളാണ് നിയമലംഘകരെങ്കില്‍ ശിക്ഷ നടപടികള്‍ക്ക് ശേഷം സൗദിയിലേക്ക് തിരിച്ചുവരാന്‍ സാധിക്കാത്ത വിധം നാടുകടത്തും.
സ്വകാര്യ സ്ഥാപനങ്ങളോ അവയിലെ ജോലിക്കാരോ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ആയിരം മുതല്‍ ഒരു ലക്ഷം വരെ റിയാല്‍ പിഴയോ ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ തടവോ അല്ലെങ്കില്‍ രണ്ടുമൊന്നിച്ചോ ലഭിക്കും. ആറു മാസത്തേക്ക് സ്ഥാപനം അടച്ചിടുകയും ചെയ്യും. വീണ്ടും നിയമലംഘനമുണ്ടായാല്‍ ശിക്ഷ ഇരട്ടിക്കും.
കര്‍ഫ്യൂ പാസ് മറ്റെന്തെങ്കിലും ആവശ്യത്തിന് ഉപയോഗിച്ചാല്‍ പതിനായിരം മുതല്‍ ഒരു ലക്ഷം വരെ റിയാല്‍ പിഴ നല്‍കണം. അല്ലെങ്കില്‍ ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ തടവ്ശിക്ഷ അനുഭവിക്കേണ്ടിവരും. പാസ് റദ്ദ് ചെയ്യുകയും ചെയ്യും. വീണ്ടും നിയമലംഘനമുണ്ടായാല്‍ ശിക്ഷ ഇരട്ടിക്കും.
മനഃപൂര്‍വം പകര്‍ച്ച വ്യാധികള്‍ മറ്റുള്ളവരിലേക്ക് പടര്‍ത്തിയാല്‍ അഞ്ച് ലക്ഷം റിയാല്‍ വരെ പിഴയോ അഞ്ച് വര്‍ഷം വരെ തടവോ ലഭിക്കും.
കര്‍ഫ്യൂ പാസ് ലഭിക്കാന്‍ അര്‍ഹതയില്ലാത്ത ജോലിക്ക് പാസ് സംഘടിപ്പിച്ചാല്‍ പതിനായിരം മുതല്‍ ഒരു ലക്ഷം വരെ റിയാല്‍ പിഴയോ ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ തടവോ ലഭിക്കും.
കോവിഡുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാല്‍ ഒരു ലക്ഷം മുതല്‍ പത്ത് ലക്ഷം റിയാല്‍ വരെ പിഴയോ ഒരു വര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ തടവോ ലഭിക്കും.
പിഴയും കടയടച്ചുപൂട്ടലും നടപ്പാക്കാനുള്ള ചുമതല ആഭ്യന്തരമന്ത്രാലയത്തിനും തടവ് ശിക്ഷ പബ്ലിക് പ്രോസിക്യൂഷനുമാണ്. ശിക്ഷയില്‍ അപ്പീല്‍ നല്‍കിയാല്‍ നീതിന്യായ മന്ത്രിയടങ്ങുന്ന സമിതിയാണ് പരിഗണിക്കേണ്ടത്. രാജ്യം കോവിഡ് മുക്തമായതിന് ശേഷമാണ് ജയില്‍ ശിക്ഷയുണ്ടാവുക.

Latest News