ജപ്പാന്‍ വിദേശ മന്ത്രിക്ക് പ്രതീക്ഷിക്കാത്ത ഉപഹാരം

ജിദ്ദ - സൗദി വിദേശ മന്ത്രി ആദില്‍ അല്‍ജുബൈര്‍ സൗദിയില്‍ സന്ദര്‍ശനം നടത്തിയ ജപ്പാന്‍ വിദേശ മന്ത്രി ടാരോ കോനൊക്ക് ഒരിക്കലും പ്രതീക്ഷിക്കാത്ത ഉപഹാരം സമ്മാനിച്ചത് കൗതുകമായി. പുരാതന കാലത്ത് ഉപയോഗിച്ചിരുന്ന ഇസ്‌ലാമിക് നക്ഷത്രദൂരമാപകയന്ത്രമാണ് ആദില്‍ അല്‍ജുബൈര്‍ ജപ്പാന്‍ മന്ത്രിക്ക് സമ്മാനിച്ചത്. നക്ഷത്രദൂരമാപകയന്ത്രത്തെ കുറിച്ച് ആദില്‍ അല്‍ജുബൈര്‍ ജപ്പാന്‍ മന്ത്രിക്ക് വിശദീകരിച്ചുനല്‍കി. സ്ഥാനം നിര്‍ണയിക്കുന്നതിനും കലണ്ടറായും ഉപയോഗിക്കാവുന്ന ഈ യന്ത്രം ലോകത്തെ ആദ്യത്തെ പേഴ്‌സണല്‍ കംപ്യൂട്ടറാണെന്ന് ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു. യന്ത്രത്തിലെ ഓരോ അക്കങ്ങളും പ്രത്യേക കാര്യങ്ങള്‍ സൂചിപ്പിക്കുന്നു. ജ്യോതിശാസ്ത്രജ്ഞന്‍ അല്ലാത്തതിനാല്‍ ഇതേ കുറിച്ച എല്ലാ കാര്യങ്ങളും തനിക്ക് അറിയില്ലെന്ന് പറഞ്ഞ ആദില്‍ അല്‍ജുബൈര്‍ യന്ത്രം ഉപയോഗിക്കുന്നതിനെ കുറിച്ച് വിശദീകരിക്കുന്ന കൈപ്പുസ്തകം ജപ്പാന്‍ വിദേശ മന്ത്രിക്ക് സമര്‍പ്പിച്ചു. യന്ത്രത്തെ കുറിച്ച് കേട്ട വിവരങ്ങളില്‍ അത്ഭുതംകൂറിയ ജപ്പാന്‍ മന്ത്രി, എങ്കില്‍ ഈ ഉപകരണം ഐഫോണ്‍ പോലെയാണെന്ന് ഫലിതരൂപേണ പറഞ്ഞു. അതെ, ഐഫോണിന്റെ ഏറ്റവും വലിയ മുത്തച്ഛനാണ് ഇതെന്ന്, ഇതിന് മറുപടിയായി ആദില്‍ അല്‍ജുബൈറും പറഞ്ഞു. 
 

Latest News