കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരന്റെ ഭാര്യക്ക് ജോലി വാഗ്ദാനവുമായി കമ്പനി

ദുബായ്- കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യന്‍ വംശജന്‍ രാജേന്ദ്ര രഹാത്തെയുടെ വിധവ സുവര്‍ണക്ക് ജോലി വാഗ്ദാനം ചെയ്ത് കമ്പനി മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃകയായി. കഴിഞ്ഞമാസം 26നാണ് രാജേന്ദ്ര ദുബായിലെ ഒരു പ്രമുഖ ആശുപത്രിയില്‍ മരിച്ചത്. ഭര്‍ത്താവിന്റെ ആകസ്മിക മരണത്തെ തുടര്‍ന്ന് ആകെ തകര്‍ന്നുപോയ കുടുംബത്തിന് ഏറെ ആശ്വാസകരമാണ് ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രസിഷ്യന്‍ പ്ലാസ്റ്റിക് പ്രൊഡക്ട്‌സ് കമ്പനി അധികൃതരുടെ സഹായഹസ്തം.
ഏഴു വര്‍ഷമായി 17 വയസുകാരിയായ മകളും ഭാര്യയുമൊത്ത് യു.എ.ഇയില്‍ താമസിച്ചുവരികയായിരുന്നു രാജേന്ദ്രന്‍.  ഏപ്രില്‍ അഞ്ചിനാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. താനും മകളും ക്വാറന്റീല്‍ കഴിയവെയാണ് ആരോഗ്യസ്ഥിതി വഷളായി ഭര്‍ത്താവ് മരിച്ചതായി ആശുപത്രിയില്‍നിന്ന് വിളിച്ചറിയിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.
500 ഓളം ജീവനക്കാരുള്ള കമ്പനിയില്‍ പ്രൊഡക്ഷന്‍ മാനേജരായിരുന്നു മരിച്ച രാജേന്ദ്ര. ഏറെ സമര്‍ത്ഥനും സഹപ്രവര്‍ത്തകര്‍ക്ക് ഏറെ പ്രിയങ്കരനുമായിരുന്ന രാജേന്ദ്രയെന്ന് പ്രസിഷ്യന്‍ പ്ലാസ്റ്റിക്‌സ് ജനറല്‍ മാനേജര്‍ ഡേവിഡ് സ്വാന്‍ അനുസ്മരിച്ചു. സുവര്‍ണയുടെ ജോലിയുടെ സ്വഭാവം എന്തായിരിക്കുമെന്ന് ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഏതാനും വര്‍ഷം അവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.

 

Latest News