ഇന്ത്യക്കാരെ കൂടുതൽ ഇന്തോനേഷ്യയിലേക്ക് ആകർഷിക്കുന്നതിന് മുംബൈ ഇന്തോനേഷ്യൻ കോൺസുലേറ്റ് വിവിധ പരിപാടികളാവിഷ്കരിച്ചു. ഇതിന്റെ ഭാഗമായി ഫ്രീ വിസാ പോളിസി ആവിഷ്കരിച്ചു.
ഇന്തോനേഷ്യയുടെ എഴുപത്തിരണ്ടാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായിട്ട് കൂടിയാണ് ഈ പദ്ധതി. വിവിധ ട്രാവൽ ഏജന്റുമാരുടേയും വിമാനക്കമ്പനികളുടേയും പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് ഇന്തോനേഷ്യൻ ടൂറിസം ബോർഡ് അധികൃതർ വ്യത്യസ്ത പാക്കേജുകളുമായി ഇന്ത്യക്കാരെ ആകർഷിച്ചത്. 2017 തുടക്കത്തിലെ കണക്കുകളനുസരിച്ച് ഇന്തോനേഷ്യയിലെ ബാലി ദ്വീപ് സന്ദർശിച്ചവരുടെ എണ്ണത്തിൽ ഇന്ത്യ റെക്കോർഡ് സൃഷ്ടിച്ചതായി ഇന്തോനേഷ്യൻ അധികൃതർ വ്യക്തമാക്കി. മുംബൈയിൽ നിന്ന് ബാലിയിലേക്ക് നേരിട്ട് വിമാന സർവീസുള്ളതോടൊപ്പം ഹിന്ദു ഇതിഹാസവുമായി ചിരപുരാതന ബന്ധം നിലനിൽക്കുന്ന ദ്വീപ് സമൂഹം കൂടിയാണ് ബാലി എന്നത് ഇന്ത്യക്കാരെ കൂടുതലായി അങ്ങോട്ട് ആകർഷിക്കുന്നു.
ഇന്തോനേഷ്യയുടെ ദേശീയ വിമാനക്കമ്പനിയായ ഗരുഡക്ക് പുറമെ എയർ ഏഷ്യയും മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്ന് ബാലിയിലേക്ക് നേരിട്ട് വിമാന സർവീസാരംഭിക്കും.






