കോഴിക്കോടിനടുത്ത കാപ്പാട് ബീച്ചിൽ ഇത്തവണ ഓണം-പെരുന്നാൾ സീസണിൽ അരങ്ങേറിയ ബീച്ച് ഫെസ്റ്റ് മലബാറിലെ ടൂറിസം വികസനത്തിന് പുത്തൻ ഉണർവ് പകർന്നു. മാനാഞ്ചിറ മൈതാനത്തും കോഴിക്കോട് കടപ്പുറത്തും തുഷാരഗിരിയിലും ബേപ്പൂരിലും വടകര ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിലും ആഘോഷ േവള ചെലവഴിക്കുന്നവരെല്ലാം കാപ്പാടിനെ ഇത്തവണ തെരഞ്ഞെടുത്തു. ചരിത്ര പ്രസിദ്ധമായ കാപ്പാട് കടപ്പുറത്തെ തുവ്വപ്പാറയിൽ നിന്ന് 400 മീറ്റർ വടക്ക് തയാറാക്കിയ വേദിയിൽ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇക്കഴിഞ്ഞ ഓഗസ്റ്റ് 31 ന് ഉത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കൊയിലാണ്ടി എം.എൽ.എ കെ. ദാസൻ അധ്യക്ഷത വഹിച്ചു.
വാണിജ്യ വ്യവസായ സ്റ്റാളുകൾ, നാടൻ ഭക്ഷണവും ഐസ് ക്രീമുകളും ഭജിയും പായസവും വിതരണം ചെയ്യുന്ന സ്റ്റാളുകൾ, കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാവുന്ന വൈവിദ്ധ്യമാർന്ന അമ്യുസ്മെന്റ് പാർക്ക്, കലാ സാംസ്കാരിക പരിപാടികൾ, ക്രാഫ്റ്റ് സ്റ്റാളുകൾ, കൃത്രിമമായി നിർമ്മിച്ച കാനന ഭംഗി, കുട്ടികൾക്കായി ഗെയിം സെന്റർ, പുഷ്പ മേള, നഴ്സറി തുടങ്ങി കുടുംബ സമേതമെത്തിയവരെ ആഹ്ലാദിപ്പിക്കാനുള്ളതെല്ലാം ഒരുക്കിയിരുന്നു.
ഇന്ത്യയിൽ വൈദേശിക ആധിപത്യത്തിന് വഴി തുറന്നു കൊടുത്ത വടക്കേ മലബാറിലെ പ്രശാന്തമായ തീരദേശ ഗ്രാമമാണ് കാപ്പാട്. ഇവിടെയല്ല കൊയിലാണ്ടിയ്ക്കടുത്ത കൊല്ലത്താണ് ഗാമയും സംഘവും വന്നിറങ്ങിയതെന്ന് മറ്റൊരു വാദവുമുണ്ട്. തർക്കമെന്തായാലും 1498 ൽ പോർച്ചുഗീസ് നാവികനായ വാസ്കോ ഡ ഗാമ വന്നിറങ്ങിയ കപ്പക്കടവ് എന്ന കാപ്പാട് ഇപ്പോൾ ഇന്ത്യയിലെ തലയെടുപ്പുള്ള ബീച്ച് റിസോർട്ടുകളിൽ ഒന്നാണ്.
ഒരു തടാകം പോലെ ശാന്തമായുറങ്ങുന്ന കടൽ. ഓളങ്ങളുടെ തഴുകലിൽ പുളകമണിയുന്ന വെൺമണൽ തിട്ടകൾ. തിങ്ങി വളരുന്ന ചൂള മരങ്ങളും തെങ്ങിൻ തലപ്പുകളും കാറ്റിന്റെ താളത്തിനൊത്ത് തലയാട്ടുന്നു. നൂറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട് ഇവിടത്തെ കൂറ്റൻ കരിമ്പാറകൾക്ക്.
കുരുമുളകിന്റെ നാട്ടിൽ വ്യാപാര ബന്ധങ്ങൾ തേടി പോർച്ചുഗീസ് നാവികനായ വാസ്കോ ഡ ഗാമ എത്തിയത് 1498 മെയ് 27 ന്. ഇന്ത്യയിൽ വിദേശ ആധിപത്യത്തിന് വിത്തു പാകിയ പ്രദേശമാണ് ഇപ്പോൾ തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രമായി മാറിയത്.
മൂന്ന് പായക്കപ്പലുകളിലായി 170 പേരുടെ സംഘമാണ് ഗാമയുടെ നേതൃത്വത്തിൽ വന്നിറങ്ങിയതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഇത് ഓർമപ്പെടുത്തുന്ന ഒരു സ്തൂപം കാപ്പാട് കടപ്പുറത്തുണ്ട്. വാസ്കോ ഡ ഗാമ ഇവിടെ കപ്പക്കടവിൽ 1498 ൽ വന്നിറങ്ങിയെന്നാണ് സ്തൂപത്തിൽ കൊത്തിവെച്ചിട്ടുള്ളത്.
കാപ്പാടിന്റെ ആദ്യ പേര് കപ്പൽക്കടവ് എന്നായിരിക്കണം. കപ്പൽക്കടവ് ലോപിച്ച് കപ്പക്കടവും പിന്നീട് കാപ്പാടുമായി മാറിയതാവാനാണ് സാധ്യത.
ശ്യാമ വർണമാർന്ന കടലും വെളുത്ത പഞ്ചാര മണലും കറുത്തിരുണ്ട തൂവപ്പാറയും പച്ച മരങ്ങളും ഇടതൂർന്നു വളർന്ന ചൂള മരങ്ങളും ഈ തീരത്തെ മനോഹരിയാക്കുന്നു.
സ്നോഹാർദ്രയായി തീരത്തെ പുൽകുന്ന കൊച്ചു തിരമാലകൾ. ആലിംഗനത്തിൽ പുളകം കൊള്ളുന്ന മണൽതിട്ട. സായംസന്ധ്യയിൽ ചെമ്പട്ടു പുതച്ച് ചെങ്കതിരൊളി പരത്തി സാഗര സീമകളിൽ ഒളിക്കുന്ന അരുണൻ.
മൂന്ന് ഭാഗങ്ങളിൽ നിന്നും കടൽ തിരകളുടെ തലോടലേറ്റ് കടലിലേക്ക് ഉന്തിനിൽക്കുന്ന മിനുത്ത കരിമ്പാറയാണ് തൂവപ്പാറ. തൂവപ്പാറയ്ക്ക് മുകളിൽ ഒറപൊട്ടും കാവ് ഭഗവതി ക്ഷേത്രം. ക്ഷേത്രത്തിന് ചുറ്റും വളർന്നു നിൽക്കുന്ന ആൽമരങ്ങളും കുറ്റിക്കാടുകളും അന്തരീക്ഷത്തിന് ഒരു കൊച്ചു വനത്തിന്റെ ചാരുതയേകുന്നു.
കോരപ്പുഴയും അറബിക്കടലുമായി സംഗമിക്കുന്ന കേന്ദ്രം കൂടിയാണ് കാപ്പാട്. കടൽകൊക്കുകൾ കാപ്പാട്ടെ നിത്യ സന്ദർശകരാണ്. തൂവപ്പാറയിൽ ഏറ്റവും ഉയരമുള്ള സ്ഥലത്തു നിന്ന് വിദൂരതയിലേക്ക് കണ്ണോടിച്ചാൽ അങ്ങകലെ വെള്ളിയാങ്കല്ല് കാണാം. മയ്യഴിപ്പുഴയുടെ തീരത്ത് നിന്ന് ദൃശ്യമാവുന്ന അതേ വെള്ളിയാങ്കല്ല്.
കടൽ തീരത്തെ ചൂള മരക്കാടുകളാണ് കാപ്പാട്ടെ ഏറ്റവും വലിയ ആകർഷണം. കാപ്പാടിന്റെ സൗന്ദര്യത്തിന് മാറ്റു കൂട്ടുന്നതാണ് ഈ ശീതള മനോഹാരിത. വനം വകുപ്പിന്റെ സഹകരണത്തോടെ വിനോദ സഞ്ചാര വകുപ്പാണ് ഇത് നട്ടു പിടിപ്പിച്ചത്. നിരവധി മലയാള ചലച്ചിത്രങ്ങൾ ഈ ലൊക്കേഷനിൽ ചിത്രീകരിച്ചിട്ടുണ്ട്.
ഇന്ത്യൻ മഹാസമുദ്രം വഴി വിദേശ, പ്രത്യേകിച്ച് ഗൾഫ് നാടുകളുമായി കോഴിക്കോടിന് ഏറെ മുമ്പ് തന്നെ കച്ചവട ബന്ധമുണ്ട്. സുഗന്ധവ്യഞ്ജനങ്ങളായിരുന്നു ഇതിൽ മുഖ്യ പങ്കു വഹിച്ചുവന്നിരുന്നത്. ആഫ്രിക്കൻ, ഗൾഫ്, ഏഷ്യൻ രാജ്യങ്ങളിലെ പ്രമുഖരുമായി നടത്തിവന്ന കച്ചവട ബന്ധം കാരണം പുരാതന കാലം മുതൽ തന്നെ കേരളത്തിന്റെ കച്ചവട കേന്ദ്രമായിരുന്നു കോഴിക്കോട്.
ബ്രിട്ടീഷുകാരുടെ കോളനി ഭരണത്തിൻ കീഴിൽ കഴിയേണ്ടിവന്ന കാലത്ത് മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്നു കോഴിക്കോട്.
പണ്ടു മുതലേ വിദേശികൾക്ക് ഏറെ താൽപര്യമുള്ള പ്രദേശമാണ് സുഗന്ധദ്രവ്യങ്ങൾക്ക് പ്രസിദ്ധമായ മലബാർ തീരം. കുരുമുളകും ഏലവും മറ്റും അന്വേഷിച്ചെത്തിയവരിൽ അധികാരം പിടിച്ചടക്കാനെത്തിയ പോർച്ചുഗീസുകാരും ഫ്രഞ്ചുകാരും ഡച്ചുകാരും ഉൾപ്പെടുന്നു.
ഇന്ത്യയിലേക്ക് യൂറോപ്യന്മാരുടെ വരവിന് തുടക്കം കുറിച്ച സംഭവമായിരുന്നു ഗാമയുടെ ആഗമനം. ഇക്കാരണത്താൽ തന്നെ വിദേശികളും സ്വദേശികളുമായ ടൂറിസ്റ്റുകൾ ഇവിടേക്ക് പ്രവഹിക്കുന്നു.
ഇതിന് മുമ്പും ഡിസംബർ-ജനുവരി മാസങ്ങളിൽ കാപ്പാട് ബീച്ചിൽ ഫെസ്റ്റിവലുകൾ സംഘടിപ്പിച്ചിട്ടുണ്ട്. വലിയ പെരുന്നാളും ഓണവും ഒരുമിച്ചെത്തിയ ഈ വർഷത്തെ ആഘോഷ വേളയിൽ കാപ്പാട്ട് ബീച്ച് ഫെസ്റ്റ് ഏർപ്പെടുത്തിയത് ഉത്സവ കാലത്തിന് മാറ്റു കൂട്ടി.
കുറ്റൻ പായക്കപ്പലിലൂടെയാണ് മേളയിലേക്ക് പ്രവേശനം. പത്ത് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരുന്നു. ഓണം- ബക്രീദ് ആഘോഷ വേളയിൽ സംഘടിപ്പിച്ച ബീച്ച് ഫെസ്റ്റ് ഈ മാസം 12 ന് അവസാനിക്കും. അഗ്നി വെഞ്ചേഴ്സ് ആണ് മേളയുടെ ഇവന്റ് മാനേജ്മെന്റ്. കൊയിലാണ്ടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെയർ പാലിയേറ്റീവ് ആന്റ് ട്രോമ കെയർ എന്ന സംഘടനയുടെ ധനശേഖരണവും മേള കൊണ്ട് ഉദ്ദേശിച്ചിരുന്നു.






