നടപടി അടുത്ത ആറു മാസത്തേക്ക്
റിയാദ്- കോവിഡ് പ്രതിസന്ധി സ്വകാര്യമേഖലയെ സാരമായി ബാധിച്ചത് കാരണം ജീവനക്കാരുടെ സമ്മതമില്ലാതെ അവരുടെ ശമ്പളം 40 ശതമാനം വരെ കുറക്കാമെന്ന് മാനവശേഷി സാമൂഹിക മന്ത്രാലയം. അടുത്ത ആറു മാസത്തേക്ക് തൊഴില്‍നിയമത്തില്‍ വരുത്തിയ ഭേദഗതിയിലാണ് പുതിയ തീരുമാനമുള്ളത്. ആറു മാസത്തിന് ശേഷം ആവശ്യമെങ്കില്‍ നിയമം വീണ്ടും ഭേദഗതി ചെയ്യും.
തൊഴില്‍ ചെയ്യുന്നതിനാണ് ശമ്പളം ലഭിക്കുന്നതെന്നും നിലവിലെ പ്രതിസന്ധി സമയത്ത് തൊഴില്‍ സമയം കുറച്ചതിനാല്‍ ശമ്പളവും കുറക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി. ശമ്പളം കുറക്കുന്നതിനെ എതിര്‍ക്കാന്‍ ജീവനക്കാരന് അവകാശമില്ല. നേരത്തെ ജീവനക്കാരന്റെ അനുമതിയില്ലാതെ ശമ്പളം കുറക്കല്‍ നിയമവിരുദ്ധമായിരുന്നു. ഈ വ്യവസ്ഥയാണിപ്പോള്‍ എടുത്തുകളഞ്ഞത്. 40 ശതമാനത്തിലധികം ശമ്പളം കുറക്കരുത്. ആറു മാസത്തിന് ശേഷം പഴയ ശമ്പളം തന്നെ നല്‍കാം.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
തൊഴില്‍ സാഹചര്യത്തിനനുസരിച്ച് അടുത്ത ആറു മാസത്തിനുള്ളില്‍ ജീവനക്കാരുടെ വാര്‍ഷികാവധി ക്രമീകരിക്കാന്‍ പുതിയ ഭേദഗതി തൊഴിലുടമക്ക് അനുമതി നല്‍കുന്നു. നിശ്ചിത സമയങ്ങളില്‍ സാഹചര്യത്തിനനുസരിച്ച് എല്ലാ ജീവനക്കാര്‍ക്കും വാര്‍ഷികാവധി തൊഴിലുടമക്ക് അനുവദിക്കാം. ജീവനക്കാര്‍ തൊഴിലുടമയുടെ തീരുമാനം അംഗീകരിക്കേണ്ടിവരും. വാര്‍ഷികാവധിയില്‍ യഥാര്‍ഥ ശമ്പളത്തിന്റെ തോതനുസരിച്ച് അവധി ശമ്പളം നല്‍കണം. ശമ്പളമില്ലാത്ത അവധിക്ക് ജീവനക്കാരന്‍ അപേക്ഷിച്ചാല്‍ തൊഴിലുടമ അനുവദിക്കുകയും വേണം.
ആറുമാസമായിട്ടും പ്രതിസന്ധി തീരുന്നില്ലെങ്കിലോ സര്‍ക്കാറില്‍ നിന്ന് സഹായങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലോ മാത്രമേ ജീവനക്കാരുടെ തൊഴില്‍ കരാര്‍ റദ്ദ് ചെയ്യാനാവൂ. പ്രതിസന്ധി ആറു മാസം തുടരുകയാണെങ്കില്‍ ജീവനക്കാരനും തൊഴില്‍കരാര്‍ അവസാനിപ്പിക്കാം. പിരിച്ചുവിടലിനടക്കമുള്ള വ്യവസ്ഥ ലംഘിച്ചാല്‍ സ്ഥാപനത്തിന് പതിനായിരം റിയാലാണ് പിഴ. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് പിഴ ഇരട്ടിക്കുകയും ചെയ്യും. മന്ത്രാലയം വ്യക്തമാക്കി.