ഓഹരി ഇൻഡക്‌സുകളുടെ തിളക്കത്തിനിടയിൽ ആഭ്യന്തര വിദേശ ഫണ്ടുകൾ ഹെവിവെയിറ്റ് ഓഹരികൾ വാങ്ങി കൂട്ടി. ബോംബെ സെൻസെക്‌സും നിഫ്റ്റിയും കഴിഞ്ഞവാരം ഏഴ് ശതമാനം ഉയർന്നു. സെൻസെക്‌സ് 2390 പോയിന്റും നിഫ്റ്റി 705 പോയിന്റും പ്രതിവാര നേട്ടത്തിലാണ്. ഇന്ത്യൻ മാർക്കറ്റ് വെളളിയാഴ്ച്ച മെയ് ദിനം മൂലം അവധിയായിരുന്നു.
ജർമ്മൻ, ഫ്രാൻസ്, ഇറ്റലി വിപണികളും പ്രവർത്തിച്ചില്ല. അതേ സമയം യു എസ്, ബ്രിട്ടീഷ് മാർക്കറ്റുകൾ അന്ന് പ്രവർത്തിച്ചു. സിംഗപ്പൂർ മാർക്കറ്റിലും വെള്ളിയാഴ്ച്ച ട്രേഡിങ് നടന്നു. അന്ന് സിംഗപ്പൂർ എക്‌സ്‌ചേഞ്ചിൽ നിഫ്റ്റി സൂചിക അഞ്ച് ശതമാനം ഇടിഞ്ഞു. ഏഷ്യൻ മാർക്കറ്റുകളിൽ ഇന്ന് അതിന്റെ പ്രതിഫലനം ദൃശ്യമാവും. ഈവാരം ഇന്ത്യൻ മാർക്കറ്റിലും വൻ ചാഞ്ചാട്ട സാധ്യത. യു എസ് -ചൈന വ്യാപാരയുദ്ധം പുതിയ തലങ്ങളിലേയ്ക്ക് നീങ്ങുകയാണ്. അമേരിക്ക പുതിയ നികുതി നിർദ്ദേശങ്ങൾ ചൈനീസ് ഉൽപന്നങ്ങൾക്ക് നേരെ തൊടുത്തുവിടാനുള്ള സാധ്യതകൾ ആഗോള സാമ്പത്തിക മേഖലയെ ഒരിക്കൽ കൂടി പിടിച്ച് ഉലയ്ക്കാം.
ബോംബെ ഓഹരി സൂചിക 31,327 പോയിന്റിൽ നിന്ന് 31,659 പോയിന്റിലേയ്ക്ക് തുടക്കത്തിൽ കയറി. മികവ് കാണിച്ച് മുന്നേറ്റിയ സൂചിക 33,887 വരെ കുതിച്ച ശേഷം ക്ലോസിങിൽ 33,717 ലാണ്. ഈവാരം സെൻസെക്‌സിന് 34,519 ലാണ് ആദ്യ പ്രതിരോധം, ഇത് മറികടന്നാൽ 35,321 വരെ ഉയരാം. എന്നാൽ സെൽപ്രഷർ ഉടലെടുത്താൽ 32,283 പോയിന്റിൽ ആദ്യ സപ്പോർട്ട് പ്രതീക്ഷിക്കാം. നിഫ്റ്റി 9154 പോയിന്റിൽ നിന്ന് 9259 ലേയ്ക്ക് ഉയർന്ന് ഓപ്പൺ ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ ഊഹക്കച്ചവടക്കാരും ഫണ്ടുകളും ഷോട്ട് കവറിങിന് ഉത്സാഹിച്ചത് നിഫ്റ്റിയെ 9889 വരെ ഉയർത്തി.
വാരാന്ത്യം നിഫ്റ്റി 9859 പോയിന്റിലാണ്. ഡെയ്‌ലി ചാർട്ട് വിലയിരുത്തിയാൽ നിഫ്റ്റിക്ക് 9864 ൽ ശക്തമായ പ്രതിരോധമുണ്ട്. ഇന്ന് വ്യാപാരം അവസാനിക്കുമ്പോൾ ഈ തടസം മറികടന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ 10,082 നെ ലക്ഷ്യമാക്കി നീങ്ങാം. എന്നാൽ ഇന്ന് ഇടപാടുകളുടെ തുടക്കത്തിൽ തന്നെ വിപണിയുടെ കാലിടറിയാൽ 9443-9320 റേഞ്ചിലേയ്ക്ക് നിഫ്റ്റി തിരിയാം.
വ്യാഴാഴ്ച്ച ഡെറിവേറ്റീവ് മാർക്കറ്റിൽ ഏപ്രിൽ സീരീസ് സെറ്റിൽമെന്റും നടന്നു. 2009 സെപ്റ്റംബറിന് ശേഷം ഏറ്റവും മികച്ച പ്രകടനം വിപണി കാഴ്ച്ചവെച്ച മാസമായി ഏപ്രിൽ മാറി. പതിനൊന്ന് വർഷത്തിനിടയിലെ ശ്രദ്ധേയമായ ഈ കുതിപ്പിൽ കഴിഞ്ഞ മാസം 14 ശതമാനം നിഫ്റ്റി ഉയർന്നു.
വിദേശ ഫണ്ടുകൾ ഏപ്രിലിൽ 6884 കോടി രൂപ ഓഹരി വിപണിയിൽ നിന്ന് പിൻവലിച്ചു. കടപത്രത്തിൽ നിന്ന് അവർ 8559 കോടിയും തിരിച്ചു പിടിച്ചു. ഇതോടെ ഇന്ത്യൻ മാർക്കറ്റിൽ നിന്നും വിദേശ ഓപ്പറേറ്റർമാർ 15,403 കോടി പോയമാസം പിൻവലിച്ചു. മാർച്ചിൽ കടപത്രത്തിൽ നിന്നും ഓഹരിയിൽ നിന്നുമായി ഒരു ലക്ഷം കോടി രൂപയാണ് അവർ തിരിച്ചെടുത്തത്. അതേ സമയം സെൻസെക്‌സും നിഫ്റ്റിയും മാർച്ചിലെ ഏറ്റവും താഴ്ന്നറേഞ്ചിൽ നിന്ന് ഇതിനകം 30 ശതമാനം ഉയർന്നു.
ഫോറെക്‌സ് മാർക്കറ്റിൽ രൂപയുടെ മൂല്യം 76.26 ൽ നിന്ന് 74.97 ലേയ്ക്ക് കരുത്ത് നേടിയെങ്കിലും വാരാന്ത്യം വിനിമയ നിരക്ക് 75.74 ലാണ്. ഈവാരം രൂപയ്ക്ക് 75.65 ൽ താങ്ങുണ്ട്. രൂപയ്ക്ക് തിരിച്ചടിനേരിട്ടാൽ 76.22 ലേയ്ക്കും തുടർന്ന് 76.71 ലേയ്ക്കും ദുർബലമാവാം. നാല് പ്രവൃത്തി ദിനത്തിൽ നിക്ഷേപകരുടെ ആസ്തിയിൽ 7.68 ലക്ഷം കോടി രൂപ ഉയർന്നു. ബി എസ് ഇ ലിസ്റ്റുചെയ്ത കമ്പനികളുടെ വിപണി മൂല്യം പോയവാരം 7,68,168 കോടി രൂപ ഉയർന്നു.
ക്രൂഡ് ഓയിലിൽ വില ബാരലിന് 17.31 നിന്ന് 10.33 ഡോളറിലേയ്ക്ക് ഇടിഞ്ഞ ശേഷം ക്ലോസിങിൽ 19.69 ഡോളറിലാണ്. എണ്ണ വിപണിക്ക് 30 ഡോളറിലെ പ്രതിരോധം മറികടക്കാനുള്ള കരുത്ത് ഇനിയും കണ്ടെത്താനായില്ല.