അബുദാബി- ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ്19 പിടിപെട്ട് മരിക്കുന്ന മലയാളികളുടെ എണ്ണം കൂടുന്നു. നാട്ടിലേക്കുള്ള യാത്ര ഇനിയും സ്വപ്‌നം മാത്രമായവശേഷിക്കെ, ജനങ്ങള്‍ ഭീതിയിലാണ്.
യു.എ.ഇ യില്‍ മാത്രം മരിച്ച മലയാളികളുടെ എണ്ണം 32 ആയി. ഗള്‍ഫില്‍ കൊറോണ ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ഇപ്പോള്‍ 44 ആണെന്നാണ് കണക്ക്. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ചു ഗള്‍ഫില്‍ വൈറസ് ബാധിതരുടെ എണ്ണം എഴുപത്തിനായിരത്തിലേക്ക് നീങ്ങുകയാണ്. വൈറസ് ബാധിതര്‍ക്കൊപ്പം താമസിക്കേണ്ടി വരുന്നു എന്നതാണ് ഗള്‍ഫിലെ മലയാളികളുടെ പ്രധാന പ്രശ്‌നം.
ബാച്ചിലേഴ്‌സ് ഫഌറ്റുകളില്‍ സാമൂഹിക അകലം പാലിക്കുകയോ മറ്റ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുകയോ അസാധ്യമാണ്. ഇവര്‍ക്ക് ബദല്‍ താമസ സൗകര്യം ഏര്‍പ്പെടുത്തണമെന്ന വിലാപങ്ങള്‍ക്ക് മറുപടി പ്രസ്താവനകള്‍ മാത്രമാണ്. കോവിഡ് ബാധിതരായി ആംബുലന്‍സുകള്‍ വിളിച്ചാല്‍പോലും എത്താത്ത സ്ഥിതിയുണ്ടെന്നും ആശുപത്രികളില്‍ സ്ഥലമില്ലെന്നും പ്രവാസികള്‍ പറയുന്നു.
നാട്ടിലേക്ക് മടങ്ങുകയല്ലാതെ മറ്റ് രക്ഷാ മാര്‍ഗങ്ങള്‍ ഇല്ല. ഗള്‍ഫിലെ ഇന്ത്യന്‍ എംബസികള്‍ വഴി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട് ഒട്ടുമിക്ക പ്രവാസികളും. യു എ ഇ എംബസിയില്‍ മാത്രം പേര് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം രണ്ട് ലക്ഷത്തിനടുത്താണ് . കേന്ദ്ര സര്‍ക്കാര്‍ വിമാന സര്‍വീസ് പ്രഖ്യാപിക്കാന്‍ വൈകിയാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു.






