ദുബായ്- യു.എ.ഇയിലെ സാമൂഹിക-സാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന കോഴിക്കോട് സ്വദേശിനി ദീപ നായര്‍ (47) നിര്യാതയായി. ഞായറാഴ്ച ഉച്ചയോടെ ഹൃദയാഘാതംമൂലമായിരുന്നു മരണം. ദുബായില്‍ ഇവന്റ്് മാനേജ്‌മെന്റ്് രംഗത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു.
കോഴിക്കോട് സാമൂതിരിസ് ഗുരുവായൂരപ്പന്‍ കോളേജ് അലുംനി മെമ്പറും, അക്കാഫ് ഉള്‍പ്പെടെ നിരവധി വേദികളില്‍ സജീവ സാന്നിധ്യവുമായിരുന്നു. ദേര ദുബായിലായിരുന്നു താമസം. ഭര്‍ത്താവ് സൂരജ്. മക്കള്‍ നര്‍ത്തകിമാരായ തൃനിത (എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി), ശ്രേഷ്ഠ (ഡി.പി.എസ് പ്ലസ് വണ്‍). ദാമോദര്‍ നായരുടെയും പദ്മാവതിയുടെയും മകളാണ്. സംസ്‌കാരം ദുബായില്‍ നടത്തും.
കോവിഡ് മൂലം ആശുപത്രികളില്‍ സ്ഥലമില്ലാത്തത് കാരണം ദീപയെ ചില ആശുപത്രികളില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കാത്തത് യഥാസമയം ചികിത്സ കിട്ടാതിരിക്കാന്‍ കാരണമായെന്ന് കുടുംബം പറഞ്ഞു. കോവിഡ് കാലമല്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ദീപയെ തിരിച്ചുകിട്ടിയേനെ- ഭര്‍ത്താവ് സൂരജ് മസൂദ് പറഞ്ഞു.

യു.എ.ഇയിലെ ഇന്ത്യന്‍ സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു ദീപ. മികച്ച നര്‍ത്തകിയായിരുന്നു.
ഉദരസംബന്ധമായ രോഗത്താല്‍ വിഷമിച്ചിരുന്ന ദീപ 2011 ല്‍ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. ഞായറാഴ്ച രാവിലെ അസ്വസ്ഥത തോന്നിയതിനെത്തുടര്‍ന്ന് ദുബായ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അഡ്മിറ്റ് ചെയ്യാന്‍ അവര്‍ വിമുഖത കാട്ടി. ആശുപത്രിയില്‍ 140 കൊറോണ രോഗികള്‍ ഉണ്ടെന്നും അതിനാല്‍ കിടത്തുന്നത് പകര്‍ച്ച ഭീഷണിയാണെന്നും അവര്‍ പറഞ്ഞു. പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് പോയെങ്കിലും അവിടെ ഒരു ബെഡ് പോലും ഒഴിവില്ലായിരുന്നു.
പിന്നീട് ഒരു ക്ലിനിക്കില്‍ പോയി അഡ്മിറ്റായെങ്കിലും വേദനസംഹാരികള്‍ മാത്രം കഴിച്ചാണ് കിടന്നത്. വിദഗ്ധ ചികിത്സക്കുള്ള സൗകര്യം അവിടെ ഉണ്ടായിരുന്നില്ല. രാവിലെ 11 മണിയോടെ ഡിസ്ചാര്‍ജാവുകയും ചെയ്തു. വീട്ടില്‍ മടങ്ങിയെത്തിയ ദീപക്ക് ശരീരം തളരുകയും മരണം സംഭവിക്കുകയുമായിരുന്നു.
പോലീസിനേയും ആംബുലന്‍സിനേയും വിളിച്ചെങ്കിലും അവരെത്തുമ്പോഴേക്കും ദീപ അത്യാസന്ന നിലയിലായിരുന്നു. വൈകാതെ മരണം സംഭവിക്കുകയും ചെയ്തു.






