യുഎസിൽ കോവിഡ് മരണം ഒരുലക്ഷം കടക്കുമെന്ന് ട്രംപ്

ന്യൂയോര്‍ക്ക്- യുഎസില്‍ ഒരു ലക്ഷം പേര്‍ കൊറോണ വൈറസ് മൂലം മരണപ്പെട്ടേക്കുമെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഫോക്സ് ന്യൂസിന് നല്‍കിയ രണ്ട് മണിക്കൂര്‍ അഭിമുഖത്തിലാണ് കോവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായ അമേരിക്കയില്‍ ഇനിയും പതിനായിരങ്ങള്‍ മരിക്കാനിടയുണ്ട് എന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. 

'എണ്‍പതിനായിരം മുതൽ ഒരു ലക്ഷം വരെ ആളുകളെ നമുക്ക് നഷ്ടപ്പെടും. അതൊരു ഭയാനകമായ കാര്യമാണ്' ട്രംപ് പറഞ്ഞു. പ്രതിസന്ധിക്ക് ഇടയിലും പല സ്റ്റേറ്റുകളും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനേയും ട്രംപ് അഭിമുഖത്തില്‍ പിന്തുണച്ചു. 'ഒരു രാജ്യമെന്ന നിലയിൽ നമുക്ക് അടച്ചിടാൻ കഴിയില്ല. അങ്ങനെയെങ്കില്‍ നമുക്ക് ഒരു രാജ്യം അവശേഷിക്കുകയില്ല.' ട്രംപ് പറഞ്ഞു.

അഭിമുഖത്തില്‍ ഉടനീളം കോവിഡ് പ്രതിസന്ധിയില്‍ ചൈനയെ കുറ്റപ്പെടുത്തിയ ട്രംപ് ഈ വര്‍ഷം അവസാനത്തോടെ രോഗത്തിന് വാക്സിന്‍ ലഭ്യമാവുമെന്ന് അവകാശപ്പെട്ടു. പ്രതിസന്ധിയിലായ അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ദ്രുതഗതിയില്‍ വീണ്ടെടുക്കുമെന്നും ട്രംപ് പറഞ്ഞു.

ഇതുവരെ 1.1 ദശലക്ഷത്തിലധികം ആളുകള്‍ക്കാണ് അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 67,000 ത്തിലധികം പേർ മരണപ്പെടുകയും ചെയ്തു. 
 

Latest News