കോവിഡ് വ്യവസ്ഥകൾ ലംഘിച്ചു; റിയാദിലും ഖർജിലുമായി  62 കടകൾ അടച്ചു

കോവിഡ് വ്യവസ്ഥകൾ ലംഘിച്ചതിന് റിയാദ് നഗരസഭാ ഉദ്യോഗസ്ഥൻ സ്ഥാപനം അടപ്പിക്കുന്നു.

റിയാദ്- കോവിഡ് വ്യവസ്ഥകൾ ലംഘിച്ചതിന് കഴിഞ്ഞ മൂന്നു ദിവസത്തിനിടെ റിയാദിലും അൽഖർജിലുമായി 62 വ്യാപാര സ്ഥാപനങ്ങൾ നഗരസഭകൾ അടച്ചൂപൂട്ടി. റിയാദിൽ സുലൈ, ശിഫാ, അൽഹായിർ, ഉലയ്യ, ബത്ഹ എന്നിവിടങ്ങളിലും   അൽഖർജിലെ സീഹിലും സമീപ പ്രദേശങ്ങളിലുമുള്ള കടകളാണ് അടച്ചത്.
കോവിഡ് വ്യാപന നിയന്ത്രണത്തിന് ആരോഗ്യ മന്ത്രാലയം നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് കാരണം. എല്ലാ ദിവസവും പരിശോധന നടക്കുന്നുണ്ടെന്നും നിയമം ലംഘിക്കുന്ന സ്ഥാപന ഉടമകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നഗരസഭ വ്യക്തമാക്കി. 


കർഫ്യൂ ഇളവ് പ്രഖ്യാപിച്ചപ്പോൾ സ്ഥാപനങ്ങൾ തുറക്കുന്നതിന് നഗരസഭകൾ പ്രത്യേക വ്യവസ്ഥകൾ മുന്നോട്ട് വെച്ചിരുന്നു. കരുതൽ നടപടികൾ സ്വീകരിച്ചിട്ടില്ലെങ്കിൽ സ്ഥാപനം പൂട്ടാൻ അതത് ബലദിയകൾക്ക് അധികാരം നൽകുന്നതായിരുന്നു ഇളവ് വ്യവസ്ഥകൾ.
വ്യാപാര സ്ഥാപനങ്ങളിൽ പണമിടപാട് പരമാവധി ഇ പെയ്‌മെന്റ് വഴിയാക്കുക. വസ്ത്രങ്ങളുടെ അളവ് നോക്കുന്ന സ്ഥലങ്ങളും നമസ്‌കാര ഹാളുകളും അടച്ചിടുക. ഇരിപ്പിടങ്ങൾ നീക്കം ചെയ്യുക. ഇലക്ട്രോണിക് വാതിലുകൾ സ്ഥാപിക്കുകയോ അല്ലെങ്കിൽ വാതിലുകൾ തുറന്നിടുകയോ ചെയ്യുക. വിറ്റ സാധനങ്ങൾ തിരിച്ചെടുക്കാതിരിക്കുക, 10 ചതുരക്ര മീറ്ററിൽ ഒരു കസ്റ്റമർ മാത്രം. കാഷ് കൗണ്ടറുകൾക്ക് സമീപം ആളുകൾക്ക് നിൽക്കാൻ പ്രത്യേക സ്റ്റിക്കറുകൾ പതിക്കുക. വാഹനങ്ങളിൽ ചരക്കുകൾ പൊതിഞ്ഞു കൊണ്ടുപോവുക. ജീവനക്കാർ  കൈ വൃത്തിയാക്കുക. ഗ്ലൗസ്, മാസ്‌ക് ധരിക്കുക. നേരിയ രോഗ ലക്ഷണങ്ങൾ കണ്ടാൽ പോലും ജീവനക്കാരനോട് മാറിനിൽക്കാൻ ആവശ്യപ്പെടുക. ഈ സമയം അവർക്ക് മെഡിക്കൽ ലീവ് നൽകുക. രോഗ ലക്ഷണം കണ്ടാൽ ആരോഗ്യ വകുപ്പിനെ അറിയിക്കുക എന്നിവ എല്ലാ സ്ഥാപനങ്ങളും പാലിക്കണം.


മാളുകളിൽ നമസ്‌കാര ഹാളിന് പുറമെ വിനോദ കേന്ദ്രങ്ങൾ അടക്കൽ. നടപ്പാതകളിലെ ഇരിപ്പിടങ്ങൾ നീക്കൽ. എൻട്രൻസിൽ ശരീര താപനില പരിശോധിക്കുന്ന മെഡിക്കൽ യൂനിറ്റ് ഉണ്ടായിരിക്കൽ. താപനില 38 ഡിഗ്രിയിൽ അധികമുള്ളവർക്ക് പ്രവേശന നിരോധനം. എൻട്രൻസിൽ മാസ്‌ക്, ഗ്ലൗസ് എന്നിവ നൽകൽ. ഓരോ 24 മണിക്കൂറും അണുവിമുക്തമാക്കൽ. രോഗ സംശയമുള്ളവരെ ഐസൊലേഷൻ റൂമിലേക്ക് മാറ്റൽ. 15 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശന നിരോധനം. എൻട്രൻസിൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കൽ. കാർ പാർക്കിംഗ് സേവനം ഇല്ലാതിരിക്കൽ. ലിഫ്റ്റ് ഒഴിവാക്കി കോണി ഉപയോഗിക്കൽ. കോണിയില്ലെങ്കിൽ ലിഫ്റ്റിൽ രണ്ടുപേർക്ക് മാത്രം അനുമതി നൽകൽ എന്നിവയാണ് നഗരസഭകൾ മുന്നോട്ട് വെച്ച നിബന്ധനകൾ.

 

Latest News