Sorry, you need to enable JavaScript to visit this website.

നിയമയുദ്ധം തോറ്റ വനിതാ ടീമിന് പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ പിന്തുണ

വാഷിംഗ്ടണ്‍ - തുല്യവേതനത്തിനായുള്ള നിയമയുദ്ധത്തില്‍ പരാജയപ്പെട്ട അമേരിക്കന്‍ വനിതാ ഫുട്‌ബോള്‍ ടീമിന് ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്റെ പിന്തുണ. പുരുഷ ടീമിന് തുല്യമായ പ്രതിഫലം ആവശ്യപ്പെട്ട് അമേരിക്കന്‍ സോക്കര്‍ ഫെഡറേഷനെതിരെയാണ് ലോക ചാമ്പ്യന്മാരായ വനിതാ ടീം നിയമയുദ്ധം നടത്തിയത്. പോരാട്ടം അവസാനിച്ചിട്ടില്ലെന്നും പിന്മാറരുതെന്നും ബൈഡന്‍ ട്വീറ്റ് ചെയ്തു. തുല്യ വേതനം നല്‍കിയില്ലെങ്കില്‍ താന്‍ പ്രസിഡന്റായാല്‍ അമേരിക്കന്‍ സോക്കര്‍ ഫെഡറേഷന് ഫണ്ട് നല്‍കില്ലെന്ന് ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. 
ലോക ചാമ്പ്യന്മാരായ വനിതാ ടീം തങ്ങളുടെ സോക്കര്‍ ഫെഡറേഷനുമായി പരസ്യവും രൂക്ഷവുമായ പോരാട്ടത്തിലാണ്. ഫെഡറേഷനോട് 6.6 കോടി ഡോളറിന്റെ നഷ്ടപരിഹാരം തേടിയിരിക്കുകയാണ് അവര്‍. എന്നാല്‍ തങ്ങളുടെ പ്രതിഫലം കുറവാണെന്ന വനിതാ ടീമിന്റെ വാദം കാലിഫോര്‍ണിയ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റിലെ ജഡ്ജി ആര്‍. ഗാരി ക്ലോസ്‌നര്‍ തള്ളി. മൊത്തം പ്രതിഫലമെടുത്താലും കളിച്ച മത്സരങ്ങളുടെ എണ്ണത്തിനനുസരിച്ചായാലും വനിതാ ടീമിനാണ് കൂടുതല്‍ പ്രതിഫലം കിട്ടിയിരിക്കുന്നതെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. വിധിക്കെതിരെ അപ്പീല്‍ പോവുമെന്ന് വനിതാ ടീം പ്രഖ്യാപിച്ചു. മെഡിക്കല്‍, ട്രാവല്‍, ട്രയ്‌നിംഗ്, താമസ സൗകര്യങ്ങളില്‍ വിവേചനമുണ്ടെന്ന മറ്റു പരാതികള്‍ സംബന്ധിച്ച കേസില്‍ ജൂണ്‍ 16 ന് വിചാരണ തുടങ്ങും. ഫുട്‌ബോളിന്റെ വളര്‍ച്ചക്കായി ഒരുമിച്ചു നീങ്ങാമെന്ന് സോക്കര്‍ ഫെഡറേഷന്‍ അനുനയ പ്രസ്താവന ഇറക്കി.
ടെന്നിസില്‍ തുല്യ വേതനത്തിനായി ഐതിഹാസിക പോരാട്ടം നടത്തിയ ബില്ലി ജീന്‍ കിംഗും വനിതാ ടീമിന് പിന്തുണയര്‍പ്പിച്ചു. ഇത് തിരിച്ചടിയാണ്, പോരാട്ടത്തിന്റെ അന്ത്യമല്ല. ഇത് 100 മീറ്റര്‍ ഓട്ടമല്ല, മാരത്തണാണ്. ഒരു വിധി ഈ പോരാട്ടത്തെ തളര്‍ത്തില്ല -അവര്‍ ട്വീറ്റ് ചെയ്തു. 
കേസിനിടയില്‍, പുരുഷന്മാരെ അപേക്ഷിച്ച് വനിതകള്‍ക്ക് ഫുട്‌ബോള്‍ മികവ് കുറവാണെന്ന രീതിയില്‍ പരാമര്‍ശം നടത്തിയ യു.എസ് സോക്കര്‍ പ്രസിഡന്റ് കാര്‍ലോസ് കോര്‍ദേരോക്ക് കഴിഞ്ഞ മാസം രാജി വെക്കേണ്ടി വന്നിരുന്നു. അമേരിക്കന്‍ സോക്കര്‍ ലോഗൊ മറച്ചുവെക്കുന്ന രീതിയില്‍ ജഴ്‌സി തിരിച്ചിട്ടാണ് ഇതിനെതിരെ വനിതാ ടീം ട്രയ്‌നിംഗിനിടെ പ്രതിഷേധിച്ചത്. 
ഏറ്റവും മികച്ച വനിതാ ഫുട്‌ബോള്‍ ടീമാണ് അമേരിക്കയുടേത്. കഴിഞ്ഞ രണ്ടു തവണയുള്‍പ്പെടെ നാലു തവണ അവര്‍ ലോക ചാമ്പ്യന്മാരായി. പുരുഷ ടീം കഴിഞ്ഞ ലോകകപ്പിന് യോഗ്യത നേടിയതു പോലുമില്ല. 

 

Latest News