തിരുവനന്തപുരം- കേരളത്തില്‍ രണ്ടാം ദിവസവും ആശ്വാസം. സംസ്ഥാനത്ത് ഞായറാഴ്ച ആർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിക്ക് രോഗം ഭേദമാകുകയും ചെയ്തു. 401 പേരാണ് ഇതുവരെ കോവിഡിൽനിന്നു മുക്തി നേടിയത്. 95 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,720 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 21,332 പേർ വീടുകളിലും 388 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 63 പേരെയാണ് ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇതുവരെ 32,217 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 31,611 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.
ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സന്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽനിന്ന് 2391 സാന്പിളുകൾ ശേഖരിച്ചതിൽ ലഭ്യമായ 1683 സാന്പിളുകൾ നെഗറ്റീവ് ആയി.
സംസ്ഥാനത്ത് ഇന്ന് നാല് പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി ഉൾപ്പെടുത്തി. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയൽ പഞ്ചായത്ത്, മഞ്ഞള്ളൂർ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ ശാന്തൻപാറ പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ഇതോടെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 84 ആയി.






