Sorry, you need to enable JavaScript to visit this website.

മതവിദ്വേഷ പ്രചാരണം; യു.എ.ഇയില്‍ മൂന്ന് ഇന്ത്യക്കാര്‍ക്ക് കൂടി ജോലി പോയി

ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂർ

ദുബായ്- സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം നടത്തിയ മൂന്ന് ഇന്ത്യന്‍ പ്രവാസികള്‍ക്കെതിരെ യു.എ.ഇയില്‍ നടപടി. കമ്പനികള്‍ ഒരാളെ ജോലിയില്‍നിന്ന് പുറത്താക്കുകയും രണ്ടുപേരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ആറു പേര്‍ക്കെതിരെ നേരത്തെ സമാന നടപടികളുണ്ടായിട്ടും ഇന്ത്യന്‍ എംബസി ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടും സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ പോസ്റ്റുകള്‍ പ്രചരിപ്പിച്ച് ഇന്ത്യക്കാര്‍ കുഴപ്പത്തില്‍ ചാടുകയാണ്.

ഇറ്റാലിയന്‍ ഷെഫായി ജോലി ചെയ്യുന്ന റാവത്ത് രോഹിത്, സ്റ്റോര്‍ കീപ്പര്‍ സച്ചിന്‍ കിന്നിഗോലി എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. വിഷാല്‍ താക്കൂര്‍ എന്ന പേരില്‍ ഫേസ് ബുക്കില്‍ നിരവധി വിദ്വേഷ പോസ്റ്റുകള്‍ നല്‍കിയ ഇന്ത്യക്കാരനെ ദുബായ് ആസ്ഥാനമായ ട്രാന്‍സ്ഗാര്‍ഡ് ഗ്രൂപ്പ് പിരിച്ചുവിടുകയും പോലീസില്‍ ഏല്‍പിക്കുകയും ചെയ്തതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.  

ദുബായിലെ ഇറ്റാലിയന്‍ റസ്റ്റോറന്റ് ശൃംഖലയായ ഈറ്റാലിയിലാണ് റാവത്ത് രോഹിത് ജോലി ചെയ്തിരുന്നത്. രോഹിത് രാവതിനെ സസ്പെന്റ് ചെയ്ത കാര്യം റസ്റ്റോറന്റ് നടത്തിപ്പുകാരായ അസാദിയ ഗ്രൂപ്പ് സ്ഥിരീകരിച്ചു. ഇയാള്‍ക്കെതിരെ അന്വേഷണം നടന്നുവരുന്നതായും കമ്പനി അറിയിച്ചു.

സ്റ്റോര്‍ കീപ്പര്‍ സച്ചിന്‍ കിന്നിഗോലിയെ മറ്റൊരു അറിയിപ്പ് വരെ സസ്പെന്റ് ചെയ്തതായി ഷാര്‍ജയിലെ ന്യൂമിക്സ് ഓട്ടോമേഷന്‍ കമ്പനി അറിയിച്ചു.
മതവിദ്വേഷ പ്രചാരണം നടത്തിയതിന് ചുരുങ്ങിയത് ആറു പേരെയങ്കിലും യു.എ.ഇയിലെ കമ്പനികള്‍ നേരത്തെ പിരിച്ചുവിട്ടിരുന്നു.
2015 ല്‍ പാസാക്കിയ നിയമപ്രകാരം യു.എ.ഇയില്‍ മതത്തിന്റെയോ വംശത്തിന്റെയോ പേരില്‍ വിദ്വേഷം പാടില്ല. ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂറും മുന്‍ അംബാസഡര്‍ നവദീപ് സൂരിയും വിദ്വേഷ പ്രചാരണത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ഇന്ത്യക്കാരോട് പലതവണ ആവശ്യപ്പെട്ടിരുന്നു.

 

Latest News