ദുബായ്- വയനാട്ടുകാരനായ പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ ആത്മഹത്യയില്‍ പല വിധത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുവെങ്കിലും കമ്പനിയിലെ പ്രോജക്ട് ഡയറക്ടറുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മകന്‍ ബര്‍ദുബായ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. കനേഡിയന്‍ പൗരത്വമുള്ള ലബനോന്‍ സ്വദേശി റാബി കരാനിബാണ് പ്രോജക്ട് ഡയറക്ടര്‍.
ഹംരിയ ഫ്രീസോണില്‍ ജോയ് എം.ഡിയായിരുന്ന ഇന്നോവ ഗ്രൂപ്പ് സ്ഥാപിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് പ്രോജക്ട് ഡയറക്ടറുടെ കുറ്റപ്പെടുത്തലില്‍ മനംനൊന്താണ് ജോയ് ആത്മഹത്യ ചെയ്തതെന്നാണ് പരാതി. വരും ദിവസങ്ങളില്‍ ഇതിന്റെ അന്വേഷണം നടക്കും.
220 ദശലക്ഷം ദിര്‍ഹം ചെലവില്‍ നിര്‍മിക്കുന്ന പദ്ധതി ആറു വര്‍ഷം മുമ്പാണ് ആരംഭിച്ചത്. ഇതിന്റെ പ്രോജക്ട് ഡയറക്ടറെ ജോയി തന്നെയാണ് നിയമിച്ചത്. ഏറെ പ്രത്യേകതകളുള്ള റിഫൈനറിയാണ് കമ്പനി സ്ഥാപിക്കാനുദ്ദേശിച്ചത്. ജോയിയുടെ സ്വപ്നപദ്ധതിയുമായിരുന്നു ഇത്.
യു.എ.ഇയില്‍ത്തന്നെ ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആദ്യ പദ്ധതി ഇതാണെന്നും അറിയുന്നു. ബ്ലൂ റെവലൂഷന്‍ എന്നറിയപ്പെടുന്ന രീതിയില്‍ പെട്രോളിയത്തിന്റെ ഉപഉല്‍പ്പന്നമായി ജലം തന്നെ ഉത്പാദിപ്പിക്കുന്ന രീതിയാണിത്.
ഈ പദ്ധതിക്കാണ് ജോയിക്ക് 2018 ഏറ്റവും നല്ല സംരംഭകനുള്ള യു.എ.ഇ അവാര്‍ഡും കിട്ടിയത്.
ചൈനയില്‍നിന്നും ഇറ്റലിയില്‍നിന്നും ഇതിനുള്ള യന്ത്ര സാമഗ്രികളെല്ലാം എത്തിയിരുന്നെങ്കിലും ഒന്നാംഘട്ട ഉദ്ഘാടനം മാര്‍ച്ചില്‍ നടന്നില്ല. ഇതു ജോയിയെ വിഷമിപ്പിച്ചു. ജോയിയെ കുറ്റപ്പെടുത്തുന്ന രീതിയില്‍ പ്രോജക്ട് ഡയറക്ടര്‍ കയര്‍ത്ത് സംസാരിച്ചത് അഭിമാനിയായ ജോയിയെ തളര്‍ത്തിയെന്നും പറയുന്നു.






