ചാവക്കാട് സ്വദേശി റാസല്‍ഖൈമയില്‍ മരിച്ചു, യു.എ.ഇയില്‍ മരിച്ച മലയാളികള്‍ നാല്‌

മുഹമ്മദ് ഹനീഫ്, മുസ്തഫ പറമ്പില്‍

റാസല്‍ഖൈമ- ചാവക്കാട് സ്വദേശി റാസല്‍ഖൈമയില്‍ കോവിഡ് ബാധിച്ച് മരിച്ചു.  എടക്കഴിയൂര്‍ നാലാംകല്ല് കറുപ്പംവീട്ടില്‍ പള്ളത്ത് വീട്ടില്‍ ഹസന്‍-നബീസ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹനീഫ്(63) ആണ് മരിച്ചത്. ഇതോടെ ശനിയാഴ്ച കോവിഡ് മൂലം യു.എ.ഇയില്‍ മരിച്ചവരുടെ എണ്ണം നാലായി.

22 വര്‍ഷമായി യു.എ.ഇയിലുള്ള മുഹമ്മദ് ഹനീഫ് റാസല്‍ഖൈമ അറേബ്യന്‍ ഇന്റര്‍നാഷണല്‍ കമ്പനിയില്‍ (എ.ആര്‍.സി) സൂപ്പര്‍വൈസറായി ജോലിചെയ്തുവരികയായിരുന്നു. റാക്‌സഖര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭാര്യ: റഫീഖ. മക്കള്‍: ഹാഷില്‍, അസ്ബിന. ഹനീഫിന്റെ കുടുംബവും റാസല്‍ഖൈമയിലുണ്ട്. വര്‍ഷങ്ങളായി കോയമ്പത്തൂരാണ് ഇവരുടെ സ്ഥിരതാമസം.

രണ്ട് മലപ്പുറം സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയുമടക്കം ഇതോടെ യു.എ.ഇയില്‍ മരിച്ചവരുടെ എണ്ണം നാലായി.  

മലപ്പുറം മൂര്‍ക്കനാട് പൊട്ടിക്കുഴി പറമ്പില്‍ സ്വദേശി മുസ്തഫ പറമ്പില്‍ (49) അബുദാബിയിലും കണ്ണൂര്‍ കേളകം സ്വദേശി തങ്കച്ചന്‍(58) ഷാര്‍ജയിലും മലപ്പുറം എടപ്പാള്‍ സ്വദേശി തെക്കും മുറി താഹിര്‍ ദുബായിലുമാണ് മരിച്ചത്.

കോവിഡ് ബാധിച്ചു അബുദാബി മഫ്‌റഖ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മുസ്തഫ. സി.പി.എം അനുകൂല പ്രവാസി സംഘടനയായ ശക്തി തീയറ്റഴ്‌സിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.

പറമ്പില്‍ മൊയ്തീന്റെ മകനാണ് മുസ്തഫ. ഉമ്മു ഖുല്‍സു ആണ് മാതാവ്. ഭാര്യ ആരിഫ ചെമ്മല മക്കള്‍: ആശിഫ, അന്‍സാഫ്, മരുമകന്‍: സക്കീര്‍ പൈങ്കണ്ണൂര്‍.

കണ്ണൂര്‍ കേളകം സ്വദേശി തങ്കച്ചന്റെ ഭാര്യ കോവിഡ് ബാധിച്ചു ഷാര്‍ജയില്‍ ചികിത്സയിലാണ്.

 

Latest News